മംഗളൂരു: സീരിയല്‍ കില്ലര്‍ സയനൈഡ് മോഹനെ 20ാമത്തെ കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 2009ല്‍ മലയാളി യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. സെഷൻസ് കോടതി ജഡ്ജി സയീദുന്നിസയാണ് വിധി പ്രസ്താവിച്ചത്. സയനൈഡ് മോഹനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 20ാമത്തെയും അവസാനത്തെയും കേസാണ് ഇത്. നേരത്തെ അഞ്ച് കൊലപാതക കേസുകളില്‍ മോഹനന് കോടതി വധശിക്ഷയും മൂന്ന് കേസുകളില്‍ ജീവപര്യന്തവും വിധിച്ചിരുന്നു. വധശിക്ഷയില്‍ രണ്ടെണ്ണം പിന്നീട് ജീവപര്യന്തമാക്കി മാറ്റി.
കാസര്‍കോട് സുള്ള്യയിൽ ലേഡീസ് ഹോസ്റ്റലില്‍ പാചകക്കാരിയായി ജോലി ചെയ്തിരുന്ന മുള്ളേരിയ കുണ്ടാർ സ്വദേശിനിയായ25 കാരിയെയാണ് മോഹന്‍ കൊലപ്പെടുത്തിയത്. മോഹനുമായി ഇവര്‍ 2009 ലാണ് പരിചയപ്പെടുന്നത്. മൂന്നിലേറെ തവണ മോഹന്‍ ഈ യുവതിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. വിവാഹം കഴിക്കാമെന്ന് മോഹന്‍ വാഗ്ദാനവും നല്കി. എന്നാല്‍ 2009 ജൂലൈ എട്ടിന് ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതി മോഹനോടൊപ്പം ബെംഗളുരുവിലേക്ക് പോയി. പിന്നീട് തങ്ങള്‍ വിവാഹിതരാണെന്നും ഉടനെ നാട്ടിലേക്ക് വരുമെന്നും വീട്ടുകാരെ വിളിച്ചറിയിച്ചു.
ബെംഗളുരുവിലെത്തിയ മോഹന്‍ ലോഡ്ജില്‍ മുറിയെടുത്ത് യുവതിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. പിറ്റേദിവസം നാട്ടിലേക്ക് മടങ്ങുംമുമ്പ് ആഭരണങ്ങള്‍ ലോഡ്ജില്‍ അഴിച്ചുവെയ്ക്കാന്‍ യുവതിയോട് ആവശ്യപ്പെട്ടു. പിന്നീട് ഇരുവരും ബസ് സ്റ്റാന്‍ഡിലെത്തി. ഇവിടെ വെച്ച് ഗര്‍ഭ നിരോധന ഗുളികയാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയ്ക്ക് സയനൈഡ് നല്കിയ ശേഷം മോഹന്‍ സ്ഥലം വിട്ടു. സയനൈഡ് കഴിച്ച ഉടനെ കുഴഞ്ഞുവീണ യുവതിയെ ഒരു കോണ്‍സ്റ്റബിളാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും യുവതി മരിച്ചിരുന്നു.
കൊലപാതകത്തിന് ജീവപര്യന്തം തടവുശിക്ഷക്ക് ഒപ്പം 25,000 രൂപയും തട്ടിക്കൊണ്ടുപോകലിന് പത്തുവർഷം തടവും 5000 രൂപ പിഴയും വിഷം കഴിപ്പിച്ചതിന് പത്തുവർഷവും 5000 രൂപ പിഴയും ബലാത്സംഗത്തിന് ഏഴു വർഷം തടവും 5000 രൂപ പിഴയും, ആഭരണം മോഷ്ടിച്ചതിന് അഞ്ചുവർഷം തടവും 5000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. 46 സാക്ഷികളെ കോടതി വിസ്തരിച്ചു. 89 രേഖകളും കവർന്നെടുത്ത ആഭരണങ്ങളടക്കമുള്ളവരും കോടതി പരിശോധിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.