കോഴിക്കോട്: എ ആര് നഗര്‍ സഹകരണ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബാങ്കിലെ അങ്കണവാടി ടീച്ചറുടെ അക്കൗണ്ട് വഴി ഉടമ അറിയാതെ 80 ലക്ഷം രൂപയുടെ ഇടപാട് നടന്നു. ബാങ്ക് മുന്‍സെക്രട്ടറി കള്ളപ്പണം വെളുപ്പിക്കാനാണ് പണം നിക്ഷേപിച്ചതെന്ന് കാണിച്ച് വേങ്ങര കണ്ണമംഗലം സ്വദേശി ദേവി പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്കി.
മലപ്പുറം വേങ്ങരയിലെ എ ആര് നഗര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്ന് വ്യക്തമാക്കുന്നതാണ് അങ്കണവാടി ടീച്ചറുടെ പരാതി. അങ്കണവാടിക്ക് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അധ്യാപികയായിരുന്ന കണ്ണമംഗലം സ്വദേശി ദേവിയുടെ പേരില്‍ എ ആര് നഗര്‍ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയത്. എന്നാല്‍ അക്കൗണ്ട് വഴി ഉടമ അറിയാതെ നടന്നത് എണ്‍പത് ലക്ഷത്തിന്റെ പണമിടപാട്. ആദായനികുതി വകുപ്പ് നോട്ടീസ് ലഭിച്ചപ്പോഴാണ് ദേവി ഇക്കാര്യം അറിയുന്നത്.
അന്വേഷിച്ചപ്പോള്‍ ബാങ്ക് മുന്‍സെക്രട്ടറി വി ക ഹരികുമാറാണ് പണം നിക്ഷേപിച്ചതെന്ന് വ്യക്തമായി. കള്ളപ്പണം വെളുപ്പിക്കലാണ് നടന്നതെന്നും ഹരികുമാറിനെതിരെ കേസെടുക്കണമെന്നും കാണിച്ച് ദേവി തിരൂരങ്ങാടി പൊലീസില്‍ പരാതി നല്കി. പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും ദേവി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
കള്ളപ്പണ നിക്ഷേപമാണെന്ന് കണ്ടെത്തിയതിനാല്‍ എ ആര് നഗര്‍ ബാങ്കിലെ നൂറിലധികം അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിട്ടുണ്ട്. ഇതില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ നാല് കോടിയോളം രൂപയുമുണ്ട്. ബാങ്ക് സെക്രട്ടറിയായിരുന്ന ഹരികുമാര്‍ കോടികളുടെ ക്രമക്കേട് നടത്തിയെന്ന് നേരത്തെ സഹകരണ രജിസ്ട്രാറുടെ ഉള്‍പ്പെടെ നിരവധി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് മറികടന്ന് അന്നത്തെ സഹകരണമന്ത്രി കടകം പള്ളി സുരേന്ദ്രന് ഹരികുമാറിന് വിരമിച്ചിട്ടും ബാങ്കില്‍ പുനര്‍നിയമനം നല്കിയ വാര്‍ത്ത ന്യൂസ് 18 നേരത്തെ പുറത്തുവിട്ടിരുന്നു.
Also Read-
MSF സംസ്ഥാന ഭാരവാഹികൾ ലൈംഗികമായി അധിക്ഷേപിച്ചുവെന്ന് വനിതാ വിഭാഗം നേതാക്കൾ; വനിതാ കമ്മീഷന് പരാതി നൽകിമുസ്ലിം ലീഗിലെ ഉന്നത നേതാക്കളുടെയും മലപ്പുറം ജില്ലയിലെ ചില സി പി എം നേതാക്കളുടെയും ആവശ്യപ്രകാരമാണ് നിയമനം നല്‍കിയതെന്നാണ് ഉയര്‍ന്ന ആരോപണം. സി പി എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിന്റെ അടുത്ത ബന്ധുവാണ് ഹരികുമാര്‍. യു ഡി എഫ് ഭരണ സമിതിയില്‍ നടക്കുന്ന എ ആര് നഗര്‍ ബാങ്കിന് സി പി എം ജില്ലാ നേതാക്കളില്‍ നിന്ന് എങ്ങിനെ പിന്തുണ ലഭിക്കുന്നുവെന്നത് പാര്‍ട്ടിക്കുള്ളില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്. സി പി എമ്മിലെ ഒരു വിഭാഗവും യൂത്ത് ലീഗ് ഉള്‍പ്പെടെ മുസ്ലിം ലീഗിലെ ഒരു വിഭാഗവും ബാങ്ക് കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പിനതിരെ രംഗത്തുണ്ട്.
ഉടമസ്ഥര്‍ അറിയാതെ അക്കൗണ്ടുകള്‍ വഴി പണമിടപാട് നടത്തിയതിന്റെ കൂടുതല്‍ പരാതികള്‍ പുറത്തുവരുമെന്നാണ് സൂചന. കോഴിക്കോട് ചാത്തമംഗലത്ത ശിവദാസന്‍ എന്നയാളുടെ വീടും സ്വത്തും പണയപ്പെടുത്തി ഒരു കോടിയോളം രൂപ വായ്പയെടുത്ത സംഭവത്തില്‍ ബാങ്ക് മുന്‍ സെക്രട്ടറി ഹരികുമാറിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഇത്തരത്തില്‍ നിരവധി തട്ടിപ്പുസംഭവങ്ങളിലും ഹരികുമാര്‍ ആരോപണ വിധേയനാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.