മൂന്നു വർഷങ്ങൾക്കിപ്പുറം യുവ സംവിധായക നയന സൂര്യന്റെ (Nayana Sooryan) പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിരൽ ചൂണ്ടുന്നത് കൊലപാത സാധ്യതയിലേക്ക് എന്ന് വാർത്ത പുറത്തുവന്നു കഴിഞ്ഞു. മരണം ആത്മഹത്യ എന്ന നിലയിൽ നിഗമനങ്ങൾ പലതും പ്രചരിച്ചിരുന്നെങ്കിലും, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിലേറ്റ ക്ഷതങ്ങളുടെയും മുറിവുകളുടെയും വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നു.
അസ്വാഭാവികമരണത്തിന് കേസെടുത്ത് മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കേസ് എങ്ങുമെത്തിയില്ല. പോസ്റ്റ്മോര്‍ട്ടം, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല എന്നാണ് ആര്.ഡി. ഓഫീസ് നല്കുന്ന വിവരം. എന്നാല്‍, നയനയുടെ സഹൃത്തുക്കള്‍ക്ക് ഇതിന്റെ കോപ്പി ലഭിച്ചിട്ടുണ്ട്. നയനയുടെ വീട്ടുകാരാകട്ടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുമില്ല.
കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിനുചുറ്റും ഉരഞ്ഞുണ്ടായ ഒട്ടേറെ മുറിവുകളുണ്ട്. 31.5 സെന്റീമീറ്റര്‍വരെ നീളമുള്ള മുറിവുകളുണ്ട്. ഇടത് അടിവയറ്റില്‍ ചവിട്ടേറ്റതുപോലുള്ള ക്ഷതം കണ്ടെത്തി. ഇതിന്റെ ആഘാതത്തില്‍ ആന്തരീകാവയവങ്ങളില്‍ രക്തസ്രാവമുണ്ടായി. ക്ഷതമേറ്റാണ് പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടായത്. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്രയുമായിട്ടും കേരളത്തിലെ സാംസ്കാരിക സംഘടനകൾ ഒന്നുപോലും പ്രതികരിച്ചില്ല. സ്ത്രീപക്ഷ സംഘടന സിനിമയ്ക്കുള്ളിൽ തന്നെയുണ്ടായിട്ടും അവിടെയുമില്ല പ്രതികരണം. ലെനിൻ രാജേന്ദ്രന്റെ സംവിധാന സഹായിയായും, ചുരുങ്ങിയ കാലത്തിനുള്ളിൽ ഒരു ചിത്രം സംവിധാനം ചെയ്യുകയും അനേകം സിനിമകളുടെ ചെറുതും വലുതുമായ ഭാഗമാവുകയും ചെയ്ത നയനയുടെ മരണത്തിൽ ഇതാണോ സാംസ്കാരിക സംഘടനകളുടെ നിലപാട് എന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ ചോദിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലേക്ക്:
‘അസ്വാഭാവികമായി ഒന്നുമില്ല എന്ന് പോലീസ് എഴുതി ഒതുക്കിയ ഒരു ദുരൂഹമരണം മൂന്നു വർഷങ്ങൾക്ക് ശേഷം വീണ്ടും ചർച്ചയാവുന്നു. കേരളത്തിലെ എണ്ണം പറഞ്ഞ സിനിമാസംവിധായകരിൽ ഒരാളായ ലെനിൻ രാജേന്ദ്രന്റെ സഹസംവിധായകയും യുവ ചലച്ചിത്രകാരിയുമായിരുന്ന നയനയുടെ മരണം കൊലപാതമാണെന്ന സംശയം അന്ന് തന്നെ അവരെ അറിയാവുന്ന പലർക്കും ഉണ്ടായിരുന്നെങ്കിലും അന്വേഷണം അട്ടിമറിക്കപ്പെട്ടതിനെതിരെ ആരും പ്രതികരിച്ചില്ല. ഇപ്പോൾ പൂഴ്ത്തിവെയ്ക്കപ്പെട്ട പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വരുമ്പോൾ നയന കഴുത്തു ഞെരിച്ച് കൊല്ലപ്പെട്ടതാണെന്ന സൂചനകളാണുള്ളത്. മരണത്തിൽ നിരവധി ദുരൂഹതകൾ ഉണ്ടായിരുന്നു എങ്കിലും ഇത്രകാലം ആരും ഒന്നും മിണ്ടിയില്ല. ഇപ്പോൾ മൂന്നു വർഷങ്ങൾ കൊണ്ട് കുഴിച്ചു മൂടാൻ കഴിയാവുന്നത്ര തെളിവുകളെല്ലാം കുഴിച്ചു മൂടപ്പെട്ടതിന് ശേഷം പുനരന്വേഷണത്തിന് ശബ്ദമുയരുന്നു. ഇപ്പോഴും നയനയുടെ വീട്ടുകാർക്ക് പരാതിയില്ല എന്നും പത്രവാർത്ത പറയുന്നു. സ്ത്രീകളുടെ സുരക്ഷക്കും സമത്വത്തിനുമായി പ്രവർത്തിക്കുന്ന സിനിമാ സംഘടനകൾക്കും വനിതാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും സ്ത്രീകളായ എഴുത്തുകാർക്കും സംസ്കാര നായകന്മാർക്കും ഇതൊന്നും വാർത്തയെ അല്ലായിരിക്കാം.
അവരൊന്നും ഇതൊന്നും കാണാത്തതല്ല. കണ്ടില്ല എന്ന് നടിക്കുന്നതാണ്. കാരണം ഭയമാണ്. രക്തം കട്ടപിടിപ്പിക്കുന്ന ഭയത്തിലാണ് കേരളം ഇന്ന് ജീവിക്കുന്നത് എന്ന് എനിക്ക് നിസംശയം പറയാൻ കഴിയും. നയന ഒരു കുഞ്ഞു മീൻ മാത്രമാണ്. ഭീതി കൊണ്ട് അടിച്ചമർത്തപ്പെട്ട കേരളത്തിൽ തിമിംഗലങ്ങൾ കൊല്ലപ്പെട്ടാലും ആരും മിണ്ടില്ല. മെഴുകുതിരി കത്തിക്കലും പന്തം കൊളുത്തി പ്രകടനങ്ങളും നടക്കില്ല. മൂന്നോ നാലോ അഞ്ചോ ആറോ വർഷങ്ങൾ കഴിയുമ്പോൾ പേരിനൊരു പ്രതിഷേധം ആരെങ്കിലും ഉയർത്തിയാലായി. ലജ്ജ തോന്നുന്നില്ലേ സുഹൃത്തുക്കളെ നിങ്ങൾക്ക്.’
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.