നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 'ഫോട്ടോഗ്രാഫിക് സൂപ്പര്‍ ഇംപോസിഷന്‍' ഉപയോഗിച്ച കേരളത്തിലെ ആദ്യ കേസ്; കിളിമാനൂര്‍ രാധാകൃഷ്ണന്‍ കൊലപാതകം

  'ഫോട്ടോഗ്രാഫിക് സൂപ്പര്‍ ഇംപോസിഷന്‍' ഉപയോഗിച്ച കേരളത്തിലെ ആദ്യ കേസ്; കിളിമാനൂര്‍ രാധാകൃഷ്ണന്‍ കൊലപാതകം

  കൂടത്തായി പരമ്പരക്കൊല ചർച്ചയാകുന്നതിന് എത്രയോ മുമ്പ് തന്നെ കേരളത്തെ നടുക്കിയ പല കൊലക്കേസുകളിലും ശവക്കല്ലറ തുറന്നുള്ള മൃതദേഹാവശിഷ്ട പരിശോധന അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയിട്ടുണ്ട്... ശവക്കല്ലറ തുറന്നുള്ള മൃതദേഹാവശിഷ്ട പരിശോധനയെക്കുറിച്ചും അതിന്‍റെ ചരിത്രത്തിലേക്കും...

  photographic superimposition

  photographic superimposition

  • Share this:

  സത്യം മൂടിവയ്ക്കാൻ കഴിയാത്ത ശവക്കല്ലറകൾ- രണ്ടാം ഭാഗം


  ഭരണങ്ങാനത്ത് മിസ് കുമാരിയുടെ മൃതദേഹം ശവക്കല്ലറയില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ അഴുകിയിരുന്നില്ല. അഡിപ്പോസിയര്‍ (മരണ ശേഷം തൊലിക്ക് താഴെയുള്ള കൊഴുപ്പ് സോപ്പ് പോലെയാകുന്ന അവസ്ഥ)  എന്ന പ്രതിഭാസം കൊണ്ടാണ് മൃതദേഹം അഴുകാതിരുന്നതെന്ന് ഫോറന്‍സിക് വിദഗ്ധര്‍ അന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ കിളിമാനൂര്‍ രാധാകൃഷ്ണന്റെ മൃതദേഹം 7 മാസത്തിനു ശേഷം പരിശോധനയ്ക്ക് എടുത്തപ്പോള്‍ അഴുകിയ നിലയിലായിരുന്നു.

  കേരള പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തില്‍ ഏറെ പ്രത്യേകതയുള്ള ഒന്നാണ് കിളിമാനൂര്‍ രാധകൃഷ്ണന്‍ കൊലക്കേസ്. കൊപാതകവും അതിലേക്ക് നയിച്ച കാരണങ്ങളുമൊക്കെ സര്‍വസാധാരണമെങ്കിലും തെളിവു ശേഖരിക്കാന്‍ കേരള പൊലീസ് ആദ്യമായി 'ഫോട്ടോഗ്രാഫിക് സൂപ്പര്‍ ഇംപോസിഷന്‍' എന്ന ശാസ്ത്ര സങ്കേതം ഉപയോഗിച്ചെന്നതാണ് കേസിനെ വ്യത്യസ്തമാക്കുന്നത്.

  അക്കാലത്ത് ആറ്റിങ്ങല്‍ സര്‍ക്കിളിനു കീഴിലായിരുന്നു കിളിമാനൂര്‍ സ്റ്റേഷന്‍. ആറ്റിങ്ങല്‍ സി.ഐ ആയിരുന്ന ജി. ഗോപിനാഥന്‍ നായരാണ് തെളിവു നിയമം 27 അനുസരിച്ച് പ്രതി കാണിച്ചു കൊടുത്ത ചാണക കുഴിയില്‍ നിന്നും രാധാകൃഷ്ണന്റെ മൃതദേഹം പുറത്തെടുത്തത്. ഫോറന്‍സിക് സര്‍ജന്‍ ഡോ ബി ഉമാദത്തന്റെ സാന്നിധ്യത്തിലായിരുന്നു ഇത്.

  രാധാകൃഷ്ണന്റെ അനുജന്‍ രവിയാണ് കൊലപതാകം നടത്തിയത്. രാധാകൃഷ്ണന്റെ ഭാര്യയും രവിയുടെ തമ്മിലുള്ള അവിഹിത ബന്ധം പിടിക്കപ്പെട്ട രാത്രിയായിരുന്നു കൊലപാതകവും. കത്തിക്കൊണ്ടുള്ള ഒറ്റക്കുത്തിന് രവി രാധാകൃഷ്ണനെ കൊലപ്പെടുത്തി. തുടര്‍ന്ന് രവിയും രാധാകൃഷ്ണന്റെ ഭാര്യയും ചേര്‍ന്ന് മൃതദേഹം ചാണകക്കുഴിയില്‍ കുഴിച്ചുമൂടുകയായിരുന്നു. പിന്നീട് ഭാര്യയുടെ സ്വഭാവ ദൂഷ്യം കാരണം രാധാകൃഷ്ണന്‍ നാടുവിട്ടെന്ന് രവി നാട്ടില്‍ പ്രചരിപ്പിച്ചു. രാധാകൃഷണന്‍ അയച്ചതെന്ന പേരിൽ ഒരു കത്തും ഇയാള്‍ പ്രചരിപ്പിച്ചു. നാട്ടുകാര്‍ അതൊക്കെ വിശ്വസിച്ച് രാധാകൃഷ്ണനെയും അയാളുടെ തിരോധാനത്തെയും കാലക്രമേണ മറന്നു.

  മാസങ്ങള്‍ കഴിഞ്ഞ് മദ്യലഹരിയിൽ ഒരു സുഹൃത്തിനോട് രവിയാണ് കൊലപാതകത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.  രാധാകൃഷണന്‍ കൊല്ലപ്പെട്ടെന്നും താനാണെന്ന് കൊലപ്പെടുത്തിയതെന്നുമായിരുന്നു വെളിപ്പെടുത്തൽ. എന്നാൽ ആ സുഹൃത്ത് 'കൂടത്തായി ഷാജു'വിനെ പോലെ ഭയന്നു വിറച്ച് സത്യം മറച്ചു വച്ചില്ല. അയാള്‍ കിളിമാനൂര്‍ എസ് ഐയെ ഉടൻ വിവരമറിയിച്ചു. അതോടെയാണ് രാധാകൃഷ്ണന്‍ കൊലക്കേസ് പൊങ്ങിവന്നത്.

  സഹചര്യത്തെളിവുകള്‍ കൃത്യമായിരുന്നു. പ്രതി കുറ്റം സമ്മതിച്ചു. ആയുധം കണ്ടെടുത്തു. മുറിവും ആയുധവും തമ്മില്‍ കൃത്യമായ യോജിപ്പുമുണ്ടായിരുന്നു. ഒറ്റ നോട്ടത്തില്‍ തെളിവുകളെല്ലാം ഉണ്ടെങ്കിലും കൊല്ലപ്പെട്ടത് രാധാകൃഷ്ണന്‍ തന്നെയാണോ എന്ന് ഉറപ്പിക്കല്‍ പൊലീസിനെ സംബന്ധിച്ച് അക്കാലത്ത് വെല്ലുവിളിയായിരുന്നു. ഒടുവിലാണ് ഫോട്ടോ ഗ്രാഫിക് സൂപ്പര്‍ ഇംപോസിഷനിലൂടെയാണ് കൊല്ലപ്പെട്ടത് രാധാകൃഷ്ണന്‍ തന്നെയാണെന്ന് തെളിയിച്ചത്.

  ഇതുപോലെ കൂടത്തായി പരമ്പരക്കൊലയിലും റോയ് തോമസിന്റെ കൊലപാതകം ഒഴിച്ചു നിർത്തിയാല്‍ മറ്റെല്ലാ കേസുകളിലും സാഹചര്യത്തെളിവുകളുണ്ട്. പ്രതിയുടെ കുറ്റസമ്മത മൊഴിയുമുണ്ട്. എന്നാല്‍ കുറ്റം അസന്നിഗ്ധമായി തെളിയിക്കാന്‍ ശവക്കുഴിയില്‍ നിന്ന് കണ്ടെത്തിയത് ആരുടെയൊക്കെ അവശിഷ്ടങ്ങളെന്ന് തെളിയിക്കപ്പെടേണ്ടതുണ്ട്. വിഷബാധയേറ്റിട്ടുണ്ടോയെന്നു കണ്ടെത്തുകയും തെളിയിക്കുകയും വേണം. ഇതിന് കുറ്റാന്വേഷണത്തിലെ ആധുനിക ശാസ്ത്ര സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തുക തന്നെ വേണം.

  ഭരണങ്ങാനത്തെ കല്ലറ തുറന്ന 1970കളില്‍ നിന്ന് കുടത്തായിയിലെ കല്ലറകള്‍ തുറന്ന 2019 ലേക്കുള്ള ദൂരം വളരെ വലുതാണ്. ഇത് ലഘൂകരിക്കാന്‍ ആധുനിക ശാസ്ത്രത്തിന് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.

  Part 1 'സത്യം മൂടിവയ്ക്കാൻ കഴിയാത്ത ശവക്കല്ലറകൾ'; മിസ് കുമാരി മുതൽ കൂടത്തായി വരെ

  First published:
  )}