രാജ്യത്തെ നടുക്കിയ ഡല്‍ഹിയിലെ ശ്രദ്ധ വാക്കര്‍ കൊലപാതകം നടന്ന് മാസങ്ങള്‍ക്കുശേഷം, സാമന രീതിയില്‍ രണ്ട് സ്ത്രീകള്‍ കൂടി കൊല്ലപ്പെട്ടു. ഒന്ന് ഡല്‍ഹിയിലും മറ്റൊന്ന് മഹാരാഷ്ട്രയിലും. ഈ മൂന്ന് സ്ത്രീകളെയും കൊന്നത് ലിവ് ഇൻ റിലേഷനിൽ അവർക്കൊപ്പം താമസിച്ചിരുന്ന കാമുകന്മാരാണ്.
നിക്കി യാദവ് വധക്കേസ്
24 കാരനായ സഹില്‍ ഗെഹ്‌ലോട്ടാണ് 23 കാരിയായ കാമുകി നിക്കി യാദവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനിരിക്കെയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ മിത്രോണ്‍ ഗ്രാമ സ്വദേശിയായ സഹിലിനെ അറസ്റ്റ് ചെയ്തു.
കൊലപാതകം നടത്തി നാല് ദിവസത്തിന് ശേഷം ഫെബ്രുവരി 14-ന് മൃതദേഹം കണ്ടെടുത്തതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. കുറ്റകൃത്യം നടന്ന ദിവസം മുതല്‍ പൂട്ടിയിട്ടിരുന്ന പ്രതിയുടെ ഭക്ഷണശാലയിലെ റഫ്രിജറേറ്ററില്‍ നിന്ന് ചൊവ്വാഴ്ച രാവിലെയാണ് നിക്കിയുടെ മൃതദേഹം കണ്ടെടുത്തത്. മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന കാര്യം പ്രതി നിക്കിയില്‍ നിന്ന് മറച്ചുവെച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇതറിഞ്ഞ നിക്കി സാഹിലുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും ഇത് കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അവര്‍ പ്രണയത്തിലായിരുന്നു, നിക്കി സഹിലിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. ഫെബ്രുവരി 10നാണ് കൊലപാതകം നടന്നത്.
Also read-കാമുകിയെ കൊന്ന് ഫ്രിഡ്ജില്‍ കയറ്റിയ അന്ന് മറ്റൊരു യുവതിയെ വിവാഹം ചെയ്ത യുവാവ് അറസ്റ്റില്‍
മേഘ തോര്‍വി വധക്കേസ്
തിങ്കളാഴ്ച, മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ നലസോപാരയിലെ ഒരു ഫ്‌ലാറ്റില്‍ നിന്ന് അഴുകിയ നിലയില്‍ മേഘ തോര്‍വി എന്ന സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. കൊലപാതകത്തിന് ശേഷം ഹരിദ്വാറിലേക്ക് രക്ഷപ്പെടുന്നതിനിടെ മധ്യപ്രദേശിലെ നഗ്ദയില്‍ നിന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രതി ഹര്‍ദിക് ഷായെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മേഘയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഫ്‌ളാറ്റിലെ വീട്ടുപകരണങ്ങള്‍ വിറ്റ് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു പ്രതി. ഇതിനായി ചിലര്‍ ഫ്‌ളാറ്റില്‍ വന്നുപോകുകയും ചെയ്തു. ഇതിനിടെ ഇവരുടെ ഫ്‌ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാനും തുടങ്ങിയിരുന്നു. ഇതില്‍ സംശയം തോന്നിയ അയല്‍ക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൊലപാതകത്തെക്കുറിച്ച് ഭാര്യയുടെ സഹോദരിക്ക് ഹര്‍ദിക് സന്ദേശം അയച്ചിരുന്നുവെന്നും സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ ആലോചിക്കുകയായിരുന്നുവെന്നും പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഫെബ്രുവരി 11 ന് പണത്തെ ചൊല്ലി ഇവർ തമ്മിൽ വഴക്ക് ഉണ്ടാകുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഒരു ഡേറ്റിംഗ് ആപ്പ് വഴി മൂന്ന് വര്‍ഷം മുമ്പാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയത്. കുറച്ചുകാലം ഒരുമിച്ച് ജീവിച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇവര്‍ വിവാഹിതരായതായും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Also read- മഹാരാഷ്ട്രയിൽ യുവതിയുടെ മൃതദേഹം മെത്തയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ
തൊഴില്‍ രഹിതനായിരുന്ന ഹര്‍ദിക് ലോക്ക്ഡൗണ്‍ കാലത്ത് കോള്‍-ഡാറ്റ-റെക്കോര്‍ഡ് അനലിസ്റ്റായി ജോലി ചെയ്തിരുന്നു. മേഘ നഴ്സായി ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് അവരും ജോലി ഉപേക്ഷിച്ചിരുന്നു. ടവല്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് ഹര്‍ദിക് മേഘയെ കൊലപ്പെടുത്തിയത്.
ശ്രദ്ധ വാൽക്കര്‍ കൊലപാതകം
2022 മെയ് 18 നാണ് അഫ്താബ് പൂനവാല തന്റെ പങ്കാളിയായ ശ്രദ്ധ വാൽക്കറിനെ കൊലപ്പെടുത്തി ശരീരം പല കഷണങ്ങളായി മുറിച്ച് ഉപേക്ഷിച്ചത്. 6,629 പേജുള്ള കുറ്റപത്രത്തില്‍, ഇരയെ താന്‍ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നും മൃതദേഹം എങ്ങനെയാണ് മറവ് ചെയ്തതെന്നും പൂനവാല വ്യക്തമാക്കുന്നുണ്ട്. ദുബായിലുള്‍പ്പെടെ നിരവധി സ്ത്രീകളുമായി താന്‍ ചങ്ങാത്തത്തിലായിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ സ്വഭാവത്തില്‍ ശ്രദ്ധയ്ക്ക് സംശയം ഉണ്ടായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ശ്രദ്ധയുടെ മരണശേഷം പൂനവാല മറ്റൊരു ഒരു സ്ത്രീയുമായി സൗഹൃദത്തിലാകുകയും ചെയ്തു. ഇവര്‍ പ്രതിയുടെ വീട്ടിലെത്തിയ ദിവസം ശ്രദ്ധയുടെ കഷ്ണങ്ങളാക്കപ്പെട്ട ശരീരം റഫ്രിജറേറ്ററില്‍ നിന്ന് അടുക്കളയിലെ കബോര്‍ഡിലേക്ക് മാറ്റിയതായും കുറ്റപത്രത്തില്‍ പറയുന്നു.അവര്‍ പോയതിനുശേഷം, ബാക്കിയുള്ള ശരീരഭാഗങ്ങളായ തലയും ഉടലും കൈത്തണ്ടയും റഫ്രിജറേറ്ററിലേക്ക് മാറ്റിയെന്നും പൂനവാല കുറ്റപത്രത്തില്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.