പീരുമേട് (ഇടുക്കി): കടയില്‍ നിന്ന് സ്ഥിരമായി പണം മോഷ്ടിക്കുന്ന പൊലീസുകാരനെ കടയുടമ കൈയോടെ പിടികൂടി. പിടിക്കപ്പെട്ടതോടെ പൊലീസുകാരന് പണം നല്കി തടിയൂരുകയായിരുന്നു. പാമ്പനാര്‍ ടൗണിലെ കടയിലായിരുന്നു സംഭവം. പണം കവരുന്നതിനിടെയാണ് പൊലീസുകാരന് പിടിയിലായത്.
പണം നഷ്ടപ്പെടുന്നത് പതിവായതോടെ കടയുടമ കടയിലെത്തുന്നവരെയെല്ലാം രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പതിവുപോലെ കടയിലെത്തിയ പൊലീസുകാരന് 1000 രൂപ മോഷ്ടിക്കാന്‍ ശ്രമിച്ചു. കടയുടമ ഇയാളെ പിടിച്ചുനിര്‍ത്തി അടുത്തുള്ള വ്യാപാരികളെ വിളിച്ചുകൂട്ടുകയായിരുന്നു. ആളുകള്‍ കൂടിയതോടെ 40,000 രൂപ നല്‍കാമെന്ന് പറഞ്ഞ് പ്രശ്നം ഒത്തുതീര്‍പ്പാക്കി. 5000 രൂപ നല്‍കുകയും ചെയ്തു. സ്ഥലത്തെത്തിയവരില്‍ ചിലര്‍ പൊലീസില്‍ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Also Read- ‘പോലീസുകാരന്റെ മാമ്പഴ മോഷണം ഒത്തുതീർക്കാനാകില്ല’; സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പോലീസ്
മുന്‍പ് കടയില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയിരുന്നു. അന്ന് മുതലാണ് പൊലീസുകാരന് കടയില്‍ സ്ഥിരമായി എത്താന്‍ തുടങ്ങിയത്. കടയിലെത്തിയ പൊലീസുകാരന് നാരങ്ങാവെള്ളം എടുക്കാന്‍ ആവശ്യപ്പെട്ടു. കടയുടമ ഇതെടുക്കാന്‍ തിരിഞ്ഞ സമയമാണ് പതിവുപോലെ പണപ്പെട്ടിയില്‍ നിന്ന് പണം കവര്‍ന്നത്. പൊലീസുകാരനെതിരായ ആരോപണത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Also Read- പത്ത് പവൻ സ്വർണം മോഷ്ടിച്ച പൊലീസുകാരൻ അറസ്റ്റിൽ; മോഷണം സുഹൃത്തിന്റെ വീട്ടിൽ നിന്ന്
നേരത്തെ പൊലീസുകാരൻ കടയിൽ നിന്ന് മാങ്ങ മോഷണം നടത്തിയതും സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണാഭരണം നടത്തിയതും പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയിരുന്നു. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി പി.വി. ഷിഹാബാണ് മാങ്ങമോഷണക്കേസിലെ പ്രതി. കോട്ടയം കാഞ്ഞിരപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത മാമ്പഴ മോഷണ കേസ് ഒത്തുതീർത്തിരുന്നു. എറണാകുളം എ ആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫീസറായ കെ അമൽദേവാണ് സ്വർണാഭരണങ്ങൾ മോഷ്ടിച്ചതിന് പിടിയിലായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.