HOME » NEWS » Crime » SEXUAL HARASSMENT CASE AGAINST CULTURAL ACTIVIST AND WRITER RUBIN DCRUZ

സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ റൂബിൻ ഡിക്രൂസിനെതിരെ ലൈംഗീകപീഡന കേസ്

ഡൽഹിയിൽ എത്തിയ യുവതിയെ വാടക വീട്​ കണ്ടെത്തു​ന്നതിനായി സഹായിക്കാമെന്ന്​ പറഞ്ഞ്​ വിളിച്ച്​ വരുത്തി ​റൂബിൻ ഡിക്രൂസ്​ ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ്​ പരാതി

News18 Malayalam | news18-malayalam
Updated: March 3, 2021, 8:03 AM IST
സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ റൂബിൻ ഡിക്രൂസിനെതിരെ ലൈംഗീകപീഡന കേസ്
റോബിൻ ഡിക്രൂസ്
  • Share this:
നാഷണല്‍ ബുക്ക് ട്രസ്റ്റ് മലയാള വിഭാഗം എഡിറ്ററും കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായിരുന്ന റൂബിൻ ഡിക്രൂസിനെതിരെ ലൈംഗികപീഡന കേസ്.
സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ റൂബിൻ പുരോഗമനപരമായ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ്. ഡൽഹി പൊലീസാണ് ലൈംഗിക പീഡന പരാതിയിൽ കേസെടുത്തത്. ഡൽഹിയിൽ ജനറൽ മാനേജരായി ​ജോലി ചെയ്യുന്ന മലയാളി യുവതിയാണ്​ ഇയാളുടെ ലൈംഗികാതിക്രമത്തിനിരയായത്​.

2020 ഒക്​ടോബർ രണ്ടിനാണ്​ ഡൽഹിയിൽ വെച്ച്​ ലൈംഗീകാതിക്രമത്തിനിരയായെന്ന്​ 2021 ഫെബ്രുവരി​ 21 ന്​ ഡൽഹി വസന്ത്​ കുഞ്ച്​ പൊലീസ്​ സ്​റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ഡൽഹിയിൽ എത്തിയ യുവതിയെ വാടക വീട്​ കണ്ടെത്തു​ന്നതിനായി സഹായിക്കാമെന്ന്​ പറഞ്ഞ്​ വിളിച്ച്​ വരുത്തി ​റൂബിൻ ഡിക്രൂസ്​ ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ്​ പരാതി. തുടർന്ന്​​ പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും അത് മൂലം ഇപ്പോഴുമുള്ള ട്രോമയെക്കുറിച്ച് ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ പരാതിക്കാരി തന്നെ വിശദീകരിച്ചിട്ടുണ്ട്.

പരാതിക്കാരി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:

വ്യക്തിപരമായി വളരെ ഡിസ്റ്റേര്‍ബിങ് ആയ ഒരു കാലത്തിൽ കൂടെയാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഞാൻ കടന്നു പോയത്. കഴിഞ്ഞ പത്തിരുപത്തഞ്ചു കൊല്ലം കൊണ്ട്, എന്ന് വച്ചാൽ ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ എന്നെ അടയാളപ്പെടുത്തിയ ശേഷം ഞാൻ നേടിയ ആത്മവിശ്വാസം, മനുഷ്യരിൽ ഉണ്ടാക്കിയെടുത്ത ട്രസ്റ്റ് ( അത്തരം മനുഷ്യരേ എനിക്ക് ചുറ്റും ആവശ്യമുള്ളൂ എന്ന തിരിച്ചറിവിൽ നിന്ന് കൂടിയാണത്) എല്ലാത്തിനെയും അടിയോടെ പിഴുതെടുത്ത ഒരു അവസ്‌ഥയിലൂടെ കടന്നു പോകേണ്ടി വന്നു.

ഇടതു-പുരോഗമന മുഖംമൂടിയിട്ട, മനുഷ്യാവകാശങ്ങളെയും തുല്യനീതിയെയുമൊക്കെ പറ്റി ഫേസ്ബുക് വിപ്ലവം നടത്തുന്ന മനുഷ്യരുടെ യഥാർത്ഥ മുഖം കാണേണ്ടി വന്നു. പൊതു സുഹൃത്തുക്കളും ഫേസ്ബുക്കും വഴിയുള്ള പരിചയത്തിന്‍റെ പേരിൽ ഭക്ഷണം കഴിക്കാൻ വീട്ടിലേക്കു ക്ഷണിച്ച പുരോഗനവാദി കുറച്ചു നേരത്തെ സൗഹൃദ സംഭാഷണത്തിന് ശേഷം തനിനിറം കാണിച്ചു. ശാരീരികമായി വയലേറ്റ് ചെയ്യപ്പെടുന്നത്, പൊതുവെ സ്ട്രോങ്ങ് ആയ മനുഷ്യരേപ്പോലും മാനസികമായി എങ്ങനെ തളർത്തുമെന്ന് പിന്നെയുള്ള ദിവസങ്ങൾ എന്നെ പഠിപ്പിച്ചു. കട്ടക്ക് കൂടെ നിന്ന വളരെ കുറച്ചു കൂട്ടുകാർ, നീ ധൈര്യമായി മുൻപോട്ടു പോകൂ, ഞങ്ങളുണ്ട് കൂടെ എന്ന് ചേർത്ത് പിടിച്ച കുടുംബം (72 വയസ്സുള്ള അമ്മയടക്കം), തളർന്നു പോയപ്പോൾ താങ്ങിയ കൗൺസിലിംഗ് അടക്കമുള്ള സപ്പോർട്ട് സിസ്റ്റം... ഒന്ന് നേരെയായപ്പോൾ തോന്നി.. ഇതുപോലൊരുത്തനെ വെറുതെ വിടുന്നത് എന്‍റെ സഹജീവികളോടും കൂടി ചെയ്യുന്ന ദ്രോഹമാണെന്ന്.

എനിക്കിതിത്ര ബാധിച്ചെങ്കിൽ കുടുംബത്തിന്‍റെയോ സമൂഹത്തിന്‍റെയോ ഒക്കെ പിന്തുണ അധികം ഒന്നുമില്ലാത്ത, പുതിയ നഗരത്തിലെത്തുന്ന ഒരു ഇരുപതുകാരി പെണ്‍കുട്ടിക്കോ കുടുംബപ്രശ്നങ്ങളുടെ ഇടയിൽ ഒരു തുറന്ന സൗഹൃദമെന്നു തെറ്റിദ്ധരിച്ചു കുടുങ്ങിപ്പോകുന്ന ഒരു മധ്യവയസ്കക്കോ ഇത് എത്ര Traumatic ആയിരുന്നു കാണുമായിരിക്കും എന്ന്.

റൂബിൻ ഡിക്രൂസ് എന്ന കപട പുരോഗമനവാദിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു, എഫ്.ഐ.ആര്‍ ഇട്ടിട്ടുണ്ട്. ഈ കുറെ ദിവസങ്ങൾ കുറെ തിരിച്ചറിവുകൾ തന്നു. വര്‍ഷങ്ങളായി നമ്മൾ കൂട്ടുകാരെന്നു കരുതിയവർ വളരെ സ്വാഭാവികം എന്നോണം വേട്ടക്കാരന് വേണ്ടി സംസാരിക്കുന്നത് കണ്ട ഞെട്ടൽ മാറാൻ സമയമെടുക്കും.

ഇത്രയൊക്കെ വൃത്തികേട് കാണിച്ചാലും മാറിയിരുന്ന് ന്യായീകരിക്കാൻ കഴിയുന്ന ഉളുപ്പില്ലായ്മക്ക്, ശാരീരികവും വൈകാരികവും മാനസികവുമായി മുറിവേറ്റ ഒരാളോട് വീണ്ടും വന്നു ഇനി കുറച്ചു ദയ, മനുഷ്വത്വം, സഹജീവി സ്നേഹം-ഒക്കെ കാണിക്കൂ എന്ന് പറയുന്ന നിസ്സംഗതക്ക്, എത്രയൊക്കെ ആയാലും സെക്ഷ്വല്‍ പ്രിഡേറ്റര്‍മാരായ പുരോഗമന പുരുഷന്മാര്‍ക്ക് ലഭിക്കുന്ന സുഹൃദ് സംരക്ഷണത്തിന് - ഇതിനൊക്കെ എതിരെ കൂടിയാണ് പ്രതികരിക്കേണ്ടത് എന്നൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ് എനിക്കീ ദിവസങ്ങൾ തന്നത്.

കേസുമായി മുന്നോട്ടു പോകാൻ തുടങ്ങിയപ്പോൾ ഇയാളിൽ നിന്ന് ഇതേ രീതിയിലുള്ള പെരുമാറ്റത്തിന് വിധേയരായ പല സ്ത്രീകളോടും സംസാരിച്ചു. പല കാരണങ്ങൾ കൊണ്ട് പ്രതികരിക്കാൻ കഴിയാതിരുന്നവർ, അവരുടെ കൂടി അനുഭവങ്ങൾ, അവർ അനുഭവിച്ച trauma - ഒക്കെ ഈ യാത്രയിൽ എനിക്ക് കൂട്ടിനുണ്ട്.

കൂടെ നിന്നവരോട്.. നിൽക്കുന്നവരോട്... ഉമ്മ
Published by: Asha Sulfiker
First published: March 3, 2021, 7:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories