• HOME
  • »
  • NEWS
  • »
  • crime
  • »
  • Dileep | നടൻ ദിലീപ് ഫോണുകൾ നൽകേണ്ടി വരുമോ? ഹൈക്കോടതിയിൽ ഇന്നും പ്രത്യേക സിറ്റിംഗ്

Dileep | നടൻ ദിലീപ് ഫോണുകൾ നൽകേണ്ടി വരുമോ? ഹൈക്കോടതിയിൽ ഇന്നും പ്രത്യേക സിറ്റിംഗ്

രാവിലെ പതിനൊന്നിന് ഈ ഹർജി പരിഗണിക്കുന്നതിനായി കോടതി പ്രത്യേക സിറ്റിംഗ് നടത്തും

ദിലീപ്

ദിലീപ്

  • Share this:
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (female actor assault case) അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിൻ്റെയും (actor Dileep) കൂട്ടുപ്രതികളുടെയും മൊബൈൽ ഫോണുകൾ അന്വേഷണസംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രാവിലെ പതിനൊന്നിന് ഈ ഹർജി പരിഗണിക്കുന്നതിനായി കോടതി പ്രത്യേക സിറ്റിംഗ് നടത്തും.

നടിയെ ആക്രമിച്ച സംഭവത്തിലെ ബൈജു പൗലോസ് അടക്കമുള്ള ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ നിർണ്ണായക വിവരങ്ങൾ അടങ്ങിയ ഫോൺ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ദിലീപ് മനഃപൂർവം മറച്ചുപിടിക്കുന്നു എന്നാണ് പ്രോസിക്യൂഷൻ ആരോപണം. എന്നാൽ തന്‍റെ സ്വകാര്യതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉളളതിനാൽ ഹാജരാക്കാനാകില്ലെന്നാണ് ദിലീപിന്‍റെ നിലപാട്. ഈ സാഹചര്യത്തിൽ നിലപാടറിയിക്കാൻ ദിലീപിനോട് സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് തന്‍റെ ഫോൺ അന്വേഷണസംഘത്തിന് കൈമാറാനാകില്ലെന്ന് നടൻ ദിലീപ് ഇന്നലെ നടന്ന വാദം കേൾക്കലിൽ ഹൈക്കോടതിയിൽ വ്യക്തമാക്കിരുന്നു. തന്‍റെ മുൻ ഭാര്യ മഞ്ജു വാര്യരുമായും, കുടുംബാംഗങ്ങളുമായും, അഭിഭാഷകരുമായിട്ടുള്ള സ്വകാര്യസംഭാഷണങ്ങളും തനിയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച ബാലചന്ദ്രകുമാറുമായി നടത്തിയ സംഭാഷണങ്ങളുടെ പൂർണ്ണരൂപവും ആ ഫോണിലുണ്ടെന്നും, അന്വേഷണസംഘം അത് ദുരുപയോഗം ചെയ്താൽ തന്‍റെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് ദിലീപ് വാദിച്ചത്.

ക്രൈംബ്രാഞ്ച് തെളിവുകൾ നശിപ്പിക്കുമെന്ന ആശങ്കയും ദിലീപ് പങ്കുവെച്ചു. എന്നാൽ അന്വേഷണസംഘത്തെയും പ്രോസിക്യൂഷനെയും വിശ്വാസമില്ലെങ്കിൽ ഈ ഫോൺ കോടതിയിൽ ഹാജരാക്കിക്കൂടേ എന്ന് ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് പി. ഗോപിനാഥിന്‍റെ സിംഗിൾ ബഞ്ചാണ് കേസ് പരിഗണിച്ചത്. സംസ്ഥാന സർക്കാർ നൽകിയ ഉപഹർജി പരിഗണിക്കവേയാണ് ദിലീപ് ഇത്തരം വാദമുഖങ്ങൾ ഹൈക്കോടതിയിൽ ഉന്നയിച്ചത്.

ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ദിലീപ് ഉപയോഗിച്ച ഫോണുകൾ അന്വേഷണസംഘത്തിന് നൽകാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ ഉപഹർജി നൽകിയത്. ദിലീപിൻ്റെ  മുൻകൂർ ജാമ്യഹർജിയുടെ പ്രധാന വ്യവസ്ഥകളിൽ ഒന്നാണ് അന്വേഷണവുമായി സഹകരിക്കുക എന്നത്. എന്നാൽ ഫോൺ നൽകാതിരിക്കുന്നതിലൂടെ ഇക്കാര്യത്തിൽ ദിലീപ് ജാമ്യവ്യവസ്ഥയുടെ ലംഘനം നടത്തിയതായി പ്രോസിക്യൂഷൻ ആരോപിക്കുന്നു.

ദിലീപിന്‍റെ വസതിയിൽ നിന്ന് അന്വേഷണസംഘം പിടിച്ചെടുത്ത ഫോണുകൾ പുതിയ ഫോണുകളാണ്. 2022 ജനുവരിയിൽ മാത്രമാണ് ആ ഫോണുകൾ ദിലീപും സഹോദരൻ അനൂപും ഉപയോഗിച്ച് തുടങ്ങിയത്. എന്നാൽ അതിന് മുമ്പ് ദിലീപ് ഉപയോഗിച്ച ഫോണുകൾ കേസിൽ നിർണ്ണയകമാണ് എന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്.

ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് ആപ്പിൾ ഫോൺ, ഒരു വിവോ ഫോൺ, ദിലീപിന്‍റെ സഹോദരൻ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഹുവായ് ഫോൺ എന്നിവ അന്വേഷണം തുടങ്ങിയപ്പോൾ മാറ്റിയെന്നും, അന്വേഷണസംഘത്തിന് മുൻപിൽ ഹാജരാക്കിയത് പുതിയ ഫോണുകളാണെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ പറയുന്നു. ഒറ്റയടിയ്ക്ക് പ്രതികൾ കൂട്ടത്തോടെ ഫോണുകൾ മാറ്റിയതിന് പിന്നിൽ ഗൂഡാലോചന ഉണ്ടെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. ഫോണുകൾ മാറ്റിയെന്ന കാര്യം ദിലീപും കോടതിയിൽ സമ്മതിച്ചു. പക്ഷേ, ഫോൺ കൈമാറുന്നത് തന്‍റെ സ്വകാര്യതയെ ബാധിക്കും എന്നാണ് ദിലീപിൻ്റെ വാദം.

ഗൂഡാലോചന കേസുമായി ബന്ധപ്പെട്ട് നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിയെ ഇന്നലെ ചോദ്യം ചെയ്‌തിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ നടക്കുന്ന തുടരന്വേഷണത്തിൻ്റെ ഭാഗമായായിരുന്നു ചോദ്യം ചെയ്യൽ. എറണാകുളം സബ് ജയിലിലെത്തിയാണ് പള്‍സര്‍ സുനിയെ അന്വേഷണസംഘം ചോദ്യം ചെയ്‌തത്. പൾസർ സുനിയെ ജയിലിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം വിചാരണക്കോടതി നേരത്തെ അനുവദിച്ചിരുന്നു.

എട്ടാം പ്രതി ദിലീപും ഒന്നാം പ്രതി പൾസർ സുനിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന നിർണ്ണായക തെളിവുകൾ ഉൾപ്പെടെ ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ ശരിയാണെന്ന് പൾസർ സുനി പറഞ്ഞതായി അമ്മ ശോഭനയും രഹസ്യമൊഴി നൽകിയിരുന്നു. ഈയൊരു സാഹചര്യത്തിലാണ് പൾസർ സുനിയിൽ നിന്നും അന്വേഷണ സംഘം കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞത്.
Published by:user_57
First published: