ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സ്വപ്ന ഗില്ലിനെ ഫെബ്രുവരി 20 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഫെബ്രുവരി 15 ബുധനാഴ്ചയാണ് മുംബൈയിലെ വൈൽ പാർലെ ഈസ്റ്റിലുള്ള ബാരൽ മാൻഷൻ ക്ലബ്ബിൽ സപ്‌നയും പൃഥ്വിയും തമ്മിൽ വഴക്കുണ്ടായത്. സെൽഫി എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് അതിക്രമത്തിൽ കലാശിച്ചത്. ആക്രമണക്കേസുമായി ബന്ധപ്പെട്ട് ആകെ എട്ടു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
സ്വപ്‌ന ഗില്ലും സുഹൃത്തുക്കളും പൃഥ്വി ഷായുടെ അടുത്ത് സെൽഫി എടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. ക്രിക്കറ്റ് താരം അവരുടെ അഭ്യർത്ഥന മാനിച്ചു. ഒരു തവണ സെൽഫി എടുത്ത് മടങ്ങിയ സ്വപ്നയും സംഘവും വീണ്ടും എത്തിയപ്പോൾ പൃഥ്വി ഷാ അവരുടെ ആവശ്യം നിരസിച്ചു.
എന്നാൽ അവിടെനിന്ന് ഭക്ഷണം കഴിച്ച് പൃഥ്വിയും സുഹൃത്തുക്കളും ഇറങ്ങിയതിന് പിന്നാലെ ക്രിക്കറ്റ് താരത്തെ സ്വപ്നയും സുഹൃത്തുക്കളും ബേസ്ബോൾ ബാറ്റുകൾ ഉപയോഗിച്ച് ആക്രമിക്കുകയും കാറിന് കേടുവരുത്തുകയും ചെയ്തു.
“നിയമവിരുദ്ധമായ സംഘം ചേരൽ, കൊള്ളയടിക്കൽ, മറ്റ് വകുപ്പുകൾ പ്രകാരം മുംബൈയിലെ ഒഷിവാര പോലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾ പരാതിക്കാരനെ ആക്രമിക്കുകയും കാർ നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തു, മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്”- ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) അനിൽ പരസ്കർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.