കൊച്ചി: അച്ഛനൊപ്പം തീവണ്ടിയില്‍ യാത്രചെയ്ത പെണ്‍കുട്ടിക്ക് നേരേ അതിക്രമം നടത്തിയ കേസില്‍ രണ്ടുപ്രതികള്‍ പിടിയില്‍. ചാലക്കുടി സ്വദേശികളായ ജോയ്, സിജോ എന്നിവരെയാണ് എറണാകുളം റെയില്‍വേ പോലീസ് വ്യാഴാഴ്ച പിടികൂടിയത്. ഇവര്‍ കേസിലെ ഒന്നും മൂന്നൂം പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കേസില്‍ ആകെ അഞ്ചുപ്രതികളാണുള്ളത്. മറ്റുപ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.
ശനിയാഴ്ച രാത്രി എറണാകുളം-ഗുരുവായൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ് തീവണ്ടിയില്‍ യാത്ര ചെയ്ത 16കാരിക്കാണ് ദുരനുഭവം ഉണ്ടായത്. അഞ്ചുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്നാണ് പെണ്‍കുട്ടിയും പിതാവും മൊഴി നല്‍കിയിരുന്നത്.ട്രെയിന്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷന് പിന്നിട്ടതോടെ അഞ്ചംഗസംഘം പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അശ്ലീലം പറയുകയുമായിരുന്നു. രാത്രിയായതിനാല്‍ ട്രെയിന്‍ യാത്രക്കാരും കുറവായിരുന്നു. ഉണ്ടായിരുന്ന മറ്റുള്ളവരാരും വിഷയത്തില്‍ ഇടപെട്ടതുമില്ല. ഉപദ്രവത്തിനെതിരേ പ്രതികരിച്ച മലപ്പുറം സ്വദേശിയായ യുവാവിനെ അഞ്ചംഗ സംഘം മര്‍ദ്ദിക്കുകയും ചെയ്തു.
Also Read- അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; അഞ്ചുപേർ രക്ഷപ്പെട്ടു
സംഭവത്തില്‍ ഇടപ്പള്ളി സ്റ്റേഷനില്‍വെച്ച് ഗാര്‍ഡിനെ പരാതി അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പിതാവിന്റെ ആരോപണം. ഇതിനിടെ, ഇരിങ്ങാലക്കുട വരെയുള്ള വിവിധ സ്റ്റേഷനുകളിലായി പ്രതികള്‍ ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് തീവണ്ടി തൃശ്ശൂരില്‍ എത്തിയപ്പോളാണ് അച്ഛനും മകളും റെയില്‍വേ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പ്രതികളായ അഞ്ചുപേര്‍ക്കെതിരേയും പോക്സോ നിയമപ്രകാരമാണ് റെയില്‍വേ പോലീസ് കേസെടുത്തിരിക്കുന്നത്.
Also Read- പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയിൽ
പോലീസ് കേസെടുത്തതോടെ പ്രതികളെല്ലാം ഒളിവില്‍പോയിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആയത് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനും വെല്ലുവിളിയായി. തുടര്‍ന്ന് പ്രതികളുടെ ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും പോലീസ് പരമാവധി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു.
കേസില്‍ ഉള്‍പ്പെട്ട പ്രതികളെല്ലാം സീസണ് ടിക്കറ്റ് യാത്രക്കാരാണെന്നാണ് പോലീസിന്റെ നിഗമനം. തൃശ്ശൂര്‍ റെയില്‍വേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കഴിഞ്ഞദിവസം എറണാകുളം റെയില്‍വേ പോലീസിന് കൈമാറിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.