• HOME
  • »
  • NEWS
  • »
  • crime
  • »
  • പാരമ്പര്യ വൈദ്യന്‍റെ കൊലപാതകം: മൈസൂരുവിൽനിന്ന് ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന മൂന്നുപേർ പിടിയിൽ

പാരമ്പര്യ വൈദ്യന്‍റെ കൊലപാതകം: മൈസൂരുവിൽനിന്ന് ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന മൂന്നുപേർ പിടിയിൽ

മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ നിർദേശ പ്രകാരം ഷാബ ഷെരീഫിനെ മൈസൂരിൽ നിന്ന് കൊണ്ട് വന്നവരാണ് പിടിയിൽ ആയത്

  • Last Updated :
  • Share this:
മലപ്പുറം: പാരമ്പര്യ വൈദ്യൻ മൈസൂർ സ്വദേശി ഷാബാ ഷെരീഫ് കൊലക്കേസിൽ മൂന്ന് പേര് കൂടി പോലീസ് പിടിയിൽ. ഷാബാ ഷെരീഫിനെ കേസിലെ മുഖ്യ പ്രതി ഷൈബിൻ അഷ്റഫിൻ്റെ നിർദേശപ്രകാരം മൈസൂരിൽ നിന്ന് തട്ടിക്കൊണ്ടു വന്ന മൂന്ന് പേരാണ് ഇപ്പോൾ നിലമ്പൂർ പോലീസിൻ്റെ കസ്റ്റഡിയിൽ ഉള്ളത്. കൂത്രാടൻ അജ്മൽ, പൂളക്കുളങ്ങര ഷബീബ് റഹ്മാൻ, വണ്ടൂർ പഴയ വാണിയമ്പലം സ്വദേശി ചീര ഷെഫീഖ് എന്നിവരാണ് പോലീസ് പിടിയിലായത്. എറണാകുളത്ത് നിന്ന് ആണ് ഇവരെ പോലീസ് പിടികൂടിയത്. ഒളിവിൽ ആയിരുന്ന ഇവർക്ക് വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇവർക്ക് പണവും മൊബൈൽ ഫോണും സിം കാർഡും നൽകിയ വണ്ടൂർ സ്വദേശി കൃഷ്ണ പ്രസാദും പോലീസിൻ്റെ പിടിയിൽ ആയിട്ടുണ്ട്.

കേസിലെ മുഖ്യ പ്രതിയായ ഷൈബിൻ അഷ്റഫ് അടക്കം ഉളളവർ പോലീസ് പിടിയിൽ ആയതോടെ നാട്ടിൽ നിന്നും മുങ്ങിയത് ആണ് ഇപ്പോൾ പിടിയിൽ ആയവർ. പൊള്ളാച്ചി, ബാംഗ്ലൂർ, ഹൈദരാബാദ്, ഡൽഹി, മണാലി, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ ആയിരുന്നു ഇവർ. തുടർന്ന് സാമ്പത്തിക പ്രതിസന്ധി കാരണം ചില സുഹൃത്തുക്കളിൽ നിന്ന് പണം സംഘടിപ്പിക്കാൻ വേണ്ടിയാണ് ഇവർ എറണാകുളത്ത് എത്തിയത്. വാഴക്കാലയിലെ ഒരു ലോഡ്ജിൽ കഴിയുക ആയിരുന്ന ഇവരെ നിലമ്പൂർ പോലീസും ഡാൻസാഫ് ടീമും ചേർന്ന് ആണ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ പ്രതികളായ ഷൈബിൻ്റെ ബന്ധു കൈപ്പഞ്ചേരി ഫാസിൽ, പൊരി ഷമീം എന്നിവരെ കൂടി ഇനി പിടികൂടാൻ ഉണ്ട്. ഇവർ ഒളിവിലാണ്.

പിടിയിലായ മൂന്ന് പേർക്ക് ഗൾഫിലെ കൊലപാതകങ്ങളിൽ പങ്ക് ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഷൈബിൻ അഷ്റഫിൻ്റെ നിർദേശപ്രകാരം ഗൾഫിൽ രണ്ട് കൊലപാതകങ്ങൾ നടന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. ഈ കേസുകളിൽ ഇവർക്ക് ബന്ധം ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മുഖ്യ പ്രതി ഷൈബിന്‍ അഷറഫിന്റെ എല്ലാ ക്രൂരകൃത്യങ്ങള്‍ക്കും സ്വദേശത്തും വിദേശത്തും സഹായികളായി നിന്നവരാണ് പ്രതികള്‍. കേസില്‍ മൊത്തം ഒമ്പത് പ്രതികളാണുള്ളത്. മുഖ്യ പ്രതി നിലമ്പൂര്‍ മുക്കട്ട ഷൈബിന്‍ അഷ്‌റഫ്(37),ഷൈബിന്റെ മാനേജരായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (36), കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ്(41),ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.

നേരത്തെ ഷാബ ഷെരീഫിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ  പോലീസ് നാവികസേനയുടെ സഹായത്തോടെ ചാലിയാറിൽ രണ്ടുദിവസം തിരച്ചിൽ നടത്തിയിരുന്നു എങ്കിലും കാര്യമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. മൃതദേഹാവശിഷ്ടങ്ങൾ  പുഴയിലേക്ക് തള്ളി എന്ന് ഷൈബിൻ അഷ്റഫ് പറഞ്ഞ എടവണ്ണ സീതിഹാജി പാലം സമീപ പ്രദേശങ്ങളിലാണ് തെരച്ചിൽ നടത്തിയത്.

2019 ഓഗസ്റ്റിൽ മൈസൂരിൽ നിന്നും തട്ടിക്കൊണ്ടു വന്ന മൂലക്കുരു ഒറ്റമൂലി വൈദ്യൻ ഷാബാ ഷെരീഫിനെ 2020 ഒക്ടോബറിൽ തടങ്കലിൽ വച്ച് ഷൈബിൻ അഷ്റഫ് മർദിച്ചു കൊന്നു എന്നാണ് കേസിലെ മറ്റൊരു പ്രതി  നൗഷാദ് പോലീസിനോട് പറഞ്ഞത്. തുടർന്ന് മൃതദേഹം കഷണങ്ങൾ ആക്കി മുറിച്ച് വെട്ടിയരിഞ്ഞ് പുഴയിൽ തള്ളി എന്നുമായിരുന്നു നൗഷാദിന്റെ വെളിപ്പെടുത്തൽ. മൂലക്കുരു ഒറ്റമൂലി മരുന്ന് രഹസ്യം അറിയാൻ വേണ്ടിയാണ് ഷാബ ഷെറീഫിനെ ഒരു വർഷത്തിലധികം തടങ്കലിൽ പാർപ്പിച്ച ക്രൂരമായി പീഡിപ്പിച്ചത്.  ക്രൂര പീഡനങ്ങൾക്കൊടുവിൽ ഷാബാ ഷെരീഫ്  കൊല്ലപ്പെടുകയായിരുന്നു
Published by:Anuraj GR
First published: