കൊച്ചി: പാലാരിവട്ടത്ത് മുൻ മിസ് കേരള ഉൾപ്പെടെയുള്ളവർ റോഡ് അപകടത്തിൽ (road accident) മരിക്കാൻ ഇടയായ സംഭവത്തിൽ, പ്രതികൾ ഉപേക്ഷിച്ചെന്ന് മൊഴി നൽകിയ ഹാർഡ് ഡിസ്ക് (Hard disk) കണ്ടെത്തുന്നതിനുള്ള ശ്രമം തുടങ്ങി. ഇതിനായി പൊലീസ് കായലിൽ തിരച്ചിൽ ആരംഭിച്ചു. സ്കൂബ ഡൈവിംഗ് വിദഗ്ധരുടെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്.
ഡി.വി.ആർ. കായലിൽ ഉപേക്ഷിച്ചു എന്ന് മൊഴി നൽകിയ പ്രതികളായ മെൽവിൻ, വിഷ്ണുരാജ് എന്നിവരും പോലീസിനൊപ്പമുണ്ട്. ജാമ്യ നടപടിയുടെ ഭാഗമായി പോലീസ് സ്റ്റേഷനിൽ ഒപ്പുവയ്ക്കാൻ എത്തിയപ്പോഴാണ് പോലീസ് ഇവരുമായി പാലത്തിലേക്ക് തിരിച്ചത്.
കായലിന്റെ മധ്യഭാഗത്ത് ഡിവിആർ ഉപേക്ഷിച്ചു എന്നാണ് മൊഴി. കേസിൽ ഇത് കണ്ടെടുക്കുക എന്നത് നിർണായകമാണ്. ഹോട്ടലിൽ നടന്നതായി പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന ലഹരിയുടെ ഉപയോഗം സംബന്ധിച്ച തെളിവുകൾ അടങ്ങിയ ദൃശ്യങ്ങൾ ഇതിലുണ്ട് എന്നാണ് നിഗമനം.
കാറപകടത്തിൽ മരിച്ച മുൻ മിസ് കേരള അടക്കമുള്ള മോഡലുകൾക്ക് ഹോട്ടലുടമ മദ്യവും മയക്കുമരുന്നും നൽകി എന്ന നിഗമനത്തിലാണ് പൊലീസ്. ഇക്കാര്യങ്ങൾ പുറത്ത് വരാതെയിരിക്കാനാണ് ദൃശ്യങ്ങൾ നശിപ്പിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കേസേറ്റെടുത്ത ക്രൈം ബ്രാഞ്ച് പാർട്ടിയിൽ പങ്കെടുത്തവരുടെ ചോദ്യം ചെയ്യൽ തുടങ്ങി. നമ്പർ 18 ഹോട്ടലിലെ ലഹരി ഇടപാടിനെ കുറിച്ച് സൂചന നൽകുന്നതാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും പോലീസ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. നിശാ പാർട്ടികൾ നടന്ന രണ്ട് ഹാളിലെയും ഇവിടേക്കുള്ള പ്രവേശന കവാടത്തിലുമുള്ള ദൃശ്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്.
മോഡലുകൾക്ക് ലഹരി നൽകിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഇവിടങ്ങളിലെ ദൃശ്യങ്ങളിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഹോട്ടലിൽ വെച്ച് മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
കേസിൽ സൈജു എന്ന യുവാവിനെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതിൽ ദുരൂഹത തുടരുകയാണ്. മോഡലുകളുടെ വാഹനത്തെ പിന്തുടർന്ന കാക്കനാട് സ്വദേശി സൈജുവിനെ ഒരു തവണ ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും സൈജു എത്തിയില്ല. സൈജുവിന്റെ ഫോണും സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിൽ ആണ്.
സൈജുവിനോട് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുമെന്ന് പറഞ്ഞെങ്കിലും അതിനു മുൻപേ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. നമ്പർ 18 ഹോട്ടലുടമ റോയിയും ജീവനക്കാരും കേസിൽ പ്രതികൾ ആകുമ്പോഴും സംഭവത്തിൽ അതിനേക്കാൾ കൂടുതൽ ഉൾപ്പെട്ടിട്ടുള്ള സൈജു പ്രതിയല്ല എന്നതാണ് ശ്രദ്ധേയം. റോയി അടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതിയിൽ ഇക്കാര്യം പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. കേസിലെ ഈ പഴുതു തന്നെയായിരുന്നു പ്രതികൾക്കെല്ലാം ജാമ്യം കിട്ടുന്നതിൻ്റെ പ്രധാന കാരണവും. മോഡലുകൾ കൊല്ലപ്പെട്ടതിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറയുമ്പോഴും ഇതിലേക്ക് നയിച്ച കാരണങ്ങൾ തുടങ്ങുന്നത് ഹോട്ടലിൽ നിന്നാണെന്ന് അടിവരയിടുന്നുണ്ട്.
എന്നാൽ അവിടെയും പിന്നീട് കാറിന് പിറകിലും ഒരുപോലെ സഞ്ചരിച്ച ഒരാളെ എന്തുകൊണ്ട് പോലീസ് ഒഴിവാക്കുന്നു എന്നതാണ് ഉത്തരമില്ലാത്ത ചോദ്യം. മോഡലുകൾക്ക് ലഹരിമരുന്നുകൾ വാഗ്ദാനം ചെയ്ത് തൻ്റെ വീട്ടിലേക്ക് സൈജു ക്ഷണിച്ചതായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ട റഹ്മാൻ തന്നെ മൊഴി നൽകിയിട്ടുണ്ട്. എന്നിട്ടും ഇയാളെ ഒഴിവാക്കുന്നത് ഹോട്ടലുടമ റോയിക്കെതിരെ മൊഴിനൽകി മാപ്പുസാക്ഷി ആക്കാൻ വേണ്ടിയാണെന്നാണ് പ്രതിഭാഗം ഉന്നയിക്കുന്ന ആരോപണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.