മലപ്പുറം: മൈസൂര് സ്വദേശി പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധക്കേസിലെ മുഖ്യ പ്രതിയായ ഷൈബിൻ അഷ്റഫിൻ്റെ വിശ്വസ്ത ഉപദേഷ്ടാവ് ആയിരുന്നു റിട്ടയേർഡ് എസ് ഐ സുന്ദരൻ സുകുമാരൻ. കോടതിയിൽ കീഴടങ്ങിയ ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത പോലീസിന് ഏറെ നിർണായകമായ ഒട്ടേറെ വിവരങ്ങളാണ് ലഭിച്ചത്. ഷൈബിന്റെ അറസ്റ്റിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
ഷൈബിന്റെ ബന്ധുക്കളോടും ഗുണ്ടാനേതാവിനോടുമൊപ്പം കോഴിക്കോട്ടെ ഗുണ്ടാനേതാവിന്റെ അഭിഭാഷകന്റെ അടുത്താണ് സുന്ദരൻ സുകുമാരൻ ആദ്യം പോയത്. സുന്ദരനോട് ഒളിവിൽ പോവാനുള്ള ഉപദേശമാണ് അഭിഭാഷകൻ നൽകിയത്. "താങ്കൾക്കെതിരെ പൊലീസിൽ ശക്തമായ തെളിവുകൾ ഉള്ളതിനാൽ അറസ്റ്റ് ഉണ്ടാകുമെന്ന്" വക്കീൽ അറിയിച്ചതോടെ സ്വന്തം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സുന്ദരൻ ഒളിവിൽ പോവുകയായിരുന്നു.
പിന്നീട് ഗുണ്ട നേതാവിന്റെ സഹായത്തോടെ കോഴിക്കോട്ടെ മെട്രോ പ്ലാസയിലും ശേഷം പറശ്ശിനിക്കടവ്, ഓച്ചിറ, മധുര, രാമേശ്വരം, തെങ്കാശി, രാജപാളയം മുതലായ അമ്പലങ്ങളിലും റെയിൽവെ പരിസരങ്ങളിലും ഒളിച്ചു താമസിച്ചു. കൈവശമുള്ള പണം തീർന്ന തോടെ ആദ്യം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചെങ്കിലും മകനെ ഓർത്ത് അത് ചെയ്തില്ല എന്ന് സുന്ദരൻ സുകുമാരൻ പൊലീസിനോട് വെളിപ്പെടുത്തി.
Also Read- കൊച്ചി ഫ്ലാറ്റിലെ കൊലപാതകം: അർഷാദ് കൊല നടത്തിയത് ഒറ്റയ്ക്ക്; കുറ്റം സമ്മതിച്ചു
മുൻകൂർ ജാമ്യത്തിനുള്ള ശ്രമവും പരാജയപ്പെട്ടതോടെ മാധ്യമങ്ങളുടെയും പൊലീസിന്റെയും കണ്ണ് വെട്ടിച്ച് ഈ മാസം എട്ടിന് ചാലക്കുടി കോടതിയിൽ ഹാജരായി നേരിട്ട് സറണ്ടർ അപേക്ഷ കൊടുത്തെങ്കിലും കോടതി അംഗീകരിച്ചില്ല.
അതോടെ വീണ്ടും ഓച്ചിറ ക്ഷേത്രത്തിലേക്ക് തന്നെ മടങ്ങി. ഇവിടെ ഉള്ള സൗജന്യ ഭക്ഷണവും താമസവും പ്രയോജനപ്പെടുത്തി ആയിരുന്നു പിന്നീട് ദിവസങ്ങൾ തള്ളിനീക്കിയത്.
പിന്നീട് പോലീസും മാധ്യമ പ്രവർത്തകരുടെയും ശ്രദ്ധയിൽ പെടാതിരിക്കാനായി പത്താം തീയതി തൊടുപുഴയിലെ ഒരു വക്കീലാഫീസിൽ എത്തി മുട്ടം കോടതിയിൽ കീഴടങ്ങുകയായിരുന്നു. മുട്ടം കോടതി റിമാൻഡ് ചെയ്തതിനെ തുടർന്നാണ് നിലമ്പൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്.
ഷൈബിനെ പരിചയപ്പെടുന്നത് മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കിയ സംഭവം ഒതുക്കിക്കൊണ്ട്
2010 ൽ ബത്തേരി പോലീസ് സ്റ്റേഷനിൽ ഹെഡ്കോൺസ്റ്റബിൾ ആയി ജോലിചെയ്യുന്നപ്പോഴാണ് സുന്ദരൻ സുകുമാരൻ ഷൈബിൻ അഷ്റഫിനെ പരിചയപ്പെട്ടത്. അമിതമായി മദ്യപിച്ച് ഷൈബിൻ ബൊലേറോ ജീപ്പ് അമിത വേഗത്തിൽ ഓടിച്ച് അപകടത്തിൽ പെട്ടിരുന്നു. നാട്ടുകാർ പോലീസിൽ അറിയിച്ചത് പ്രകാരം ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്ത ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നത് സുന്ദരനായിരുന്നു. ഈ സംഭവത്തിൽ കേസെടുക്കാതെ സഹായിച്ചതിലുള്ള പരിചയമാണ് പിന്നീട് ഷൈബിന്റെ അടുപ്പക്കാരനും അനുയായിയുമായി മാറാൻ സുന്ദരനെ പ്രേരിപ്പിച്ചത്.
രണ്ട് വർഷത്തോളം തുടർന്ന ഈ സുഹൃദം പിന്നീട് ലീവെടുത്ത് സൗജന്യമായി ഷൈബിന്റെ കൂടെ ദുബായിലേക്ക് വിസിറ്റിങ് വിസയിൽ എത്തിപ്പെടുകയുമായിരുന്നു. പിന്നീട് ഷൈബിൻ ചെയ്ത കുറ്റകൃത്യങ്ങൾക്ക് പിന്നിൽ ബുദ്ധി ഉപദേശിച്ച് നൽകിയിരുന്നത് സുന്ദരൻ സുകുമാരൻ ആയിരുന്നു.
Also Read- ഭാര്യയെയും മാതാപിതാക്കളെയും യുവാവ് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു
അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡി കഴിഞ്ഞ സുന്ദരൻ സുകുമാരനെ ഞായറാഴ്ച നിലമ്പൂർ കോടതിയിൽ ഹാജരാക്കും. തെളിവെടുപ്പിൽ സുന്ദരൻ അവസാനമായി സബ് ഇൻസ്പെക്ടറായി ജോലി ചെയ്ത അമ്പലവയൽ പോലീസ് സ്റ്റേഷനിലും കോളേരിയിലെ സ്വന്തം വീട്ടിലും ബത്തേരി പുത്തൻ കുന്ന്, മന്തട്ടിക്കുന്ന്, നിലമ്പൂരിലെ മുക്കട്ട എന്നി വിടങ്ങളിലെ ഷൈബിന്റെ വീട് കളിലും എത്തിച്ച് തെളിവുകൾ ശേഖരിച്ചു. സർവീസിലിരിക്കെ സാമൂഹ്യ വിരുദ്ധരുമായി അവിഹിത ഇടപാട് നടത്തിയതിനും കൃത്യവിലോപത്തിനും പലതവണ വകുപ്പ് തല നടപടികൾ നേരിട്ടയാളാണ് സുന്ദരൻ.
കൊല്ലം പള്ളിമൺ സ്വദേശിയായ സുന്ദരൻ വയനാട് കൊളേരിയിലാണ് താമസം. വയനാട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 28 വർഷം പല റാങ്കിലായി ജോലി ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Murder case, Mysuru, Nilambur