പൊലീസ് നാടുകടത്തിയ സ്പിരിറ്റ് കടത്ത് കേസ് പ്രതിയും മുൻ സിപിഎം നേതാവുമായ അത്തിമണി അനിൽ പാലക്കാട് കോടതിയിൽ വന്നതും പോയതും സിനിമാ സ്റ്റൈലിൽ. പാലക്കാട് കോടതിയിലേക് ആഡംബര കാറിൽ വന്ന പ്രതി മടങ്ങിയത് കാരവാനിലാണ്.
അത്തിമണി അനിൽ കോടതിയിൽ വരുന്ന വിവരമറിഞ്ഞ് ഇയാളുടെ അടുത്ത സുഹൃത്തുക്കളും കോടതിയിൽ എത്തിയിരുന്നു. ഒരു വർഷത്തേയ്ക്ക് പാലക്കാട് ജില്ലയിൽ പ്രവേശിക്കാൻ കാപ്പ നിയമ പ്രകാരം പൊലീസ് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ സ്പിരിറ്റ് കടത്ത് കേസിൽ കോടതിയിൽ ഹാജരാകാൻ പൊലീസിൻ്റെ പ്രത്യേക അനുമതിയോടെയാണ് അത്തിമണി അനിൽ പാലക്കാടെത്തിയത്. ഇപ്പോൾ മഹാരാഷ്ട്രയിൽ കഴിയുന്ന അത്തിമണി അനിൽ പരിവാരങ്ങളോടൊപ്പമാണ് കോടതി വളപ്പിലെത്തിയത്. ബിഎംഡബ്ല്യു കാറിൽ വന്നിറങ്ങിയ അനിൽ കോടതിയിൽ ഹാജരായി മടങ്ങിയത് കാരവാനിലാണ്.
പാലക്കാട് എസ്പിയുടെ ശുപാർശയെ തുടർന്ന് തൃശൂർ റേഞ്ച് ഐജിയാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. കാപ്പ നിയമപ്രകാരമാണ് നടപടി. പാലക്കാട് ജില്ലയിലേക്ക് ഒരു വർഷത്തേക്ക് കടക്കുന്നതിനാണ് പ്രവേശന വിലക്ക്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
കവർച്ച മുതൽ കൈപ്പറ്റുക , മാരകായുധങ്ങൾ ഉപയോഗിച്ച് ദേഹോപദ്രവം ഏൽപ്പിക്കുക, സ്പിരിറ്റ് കടത്തൽ, കവർച്ച മുതൽ ഒളിപ്പിയ്ക്കാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അനിൽകുമാറിന് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. സി പി എം ലോക്കൽ കമ്മറ്റിയംഗമായിരുന്ന അത്തിമണി അനിൽകുമാറിനെ സ്പിരിറ്റ് കടത്ത് കേസിൽ പ്രതിയായതിനെ തുടർന്ന് പാർട്ടി പുറത്താക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.