ആലപ്പുഴ: ജോലി വാഗ്ദാനം ചെയ്തുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ മാത്രമല്ല ഈ പ്രതിസന്ധികാലത്ത് ഇരകളെ സൃഷ്ടിച്ചത്. ഫേസ്ബുക്ക് മെസഞ്ചറിലൂടെയും വാട്‌സ് ആപ്പിലൂടെയും വിദേശികള്‍ എന്ന വ്യാജേന പരിചയപ്പെട്ടുള്ള പണതട്ടിപ്പും വ്യാപകമാണ്. ആലപ്പുഴ വളവനാട് സ്വദേശിയായ ട്രാവല്‍ ഏജന്റ് ശശിയും കയര്‍ ഫാക്ടറി തൊഴിലാളി പ്രമോദും തലനാരിഴക്കാണ് തട്ടിപ്പില്‍ നിന്ന് രക്ഷപെട്ടത്.
വിദേശത്ത് നിന്ന് ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമ്മാനങ്ങള്‍ അയക്കുന്നുണ്ടെന്നും സ്വീകരിക്കണമെങ്കില്‍ പതിനായിരം മുതല്‍ മുപ്പതിനായിരം രൂപവരെ കൊറിയര്‍ ചാര്‍ജ് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പ്. പതിനൊന്ന് വര്‍ഷത്തിന് മുകളിലായി ട്രാവല്‍ ഏജന്റായി ജോലി നോക്കുകയാണ് ടാക്‌സി ഡ്രൈവര്‍ കൂടിയായ ശശി. യുഎസില്‍ നിന്ന് എന്ന് പരിചയപ്പെടുത്തി ബെക്കിമൂര്‍ എന്ന സ്ത്രീയുടെ ഫോൺകോള്‍ ശശിക്ക് ലഭിക്കുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. പഴയ സഞ്ചാരികളില്‍ ആരെങ്കിലും ആയിരിക്കുമെന്ന് കരുതി ശശി സംസാരിച്ചു. പിന്നീട് വാട്സ്ആപ്പ് വഴി ചിത്രങ്ങള്‍ ഉള്‍പ്പടെ അയച്ച് വിശ്വാസം നേടിയെടുത്തു.
Also Read- 'നടി ശരണ്യയുടെ അവസ്ഥ മോശം; 36 ദിവസമായി ആശുപത്രിയില്‍, എല്ലാവരും പ്രാർത്ഥിക്കണം': നടി സീമ ജി. നായര്‍
മൃഗഡോക്ടർ ആയി ജോലി നോക്കുന്നു എന്നാണ് ബക്കി മൂർ ശശിയോട് പറഞ്ഞത്..പാലിയേറ്റിവ് രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ് ശശി എന്ന് മനസിലാക്കിയ ഇവര്‍ യുഎസില്‍ നിന്നും ഇന്ത്യയിലേക്ക് സേവനപ്രവര്‍ത്തനങ്ങള്‍ നടത്താനായി താത്പര്യമുണ്ടെന്ന് അറിയിച്ചു. കോവിഡ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകളെ സഹായിക്കാനാണെന്നായിരുന്നു വിദേശ വനിത പറഞ്ഞത്. ഇതിനായി ശശിയെ തെരഞ്ഞെടുക്കുന്നു എന്നും ബക്കിമൂർ വ്യക്തമാക്കി. സംഭാഷണവും വാട്സപ്പ് മുഖാന്തരമുള്ള മെസേജുകളുമൊക്കെ ഒരാഴ്ചയോളം നീണ്ടു. ഇതിനിടയിൽ ശശിയുടെ കുടുംബവുമായൊക്കെ ബക്കി മൂർ സൗഹൃദത്തിലായി. പിന്നീട്അമേരിക്കയില്‍ നിന്നും കൊറിയര്‍ ശശിക്കായി അയക്കുന്നുണ്ടെന്ന് ബെക്കിമൂറിന്റെ സന്ദേശമെത്തി.
ഐഫോണും സ്വര്‍ണവും ഉള്‍പ്പടെ 3 ലക്ഷം യുഎസ് ഡോളറിന്റെ വിലയേറിയ വസ്തുക്കളാണ് പാഴ്‌സലില്‍ എന്ന് വ്യക്തമാക്കി. ഇതോടെ ശശി പ്രതീക്ഷയുടെ വക്കിലായി. പാഴ്സൽ പാക്ക് ചെയ്ത് ചിത്രങ്ങള്‍ ഉള്‍പ്പടെ അയച്ചുനൽകി. കൊറിയര്‍ ഏജന്‍സിയുടേതായ സ്‌ക്രീന്‍ ഷോട്ടുകളും ഫോട്ടോസും ധാരാളമായി ശശിക്കയച്ചു. തട്ടിപ്പിന്റെ അടുത്തപടി ഇങ്ങനെ. കൊറിയര്‍ സ്വീകരിക്കുമ്പോള്‍ 28,000 രൂപ ചാര്‍ജായി നല്‍കണം. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് തട്ടിപ്പാണെന്ന് മനസിലാകുന്നത്.
സമാനരീതിയിലുള്ള തട്ടിപ്പാണ് കയര്‍ തൊഴിലാളിയായ പ്രമോദിനെയും തേടിയെത്തിയത്. സ്‌കോട്ട്‌ലന്‍ഡ് സ്വദേശി എന്ന് പറഞ്ഞാണ് മെസഞ്ചറിലൂടെ ഒരാള്‍ പ്രമോദിനെ പരിചയപ്പെട്ടാണ് തട്ടിപ്പിന് തുടക്കമിട്ടത്. ആദ്യം ഫ്രണ്ട്സ് റിക്വസ്റ്റ് ഫേസ് ബുക്കിലൂടെ വന്നു. പിന്നീട് പ്രമോദിൻ്റെ കുഞ്ഞുങ്ങളെ കുറിച്ചായി അന്വേഷണം. ഫേസ്ബുക്കിൽ അപ് ലോഡ് ചെയ്തിരുന്ന ചിത്രങ്ങളിൽ നിന്ന് തന്നെ ഏറെക്കുറെ വിശദാംശങ്ങൾ അയാൾ മനസിലാക്കിയിരുന്നു. ഇതിനിടയിലുള്ള സൗഹൃദ സംഭാഷണത്തിൽ പ്രമോദ് മക്കളുടെ പിറന്നാൾ ആണെന്ന് അറിയിച്ചു. പിന്നീട് വന്ന ഫോൺ കോൾ മക്കൾക്കായി സമ്മാനം അയക്കാൻ ആഗ്രഹിക്കുന്നു എന്നതായിരുന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന സമ്മാനങ്ങൾ വീട്ടിലേക്ക് വരുമെന്നും കൊറിയർ ചാർജായി 15000 നൽകണമെന്നും പറഞ്ഞു.
പ്രമോദും ശശിയും പണം സംഘടിപ്പിച്ച് കൊറിയര്‍ വാങ്ങാമെന്ന് കരുതിയിരുന്നെങ്കിലും സുഹ്യത്തുക്കളുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകൾ തെളിഞ്ഞത്. പിന്നീട് മെസേജിലൂടെ ബന്ധപ്പെട്ട ആളുകളെ സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ലാതായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alappuzha, Money scam case