മയക്കുമരുന്നു കടത്താൻ പല മാർഗങ്ങളും ആളുകൾ പരീക്ഷിക്കാറുണ്ട്. പഴങ്ങളിലും പച്ചക്കറികളിലും പൂക്കളിലും പ്രാവുകളിലുമൊക്കെ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തുന്ന വാർത്തകൾ നാം കേട്ടിട്ടുണ്ട്. എന്നാൽ മയക്കുമരുന്ന് കടത്താൻ ആടിനെ മറയാക്കിയ ദമ്പതികളെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ സ്കോട്ട്ലൻഡിൽ നിന്നും പുറത്തു വരുന്നത്. 10 ലക്ഷം രൂപ വിലയുള്ള മയക്കുമരുന്നാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.
സ്കോട്ട്‍ലൻഡിലെ വൃദ്ധ ദമ്പതികളാണ് മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായത്. ഇരുവരും ഇപ്പോൾ ജയിലിലാണ്. പോലീസിന്റെ ശ്രദ്ധ തിരിക്കാനാണ് ഇവർ വാഹനത്തിൽ ആടിനെയും ഒപ്പം കൂട്ടിയത്. പോലീസ് തങ്ങളുടെ കാർ പരിശോധിച്ചാൽ തന്നെ, അവരുടെ ശ്രദ്ധ ആടിലേക്കു തിരിയുമെന്നാണ് ദമ്പതികൾ കരുതിയത്. പക്ഷേ പോലീസ് നായ മയക്കുമരുന്ന് മണത്ത് കണ്ടെത്തുകയായിരുന്നു.
Also read-പുനലൂരിലെ വീട്ടിനുള്ളിൽ പുഴുവരിച്ച നിലയിൽ മൃതദേഹങ്ങൾ; തമിഴ്നാട് സ്വദേശി പിടിയിൽ
ഇക്കഴിഞ്ഞ ഏപ്രിൽ 22 നാണ് സംഭവം നടന്നത്. കാറിന്റെ പിൻസീറ്റിലായിരുന്നു ആട്ടിൻകുട്ടി. ആദ്യം പരിശോധിച്ചപ്പോൾ പിൻസീറ്റിൽ നിന്ന് ഒരു പാക്കറ്റ് ചിപ്സ് മാത്രമാണ് പോലീസ് കണ്ടെത്തിയത്. എന്നാൽ, പോലീസിനൊപ്പം ഉണ്ടായിരുന്ന ബില്ലി എന്ന നായയാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബില്ലി കാറിന്റെ പിൻസീറ്റിലേക്ക് നോക്കി നിർത്താതെ കുരച്ചു കൊണ്ടിരുന്നപ്പോഴാണ് പോലീസിന് സംശയം തോന്നിയത്. ആട്ടിൻകുട്ടിയെ കണ്ടിട്ടാകാം നായ കുരയ്ക്കുന്നതെന്നാണ് ആദ്യം പോലീസ് കരുതിയത്. എന്നാൽ പിന്നിലെ സീറ്റ് വിശദമായി പരിശോധിച്ചപ്പോൾ 10 ലക്ഷം രൂപയുടെ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. മൂന്നു ലക്ഷം രൂപയുടെ കൊക്കെയ്നും ഏഴു ലക്ഷം രൂപ വിലവരുന്ന ഹെറോയ്നുമാണ് ദമ്പതികളുടെ പക്കൽ ഉണ്ടായിരുന്നത്. സംഭവസ്ഥലത്തു വെച്ചു തന്നെ ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.