കാഞ്ഞിരപ്പള്ളിയിൽ നാടിനെയാകെ ഞെട്ടിച്ച് കൊലപാതകത്തിലാണ് നിർണായക മൊഴി നൽകി പ്രതിയായ ജോർജ് കുര്യൻ. പൊലീസിന്റെ വിശദമായി ചോദ്യം ചെയ്യലാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ ജോർജ് കുര്യൻ പറഞ്ഞത്. സ്ഥലം വിറ്റ് സാമ്പത്തിക ബാധ്യത തീർക്കാനുള്ള ശ്രമങ്ങൾ ഏറെക്കാലമായി നടത്തിവരികയായിരുന്നു. എന്നാൽ ഇളയ സഹോദരനായ രഞ്ജു ഇതിന് തടസ്സം നിന്നതായി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളി പോലീസിന് മൊഴി നൽകി.
എറണാകുളത്ത് റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തി വരുന്ന ജോർജ് കുര്യന് അടുത്തിടെ വലിയ നഷ്ടം സംഭവിച്ചിരുന്നു. കടബാധ്യത കൂടിയതോടെ വീടിന് സമീപത്ത് ഭാഗം കിട്ടിയ ഭൂമിയിൽ വില്ലകൾ നിർമിച്ച് വിൽപന നടത്താൻ ജോർജ് പദ്ധതിയിട്ടു. എന്നാൽ ഈ നീക്കത്തെ സഹോദരൻ രഞ്ജു എതിർത്തു. വീടിന് സമീപം വില്ലകൾ വരുന്നത് തറവാടിന് മോശമാണെന്നായിരുന്നു രഞ്ജുവിന്റെ നിലപാട്. തർക്കം പരിഹരിക്കാൻ പല കുറി ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതാണ് ഒടുവിൽ കൊലപാതകത്തിലേക്ക് നയിച്ചത്.
തിങ്കളാഴ്ച നടന്ന ചർച്ചയ്ക്കിടെ രഞ്ജുവിനോടൊപ്പം അമ്മാവൻ മാത്യു സ്കറിയയും ചേർന്നു. ചർച്ച തർക്കത്തിലേക്ക് നീങ്ങിയതോടെ ഇരുവരും ചേർന്ന് കയ്യേറ്റം ചെയ്തതായും സ്വയ രക്ഷയ്ക്കായാണ് വെടിവെച്ചതെന്നും ജോർജ് മൊഴി നൽകി. ചർച്ചക്കിടെ വീട്ടിൽ നിന്ന് പുറത്താക്കാൻ ഗുണ്ടകളെ എത്തിച്ചിരുന്നതായും ജോർജ് പറയുന്നു. നേരത്തെയും കൈയേറ്റം ചെയ്യാൻ ഗുണ്ടകളെ ഏർപ്പാടാക്കിയിരുന്നുവെന്ന് ജോർജ് കുര്യൻ മൊഴി നൽകി. എന്നാൽ ഇയാളുടെ മൊഴി പൂർണമായും വിശ്വസിക്കാൻ കാഞ്ഞിരപ്പള്ളി പോലീസ് തയ്യാറായിട്ടില്ല.
പോലീസ് നടത്തിയ അന്വേഷണത്തിൽ എന്നാൽ പുറമെ നിന്നാരും എത്തിയിട്ടില്ലെന്നാണ് കണ്ടെത്തിയത്. അതുകൊണ്ടു തന്നെ ഈ മൊഴി പൂർണമായും വിശ്വസിച്ച് അന്വേഷണം നടത്താനാവില്ല എന്നും പോലീസ് പറയുന്നു. ജോർജ് കുര്യൻ മൊഴി വിശദമായി പരിശോധിച്ച ശേഷം അപാകതകൾ വിലയിരുത്തി അന്തിമ കുറ്റപത്രം നൽകാനാകും പൊലീസ് തീരുമാനം. ആസൂത്രിതമായി നടത്തിയ കൊലപാതകം എന്ന നിലയിൽ തന്നെയാണ് പോലീസ് പ്രാഥമികമായി ഇതിനെ കാണുന്നത്. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാകാം റിവോൾവറുമായി വീട്ടിലെത്തി കൃത്യം നടത്തിയത് എന്നാണ് പോലീസ് വിലയിരുത്തൽ.
Also Read-അമ്മായിഅമ്മയുടെയും സുഹൃത്തിന്റെയും സംസാരം റെക്കോഡ് ചെയ്തതിന് മർദനമെന്ന് യുവതി
രഞ്ജു കുര്യന്റെ നെഞ്ച് തുളച്ചാണ് വെടിയുണ്ട കയറി പോയത്. മരിച്ച മാത്യുവിന്റെ തലയിലാണ് വെടിയേറ്റത്. പ്രതി ജോർജിനെ രാത്രിയാണ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന മുറിയില്‍ നിന്നും നാല് വെടിയുണ്ടകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. വെടിവെയ്ക്കാൻ ഉപയോഗിച്ച റിവോൾവർ പൊലീസ് നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൂടുതൽ വ്യക്തത വരുത്തുന്നതിനായി മുഴുവൻ കുടുംബാംഗങ്ങളുടേയും മൊഴിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം. വിശദമായ അന്വേഷണം നടത്തിയ ശേഷം ആകും അന്തിമമായ കുറ്റപത്രം സമർപ്പിക്കുക എന്നും കാഞ്ഞിരപ്പള്ളി പോലീസ് വ്യക്തമാക്കി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kanjirappally, Kottayam news, Murder