തിരുവനന്തപുരം: വ്യാജ ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് പോവാൻ ശ്രമിച്ച ശ്രീലങ്കൻ പൗരൻ അറസ്റ്റിൽ. ശാന്തിരൻ പ്രഗഷ് രാജ് എന്നയാളാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ തിരുവനന്തപുരത്ത് നിന്നും ബെഹറിനിലേക്ക് പോകുന്ന ഗൾഫ് എയർ ജി.എഫ് 63 നമ്പർ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ.
പാസ്‌പോർട്ട് പരിശോധനയ്ക്കായി എമിഗ്രേഷൻ കൗണ്ടറിലെത്തി അന്വേഷിച്ചപ്പോഴാണ് ഇത് വ്യാജമാണന്ന് കണ്ടെത്തത്തിയത്. തുടർന്ന് ഇയാളുടെ എമിഗ്രേഷൻ നടപടികൾ തടഞ്ഞ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിന് വിധേയമാക്കി. 2031വരെ കാലാവധിയുള്ള ശ്രീലങ്കൻ പാസ്‌പോർട്ട് ഉപയോഗിച്ച് ഇയാൾ വിസിറ്റിംഗ് വിസയിൽ ചെന്നൈയിൽ എത്തിയിരുന്നു.
എന്നാൽ ശ്രീലങ്കയിലേക്ക് മടങ്ങി പോകാതെ തമിഴ്നാട്ടിൽ തങ്ങുകയും അവിടെ നിന്ന് ഇന്ത്യൻ വ്യാജ പാസ്‌പോർട്ട് സംഘടിപ്പിച്ച് ബാംഗ്ലൂരിൽ നിന്നു വിമാനത്തിൽ ആഭ്യന്തര യാത്രക്കാരനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തുകയായിരുന്നു. ഇവിടെ നിന്നും ഗൾഫ് എയർ വിമാനത്തിൽ കയറി ബഹ്റിനിലെത്തി അവിടെ നിന്നും ഫ്രാൻസിലേക്ക് കടക്കാനുള്ള ശ്രമമായിരുന്നെന്ന് ഇയാൾ എമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.