നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കൊച്ചിയില്‍ മയക്കുമരുന്ന് വേട്ട; ഐ ടി കമ്പനി മാനേജരടക്കം 7 പേര്‍ പിടിയില്‍; പിടിച്ചത് വിവിധയിനം ലഹരി

  കൊച്ചിയില്‍ മയക്കുമരുന്ന് വേട്ട; ഐ ടി കമ്പനി മാനേജരടക്കം 7 പേര്‍ പിടിയില്‍; പിടിച്ചത് വിവിധയിനം ലഹരി

  ത്യക്കാക്കര പോലീസിന്റെയും കൊച്ചി ഡാന്‍സാഫ് ടീമിന്റെയും സംയുക്ത പരിശോധനയിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.

  • Share this:
  കൊച്ചി: മയക്കുമരുന്നുമായി ഐ ടി കമ്പനി മാനേജരടക്കം 7 പേര്‍ പിടിയില്‍. യുവാക്കള്‍ക്കും ഐ ടി പ്രൈഫഷണലുകള്‍ക്കുമിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തെയാണ് പിടികൂടിയത്. ത്യക്കാക്കര പോലീസിന്റെയും കൊച്ചി ഡാന്‍സാഫ് ടീമിന്റെയും സംയുക്ത പരിശോധനയിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.
  ത്യക്കാക്കര മില്ലുംപടിയില്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത ശേഷമായിരുന്നു മയക്കുമരുന്ന് സംഘത്തിന്റെ പ്രവര്‍ത്തനം.

  കേരളത്തിന് പുറത്ത് നിന്ന് മയക്കുമരുന്ന് എത്തിച്ചായിരുന്നു വില്‍പ്പന. എറണാകുളം, ആലപ്പുഴ, കൊല്ലം എന്നി ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വില്‍പ്പന. കൊല്ലം സ്വദേശി ജിഹാജ് ബഷീര്‍, കൊല്ലം ഇടിവെട്ടം സ്വദേശി അനിലാ രവീന്ദ്രന്‍, നോര്‍ത്ത് പറവൂര്‍ സ്വദേശി എര്‍ലിന്‍ ബേബി എന്നിവര്‍ ചേര്‍ന്നാണ് ലഹരി വസ്തുക്കള്‍ എത്തിച്ചിരുന്നത്.

  നോര്‍ത്ത് പറവൂര്‍ സ്വദേശിനി രമ്യ വിമല്‍, മനയ്ക്കപ്പടി സ്വദേശി അര്‍ജിത് എയ്ഞ്ചല്‍, ഗുരുവായൂര്‍ തൈയ്ക്കാട് സ്വദേശി അജ്മല്‍ യൂസഫ്, നോര്‍ത്ത് പറവൂര്‍ സ്വദേശി അരുണ്‍ ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 25 ഗ്രാം എംഡിഎംഎ, എല്‍എസ്ഡി സ്റ്റാബ്, ഹാഷിഷ് ഓയില്‍ തുടങ്ങിയവ പിടിച്ചെടുത്തു. കൊച്ചി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു.

  കാക്കനാട് ലഹരി കടത്ത് : സുസ്മിത ഫിലിപ്പ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍

  കാക്കനാട് ലഹരി കടത്ത് കേസിലെ പ്രതി സുസ്മിത ഫിലിപ്പിനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് എറണാകുളം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. നേരത്തെ ഈ മാസം 13 വരെ ആയിരുന്നു സുസ്മിതയെ കോടതി റിമാന്‍ഡ് ചെയ്തിരുന്നത്. ടീച്ചര്‍ എന്ന് വിളിക്കുന്ന സുസ്മിതയുടെനേതൃത്വത്തില്‍ കൊച്ചിയില്‍ വിവിധയിടങ്ങളില്‍ ലഹരിവസ്തുക്കള്‍ എത്തിച്ചു നല്‍കിയിരുന്നു. നേരത്തെ അറസ്റ്റിലായ പ്രതികളുടെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപയാണ് ഇവര്‍ കൈമാറിയിരുന്നത്. സുസ്മിത ഫിലിപ്പിന് എവിടെ നിന്നാണ് പണം ലഭിച്ചതെന്നും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.

  11 കോടിയുടെ ലഹരിമരുന്ന് കേസില്‍ പിടിയിലായ സുസ്മിത ഫിലിപ്പിനെ ചോദ്യം ചെയ്യുമ്പോള്‍ എക്‌സൈസ് ക്രൈംബ്രാഞ്ചിന് ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കൊച്ചി നഗരത്തിലെ ഭൂരിഭാഗം ലഹരി പാര്‍ട്ടികളും നടന്നിരുന്നത് ടീച്ചര്‍ എന്നും അക്കയെന്നും വിളിപ്പേരുള്ള ഇവരുടെ മുഖ്യ പങ്കാളിത്തത്തോടെ ആണെന്ന് വ്യക്തമായി. കൊച്ചിയിലെ ഇടപാടുകള്‍ നിയന്ത്രിച്ചത് അറസ്റ്റിലായ സുസ്മിത ഫിലിപ്പാണ്.
  കേസിലെ 12-ാം പ്രതിയായ സുസ്മിത ഫിലിപ്പ് മയക്കുമരുന്ന് സംഘത്തിനിടയില്‍ ഇവര്‍ അറിയപ്പെട്ടത് ടീച്ചര്‍ എന്ന പേരിലാണ്. കോട്ടയത്തെ ഒരു സ്‌കൂളില്‍ കുറച്ചുനാള്‍ ഇവര്‍ ജോലി ചെയ്തിരുന്നു. ഇവര്‍ കൊച്ചിയിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ഇടപാടുകള്‍ നടത്തിയതായും ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയതായും ചോദ്യം ചെയ്യലില്‍ വിവരം ലഭിച്ചു.

  മുഖ്യപ്രതികളുടെ അക്കൗണ്ടുകളിലേക്ക് ഇവര്‍ വന്‍തുക നിക്ഷേപിച്ചതായി എക്‌സൈസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.ആദ്യം പിടിയിലായ കേസിലെ പ്രതികളുടെ അക്കൗണ്ടിലേക്ക് വന്‍തുകകള്‍ സുസ്മിത അയച്ചിരുന്നു. ഗൂഗിള്‍ പേയിലൂടെയും മറ്റുമായിരുന്നു ഇത്. ഗൂഢാലോചനയിലടക്കം ഇവര്‍ പങ്കാളിയാണ്. കേസില്‍ ഇനിയും ഏറെപേര്‍ പിടിയിലാകാനുണ്ടെന്ന് എക്‌സൈസ് പറയുന്നു. സുസ്മിതയാണ് എല്ലാക്കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കി നിയന്ത്രിച്ച് നിന്നിരുന്നവരിലൊരാള്‍.
  Published by:Jayashankar AV
  First published:
  )}