കണ്ണൂര്‍: മാങ്ങാട്ടുപറമ്പിലെ സായുധ പൊലീസ് നാലാം ബറ്റാലിയന് ആസ്ഥാനത്തെ വളപ്പില്‍നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദനമരം മുറിച്ചുകടത്തി. ഞായറാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. യന്ത്രവാള്‍ കൊണ്ട് ചന്ദനമരം പൂര്‍ണമായി മുറിച്ച് ചില്ലകള്‍പോലും സ്ഥലത്ത് ഉപേക്ഷിക്കാതെ വാഹനത്തില്‍ കടത്തിയതായാണ് കരുതുന്നത്.
പരേഡ് ഗ്രൗണ്ടിനും കെഎപി ആശുപത്രിക്കും ഇടയില്‍ ഒഴക്രോം റോഡിന് സമീപത്തെ കെഎപി കോമ്പൗണ്ടിലെ ചന്ദനമരമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. മരത്തിന്റെ കുറ്റി മാത്രമേ ഇവിടെ അവശേഷിച്ചിട്ടുള്ളൂ. 24 മണിക്കൂറും പാറാവും നിരീക്ഷണവുമുള്ള ഇവിടെ റൂറല്‍ പൊലീസ് മേധാവിയുടെ ആസ്ഥാനമുള്‍പ്പെടെ പൊലീസിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നേരത്തേയും പലതവണ കെഎപി ആസ്ഥാനത്തുനിന്ന് ചന്ദനമരം മോഷണം പോയിരുന്നെങ്കിലും പരാതിപ്പെടാതെ മൂടിവെച്ചതായും ആക്ഷേപമുണ്ട്. മരം മുറിച്ച സ്ഥലം ഇപ്പോള്‍ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയനിലയിലാണ്. കണ്ണപുരം പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. കെഎപി നാലാം ബറ്റാലിയന് അസി. കമാന്‍ഡന്റ് സജീഷ് ബാബു പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 30 സെന്റിമീറ്ററിലേറെ വണ്ണമുള്ള മരം മുറിച്ചതായാണ് പരാതി. തുടർന്നു വൈകിട്ടോടെ കണ്ണപുരം പൊലീസ് ക്യാംപിലെത്തി അന്വേഷണം നടത്തി.
രാത്രി വാഹനത്തിലെത്തിയ സംഘം വാൾ ഉപയോഗിച്ചു മരം മുറിച്ചു കടത്തിയെന്നാണ് പ്രാഥമിക നിഗമനം. ഒരാൾക്ക് മാത്രം കടക്കാനുള്ള നിലയിൽ കമ്പിവേലി മുറിച്ചു നീക്കിയിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപും ക്യാമ്പി ചന്ദനമരം കവർച്ച നടന്നെങ്കിലും ആരെയും പിടികൂടാനായിട്ടില്ല. പൊലീസ് ക്യാമ്പിൽ ചന്ദനമടക്കം വിലയേറിയ നൂറുകണക്കിന് മരങ്ങൾ വളർന്നു നിൽക്കുന്നുണ്ട്.
ദേശീയപാതയോടു ചേർന്നുള്ള കെഎപി ഗേറ്റിൽ മാത്രമേ രാത്രി പാറാവുകാർ ഉണ്ടാവുകയുള്ളൂ. എന്നാൽ റൂറൽ പൊലീസ് ആസ്ഥാനം കൂടി ക്യാമ്പിനോടു ചേർന്നു പ്രവർത്തിക്കുന്നതിനാൽ ഇപ്പോൾ മുഴുവൻ സമയവും പൊലീസ് സാന്നിധ്യവുമുണ്ടാകും. ക്യാമ്പിലെ ചന്ദനമരം വളർച്ചയെത്തുന്ന സമയം നോക്കി ആരുമറിയാതെ മുറിച്ചുമാറ്റി രാത്രി തന്നെ വാഹനത്തിൽ കടത്തിയെന്നത് പൊലീസുകാരിൽ തന്നെ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.