• HOME
  • »
  • NEWS
  • »
  • crime
  • »
  • കൂടത്തായിയിലെ മരണങ്ങൾ; ആറുപേരും മരണത്തിന് മുമ്പ് സൂപ്പ് കഴിച്ചു; അന്വേഷണം ഉറ്റബന്ധുവായ സ്ത്രീയിലേക്ക്

കൂടത്തായിയിലെ മരണങ്ങൾ; ആറുപേരും മരണത്തിന് മുമ്പ് സൂപ്പ് കഴിച്ചു; അന്വേഷണം ഉറ്റബന്ധുവായ സ്ത്രീയിലേക്ക്

2002 നും 2015 നും ഇടയിൽ ആറ് പേരും പൊടുന്നനെ കുഴഞ്ഞു വീണായിരുന്നു മരിച്ചത്

കൂടത്തായിയില്‍ മരിച്ചവര്‍: ടോം തോമസ്, അന്നമ്മ തോമസ്, റോയ് തോമസ്, മാത്യു മച്ചാടി, സിലി, അല്‍ഫോന്‍സ

കൂടത്തായിയില്‍ മരിച്ചവര്‍: ടോം തോമസ്, അന്നമ്മ തോമസ്, റോയ് തോമസ്, മാത്യു മച്ചാടി, സിലി, അല്‍ഫോന്‍സ

  • Share this:
    കോഴിക്കോട്: താമരശ്ശേരി കൂടത്തായിയിൽ 13 വർഷത്തിനിടെ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്ന നിഗമനത്തിൽ ക്രൈം ബ്രാഞ്ച്. മരണത്തിന് തൊട്ടുമുമ്പ് എല്ലാവരും ഭക്ഷണം കഴിച്ചത് ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി. മരിച്ച ആറു പേരുടെയും മൃതദേഹങ്ങൾ കല്ലറ തുറന്ന് ഫോറൻസിക് സംഘം പരിശോധിച്ചു. അതേസമയം അന്വേഷണം ഉറ്റബന്ധുവായ സ്ത്രീയെ കേന്ദ്രീകരിച്ചാണെന്നാണ് വിവരം. മരിച്ച ആറുപേരും കുഴഞ്ഞുവീഴുന്നതിന് മുമ്പ് ആട്ടിൻസൂപ്പ് കഴിച്ചതായാണ് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍റെകൂടി അടിസ്ഥാനത്തിലാണ് ഇന്ന് കല്ലറ തുറന്ന് മൃതദേഹങ്ങൾ പരിശോധിച്ചത്.

    കോടഞ്ചേരി സെന്റ് ഫൊറോന സെമിത്തേരിയിലെ കല്ലറ തുറന്ന് സിലിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങളാണ് ഫോറൻസിക് വിഭാഗം ആദ്യം പരിശോധിച്ചത്. പിന്നീട് ക്രൈംബ്രാഞ്ച് സംഘം കൂടത്തായി ലൂർദ് മാതാ പള്ളിയിലെത്തി. രണ്ട് കല്ലറകളാണ് തുറന്നത്. പൊന്നാമറ്റത്തിൽ അന്നമ്മ, അന്നമ്മയുടെ ഭർത്താവ് ടോം തോമസ്, മകൻ റോയ് എന്നിവരെ സംസ്കരിച്ച കല്ലറയാണ് ആദ്യം തുറന്നത്. പിന്നാലെ അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യുവിനെ സംസ്കരിച്ച കല്ലറ തുറന്ന് ശരീരാവശിഷ്ടങ്ങൾ ശേഖരിച്ചു. മരിച്ചവരുടെ ബന്ധുക്കളും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു നടപടി. ശാസ്ത്രീയ പരിശോധന ഫലം വരുന്നതോടെ ദുരൂഹ മരണത്തിന് വ്യക്തതയുണ്ടാകുമെന്നാണ് വിലയിരുത്തൽ. പ്രധാന തെളിവുകൾ ഇതിനകം ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചതായും ഉദ്യോഗസ്ഥർ പറയുന്നു.

    കൂടത്തായിയിലേത് ആസൂത്രിത കൊലപാതകങ്ങൾ; സൂചന നൽകി റൂറൽ എസ് പി കെ.ജി സൈമൺ

    2002 നും 2015 നും ഇടയിൽ ആറ് പേരും പൊടുന്നനെ കുഴഞ്ഞു വീണായിരുന്നു മരിച്ചത്. വിഷം അകത്ത് ചെന്നാണ് മരണമെന്ന് റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. റോയിയുടെ ശരീരത്തിൽ സയനൈഡിന്‍റെ സാനിധ്യമുള്ളതായാണ് റിപ്പോർട്ടിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് മരിച്ചവരുടെ ഉറ്റ ബന്ധുവായ സ്ത്രീയെ ക്രൈം ബ്രാഞ്ച് നിരവധി തവണ ചോദ്യം ചെയ്തിരുന്നു. ആറ് പേർ മരിച്ചപ്പോഴും ഇവരുടെ സാന്നിധ്യമുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

    ആസൂത്രിത കൊലപാതകങ്ങളായിരുന്നെന്ന സംശയം പ്രകടിപ്പിച്ച് ടോം - അന്നമ്മ ദമ്പതികളുടെ മറ്റൊരു മകനായ റോജോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാസങ്ങൾക്ക് മുമ്പ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. ആറു പേരുടെയും മരണത്തിന് ശേഷം വ്യാജരേഖ ചമച്ച് സ്വത്തുക്കൾ സ്വന്തം പേരിലാക്കാൻ പൊലീസ് സംശയിക്കുന്ന യുവതി നടത്തിയ ശ്രമത്തെ തുടർന്നാണ് റോജോ പരാതി നൽകിയത്.
    First published: