കൊച്ചി: കുത്താട്ടുകുളം ഇലഞ്ഞിയില്‍ കള്ളനോട്ട് സംഘത്തെ പിടികൂടിയ കേസ് എറണാകുളം റൂറല്‍ എസ് പി കെ കാര്‍ത്തിക്കിന്റെ നേത്യത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. പ്രതികള്‍ക്ക് കേരളത്തിന് പുറത്ത് നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. പ്രാദേശിക സഹായം ലഭ്യമായിട്ടുണ്ടെയെന്നും പൊലീസ് പരിശോധിയ്ക്കുന്നുണ്ട്.
കൂത്താട്ടുകുളം ഇലഞ്ഞിയില്‍ കള്ളനോട്ടടി സംഘവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് വ്യാപിപ്പിയ്ക്കുകയാണ്. തമിഴ്നാട്ടില്‍ നിന്ന് സഹായം ലഭ്യമായിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം. പിടികൂടിയ 9 ലക്ഷത്തിന് പുറമെ 15 ലക്ഷം രൂപ കൂടി മാത്രമെ അച്ചടിച്ചിട്ടൊള്ളുവെന്നാണ് പ്രതികള്‍ പോലീസിന് നല്കിയ മൊഴി. എന്നാല്‍ ഇത് പോലീസ് മുഖവിലയ്ക്കെടുക്കുന്നില്ല.
കഴിഞ്ഞ 9 മാസത്തിനിടെ നിരവധി തവണ നോട്ട് അച്ചടിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം. മാത്രമല്ല പ്രതികളില്‍ രണ്ട് പേര് നേരത്തെ തന്നെ കള്ളനോട്ട് സംഘത്തിലെ പ്രതികളാണ്. ഇവരുടെ ബന്ധത്തെക്കുറിച്ചും പ്രത്യേകം പരിശോധിയ്ക്കും. ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലുള്ളവരുമായും സഹായം ലഭിച്ചിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കള്ളനോട്ട് അടിച്ചതിന് പിന്നില്‍ വന്‍ സംഘം തന്നെയുണ്ടെന്നാണ് പൊലീസിന്റെ സംശയം.
കേസില്‍ 7 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. 7 ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസിന്റെ ആവശ്യം.
കുടുക്കിയത് വ്യാപാരികൾപരിചയമില്ലാത്ത ചില യുവാക്കള്‍ സാധനങ്ങള്‍ വാങ്ങിയ ശേഷം നല്‍കിയത് അഞ്ഞൂറിന്റെ നോട്ട്. സാധാരണയെക്കാൾ നോട്ടിന് കനം തോന്നിയപ്പോഴാണ് വ്യാപാരികള്‍ക്ക് സംശയം തോന്നിയത്. നോട്ടില്‍ സാനിറ്റൈസര്‍ അടിച്ചപ്പോള്‍ മഷി ഇളകി, നോട്ട് രണ്ട് പാളിയായി പിളര്‍ന്നു. ഇതോടെ വ്യാപാരികളില്‍ ചിലര്‍ പരിചയക്കാരനായ പൊലീസ് ഉദ്യോഗസ്ഥന് വഴി ക്രൈംബ്രാഞ്ചിന് വിവരം നല്കി. പരിശോധിച്ചപ്പോല്‍ നോട്ടുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. കൂത്താട്ടുകുളം ഇലഞ്ഞി പ്രദേശത്തെ ചെറുകിട വ്യാപാരികളാണ് കള്ളനോട്ടു വിവരം പൊലീസിന് കൈമാറിയത്.
ഇതോടെ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷണം ഏറ്റെടുത്തു. കള്ളനോട്ട് നല്കിയ യുവാക്കള്‍ വീണ്ടും വരുമ്പോള്‍ ശ്രദ്ധിക്കാനും പൊലീസിനെ വിവരം അറിയിക്കാനും വ്യാപാരികള്‍ക്ക് ഇവർ നിര്‍ദേശവും നല്കി. അങ്ങനെ രഹസ്യാന്വേഷണ വിഭാഗം യുവാക്കളെ തിരിച്ചറിഞ്ഞു. ഇലഞ്ഞിയിലെ പൈങ്കുറ്റി എന്ന സ്ഥലത്ത് ആള്‍ത്തിരക്ക് കുറഞ്ഞ റോഡിലെ ഇരുനില വീട്ടിലാണ് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവന്റ് മാനേജ്മെന്റ് സംഘമെന്ന് പറഞ്ഞാണ് ഇവിടെ താമസത്തിനെത്തിയത്. 12,500 രൂപ മാസവാടകയും 50,000 രൂപ സെക്യൂരിറ്റിയും നല്കി. 7 മാസത്തെ വാടക ഗൂഗിള്‍ പേ വഴിയാണ് ഇവര്‍ നല്‍കിയത്. യുവാക്കളെ ഇന്നലെ പുലര്‍ച്ചെ റെയ്ഡ് നടത്തി കസ്റ്റഡിയിലെടുത്തു.
അറസ്റ്റിലായ യുവാക്കളെ വിവിധ അന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതോടെ വിശദമായ വിവരങ്ങള്‍ പുറത്തുവരും. യുവാക്കളെ ചുറ്റിപ്പറ്റി കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക് വിദേശബന്ധമുള്ളതിന്റെ സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കള്ളനോട്ട് അച്ചടിക്കാന്‍ ഉപയോഗിച്ച കടലാസ്, മഷി എന്നിവയുടെ നിലവാരവും നിര്‍മിച്ച സ്ഥലവും കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.