• HOME
 • »
 • NEWS
 • »
 • crime
 • »
 • പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി 'ഐ ആം ബാബറി' ബാഡ്ജ് ധരിപ്പിച്ച സംഭവം; മൂന്ന് പേര്‍ക്കെതിരെ കേസ്

പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി 'ഐ ആം ബാബറി' ബാഡ്ജ് ധരിപ്പിച്ച സംഭവം; മൂന്ന് പേര്‍ക്കെതിരെ കേസ്

മതസ്പര്‍ദ്ധ വളര്‍ത്താനും സാമുദായിക ലഹള സൃഷ്ടിക്കാനും പ്രതികള്‍ നീക്കം നടത്തിയെന്ന് എഫ്ഐആറില്‍ പറയുന്നു.

 • Last Updated :
 • Share this:
  പത്തനംതിട്ട(Pathanamthitta) കോട്ടാങ്ങലില്‍ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി ബാഡ്ജ്(badge) ധരിപ്പിച്ച കേസില്‍ പോലീസ് കേസെടുത്തു. ഒന്നാം പ്രതി ചുങ്കപ്പാറ സ്വദേശി മുനീര്‍ ഇബ്നു നസീര്‍, കണ്ടാലറിയാവുന്ന 2 പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. പ്രതികള്‍ക്കെതിരെ 341, 153 (എ), 34 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മതസ്പര്‍ദ്ധ വളര്‍ത്താനും സാമുദായിക ലഹള സൃഷ്ടിക്കാനും പ്രതികള്‍ നീക്കം നടത്തിയെന്ന് എഫ്ഐആറില്‍ പറയുന്നു. കോട്ടാങ്ങല്‍ സെയ്ന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ കുട്ടികളെ യൂണിഫോമിലും ഉടുപ്പിലുമായി 'ഐ ആം ബാബറി' എന്ന ബാഡ്ജ് ധരിപ്പിച്ചെന്നാണ് പരാതി.

  സംഭവത്തില്‍ ബിജെപി നേതാവ് പി. കെ കൃഷ്ണദാസ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷന് പരാതി നല്‍കിയിരുന്നു. നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും കുട്ടികളെ ബാഡ്ജ് ധരിപ്പിച്ചത് പോപ്പുലര്‍ ഫ്രണ്ടിന്റെ രഹസ്യ അജണ്ടയുടെ ഭാഗമാണെന്നും കൃഷ്ണദാസ് പറഞ്ഞു.

  ചുങ്കപ്പാറ സ്വദേശിയായ ഒരാളുടെ സാമൂഹിക മാധ്യമ അക്കൗണ്ടില്‍ ബാഡ്ജ് കുത്തിക്കൊടുക്കുന്നതും കുട്ടികള്‍ ഇതുമായി നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ബാഡ്ജുമായി കുട്ടികള്‍ സ്‌കൂളില്‍ എത്തിയതറിഞ്ഞ് ഹെഡ്മാസ്റ്ററും രക്ഷിതാക്കളും പെരുമ്പെട്ടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

  കുട്ടികളെ കലാപത്തിന് വഴിമരുന്നാക്കാനുള്ള ഗൂഢ ശ്രമമാണ് എസ്ഡിപിഐയും, പോപ്പുലര്‍ ഫ്രണ്ടും ചേര്‍ന്ന് നടത്തുന്നതെന്ന് ബിജെപി കോട്ടാങ്ങല്‍ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

  Read also: പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്.ഡി.പി.ഐ പിന്തുണ; അധ്യക്ഷ പദവി ഏറ്റെടുക്കില്ലെന്ന് സി.പി.എം

  ബാബറി മസ്ജിദ് തകര്‍ത്തതിന്റെ ഓര്‍മ ദിനത്തില്‍ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ബാഡ്ജ് വിതരണത്തെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ക്യാമ്പസ് ഫ്രണ്ട് പറഞ്ഞു. ഒരാളെയും നിര്‍ബന്ധിച്ച് ബാഡ്ജ് ധരിപ്പിച്ചിട്ടില്ലായെന്നും ജില്ലാ പ്രസിഡന്റ് അജ്മല്‍ പി എസ് പറഞ്ഞു.

  Sandeep Murder | സന്ദീപിന്റെ കൊലപാതകം; വ്യക്തിവിരോധം മാത്രമെന്ന് പ്രതികള്‍; വധഭീഷണിയുള്ളതായി ജിഷ്ണു

  തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവിരോധമെന്ന് പ്രതികള്‍. തിങ്കളാഴ്ച തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയില്‍ കൊണ്ടുപോകവെയാണ് പ്രതികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

  തനിക്ക് സന്ദീപുമായി വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്ന് ഒന്നാം പ്രതിയായ ജിഷ്ണു പറഞ്ഞു. ആക്രമിച്ചത് കൊല്ലാന്‍വേണ്ടി ആയിരുന്നില്ലെന്നും പെട്ടെന്നുള്ള പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ജിഷ്ണു പറഞ്ഞു. സ്വയരക്ഷയ്ക്ക് വേണ്ടിയാണ് ചെയ്തതെന്നും ജിഷ്ണു പറഞ്ഞു.

  എന്താണ് വൈരാഗ്യത്തിന് പിന്നിലെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയില്ല. രാഷ്ട്രീയമായ പകപോക്കല്‍ കൊലപാതകത്തിന് പിന്നില്‍ ഇല്ലെന്ന് മറ്റുള്ള പ്രതികളും പറഞ്ഞു. ഒരു വര്‍ഷം മുമ്പ് ബിജെപിയിലുള്ള പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് ജിഷ്ണുവും ബിജെപിയുമായി ബന്ധമില്ലെന്ന് മന്‍സൂര്‍, പ്രമോദ്, നന്ദു,വിഷ്ണു എന്നിവരും പറഞ്ഞു. സഹോദരങ്ങളായ വിഷ്ണു, നന്ദു എന്നിവര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ല.

  കോടതിയില്‍ ഹാജരാക്കിയ പ്രതികളെ എട്ടുദിവസം കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകര്‍ ആരുംതന്നെ ഹാജരായിരുന്നില്ല. എന്തെങ്കിലും പറയാനുണ്ടോയെന്ന മജിസ്ട്രേറ്റ് രേഷ്മ ശശിധരന്റെ ചോദ്യത്തിന് വധഭീഷണിയുള്ളതായി ജിഷ്ണു പറഞ്ഞു.
  കൊലപാതകത്തിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. കൊല നടത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍, പ്രതികള്‍ സഞ്ചരിച്ച വാഹനം എന്നിവ കണ്ടെടുക്കാനുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സന്ദീപ് ആക്രമിക്കപ്പെട്ടത്. പിറ്റേ ദിവസം തന്നെ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

  Published by:Sarath Mohanan
  First published: