കൊച്ചി: മോഡലുകളുടെ മരണത്തിൽ കലാശിച്ച അപകടം നടന്ന കാറിനെ പിന്തുടർന്ന ഔഡി കാർ ഡ്രൈവർ സൈജു തങ്കച്ചനെ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇന്നലെ പോലീസ് നോട്ടീസ് നൽകിയിരുന്നു. ആദ്യ തവണത്തെ ചോദ്യം ചെയ്യലിന് ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
കേസിൽ സൈജു തങ്കച്ചന്റെ സാന്നിധ്യം സംബന്ധിച്ച് പോലീസിന് പല സംശയങ്ങളും നിലനിൽക്കുന്നുണ്ട്. മോഡലുകളുമായി സൈജു എന്താണ് സംസാരിച്ചതെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ഇയാൾ പറഞ്ഞ മൊഴിയും മോഡലുകളുടെ ഡ്രൈവറും കേസിലെ പ്രതിയുമായ അബ്ദുറഹ്മാൻ നൽകിയ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ട്. എന്നാൽ ഇതിന്റെ വിശദീകരണത്തിന് പോലീസ് ഇയാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. നിലവിൽ ഇയാൾ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടാനും സൈജു ശ്രമിച്ചിരുന്നു. കോടതി നിർദ്ദേശപ്രകാരമാണ് നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. ഇയാളുടെ പശ്ചാത്തലം അന്വേഷിച്ച പോലീസ് ഫോൺ രേഖകളും പരിശോധിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു വീണ്ടും വിളിപ്പിച്ചത്.
കേസിൽ സൈജുവിനെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതിലും ദുരൂഹത തുടരുകയാണ്. മോഡലുകളുടെ വാഹനത്തെ പിന്തുടർന്ന കാക്കനാട് സ്വദേശി സൈജുവിനെ ഒരു തവണ ചോദ്യം ചെയ്തശേഷം വിട്ടയച്ചപ്പോൾ തന്നെ വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും സൈജു എത്തിയില്ല. സൈജുവിന്റെ ഫോണും സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാണ്. നമ്പർ 18 ഹോട്ടലുടമ റോയിയും ജീവനക്കാരും കേസിൽ പ്രതികൾ ആകുമ്പോഴും സംഭവത്തിൽ അതിനേക്കാൾ കൂടുതൽ ഉൾപ്പെട്ടിട്ടുള്ള സൈജു പ്രതിയല്ല എന്നതാണ് ശ്രദ്ധേയം.
റോയി അടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതിയിൽ ഇക്കാര്യം പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. കേസിലെ ഈ പഴുതു തന്നെയായിരുന്നു പ്രതികൾക്കെല്ലാം ജാമ്യം കിട്ടുന്നതിൻ്റെ പ്രധാന കാരണവും. മോഡലുകൾ കൊല്ലപ്പെട്ടതിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറയുമ്പോഴും ഇതിലേക്ക് നയിച്ച കാരണങ്ങൾ തുടങ്ങുന്നത് ഹോട്ടലിൽ നിന്നാണെന്ന് അടിവരയിടുന്നുണ്ട്. എന്നാൽ അവിടെയും പിന്നീട് കാറിന് പിറകിലും ഒരുപോലെ സഞ്ചരിച്ച ഒരാളെ എന്തുകൊണ്ട് പോലീസ് ഒഴിവാക്കുന്നു എന്നതാണ് ഉത്തരമില്ലാത്ത ചോദ്യം.
മോഡലുകൾക്ക് ലഹരിമരുന്നുകൾ വാഗ്ദാനം ചെയ്തു തൻ്റെ വീട്ടിലേക്ക് സൈജു ക്ഷണിച്ചതായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ട റഹ്മാൻ തന്നെ മൊഴി നൽകിയിട്ടുണ്ട്. എന്നിട്ടും ഇയാളെ ഒഴിവാക്കുന്നത് ഹോട്ടലുടമ റോയിക്കെതിരെ മൊഴിനൽകി നൽകി മാപ്പുസാക്ഷി ആക്കാൻ വേണ്ടിയാണെന്നാണ് പ്രതിഭാഗം ഉന്നയിക്കുന്ന ആരോപണം.
അതേസമയം, ഹോട്ടൽ ജീവനക്കാർ കായലിൽ ഉപേക്ഷിച്ച സിസിടിവിയുടെ ഹാർഡ് ഡിസ്കിനായുള്ള പരിശ്രമം പോലീസ് ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്താനുള്ള നീക്കവും പൊലീസിനുണ്ട്. കേസിലെ ദുരൂഹത നീക്കാൻ സി.സി.ടി.വി. ദൃശ്യങ്ങൾ അനിവാര്യമാണ് എന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
Summary: Saiju Thankachan to be interrogated in the Palarivattom accident death caseഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.