മലപ്പുറം: 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 64 വർഷം തടവ്. ഇതിന് പുറമെ 1,70,000 രൂപ പിഴയും കോടതി വിധിച്ചു. പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് അനിൽകുമാർ ആണ് കേസിൽ ശിക്ഷ വിധിച്ചത്. 2019 മുതൽ 2021 നവംബർ വരെ പല സമയങ്ങളിൽ രണ്ടാനച്ഛൻ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. അമ്മ ജോലിക്ക് പുറത്ത് പോയ സമയത്ത് ആയിരുന്നു പീഡനം.
സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലും എന്ന പ്രതിയുടെ ഭീഷണി ഭയന്ന് കുട്ടി എല്ലാം സഹിക്കുക ആയിരുന്നു. സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം വെളിപ്പെട്ടത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 2022 ആഗസ്റ്റ് നാലിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തൊട്ടടുത്ത ദിവസം പ്രതിയെ അറസ്റ്റ് ചെയ്തു. കേസിൽ മിന്നൽ വേഗത്തിൽ ആയിരുന്നു നടപടികൾ. കേസിൽ ആറു മാസം കൊണ്ട് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച് വിചാരണ നടപടികൾ പൂർത്തിയാക്കി.
പോലീസിന്റെ അപേക്ഷ പ്രകാരം കസ്റ്റഡിയിൽ ട്രയൽ നടത്താൻ കോടതി അനുവദിക്കുകയായിരുന്നു. പെരിന്തൽമണ്ണ സബ് ഇൻസ്‌പെക്ടർ ആയിരുന്ന നൗഷാദ് സി കെ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം നടത്തി വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചത് പെരിന്തൽമണ്ണ ഇൻസ്‌പെക്ടർ സി അലവിയാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ സപ്ന പി പരമേശ്വരത് ഹാജരായി.
ബലാത്സംഗം, ഭീഷണി , ക്രൂരത എന്നീ കുറ്റങ്ങൾക്ക് ഉള്ള വകുപ്പുകൾക്ക് പുറമെ പോക്‌സോ വകുപ്പുകളും പ്രതിക്ക് എതിരെ ചുമത്തിയിരുന്നു. എല്ലാ വകുപ്പുകൾ പ്രകാരവും ശിക്ഷ പ്രതിക്ക് ഉറപ്പാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞു. പിഴ തുക ഇരക്ക് നൽകാനും കോടതി വിധിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.