തിരുവനന്തപുരം: റിമാന്‍ഡ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ഫൈസ്റ്റാര്‍ സൗകര്യങ്ങളോടെയാണ് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നത്. എസി ഡിലക്സ് റൂമില്‍ ടിവി അടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ട് ശ്രീറാമിന്. മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ കഴിയാത്ത ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ശ്രീറാം വെങ്കിട്ടരാമനില്ല.
സാധാരണക്കാരന് സ്വപ്നം കാണാന്‍ കഴിയാത്ത സൗകര്യങ്ങളാണ് റിമാന്‍ഡ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ഐ എ എസിന് കിംസ് ആശുപത്രി ഒരുക്കി നല്‍കിയിട്ടുള്ളത്. ഒമ്പതാം നിലയില്‍ എ സി ഡീലക്സ് റൂമിലാണ് ശ്രീറാം. വാര്‍ത്തയ്ക്കും വിനോദത്തിനും ടിവി അടക്കം അത്യാധുനിക സൗകര്യങ്ങള്‍. ആവശ്യമെങ്കില്‍ ഫോണ്‍ ഉപയോഗിക്കാം. സുഹൃത്തുക്കളുമായി ശ്രീറാം നിരന്തരം ഫോണില്‍ ബന്ധപ്പെടുന്നുണ്ടെന്നാണ് സൂചന. മെഡിക്കല്‍ കോളേജില്‍ ശ്രീറാമിന്റെ ഒപ്പം പഠിച്ചവരും, ശ്രീറാം വെങ്കിട്ടരാമന്റെ പരിചയക്കാരായ ഡോക്ടര്‍മാരും ആണ് സ്വകാര്യ ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത്.
സാഹചര്യതെളിവുകള്‍ എല്ലാം എതിരായിട്ടും ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാന്‍ പഴുതൊരുക്കിയ പൊലീസ് സ്വകാര്യ ആശുപത്രിയിലും എല്ലാ ഒത്താശക്കും കൂട്ടുനില്‍ക്കുകയാണ്. രക്തത്തില്‍ മദ്യത്തിന്റെ അളവ് കുറയ്ക്കാന്‍ മരുന്ന് കഴിച്ചിരുന്നുവെന്ന സംശയവും ബലപ്പെടുന്നു. കൈക്ക് നിസാര പരിക്കു മാത്രമാണ് ശ്രീറാമിനുള്ളത്. മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ കഴിയാത്ത ഗുരുതരമായ യാതൊരു ആരോഗ്യപ്രശ്നങ്ങളും ശ്രീറാമിന് ഇല്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.