തിരുവനന്തപുരം: രാത്രിയിൽ മതിൽ ചാടി കടന്ന് രണ്ട് കാറുകളും ഓട്ടോയും കമ്പിപ്പാരകൊണ്ട് കുത്തിത്തുറന്ന് ആർസി ബുക്ക് കവർന്നു. കരകുളം കെൽട്രോൺ ജംക്‌ഷന് സമീപം അലയത്താഴ റോഡിൽ അശ്വതി ഭവനിൽ റിട്ട എസ്ഐ രാമചന്ദ്രൻ നായരുടെ വീട്ടിലാണ് സംഭവം. അക്രമികള്‍ കാറിനു അകത്ത് ഉണ്ടായിരുന്ന ആർ.സി ബുക്കുകൾ കവരുകയും, കാറുകളുടെ ബോണറ്റുകൾ കുത്തി തുറന്ന് അകത്തെ വയറുകൾ വിച്ഛേദിച്ച് കേട് വരുത്തുകയും ചെയ്തു. ശനിയാഴ്ച രാവിലെ രാമചന്ദ്രൻ നായർ ഉണർന്ന് നോക്കുമ്പോഴാണ് കാറുകൾ കേട് വരുത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
Also read-ക്ഷേത്രത്തിന്‍റെ താക്കോൽ പൂജാരി മറന്നുവെച്ചു; സ്വർണകിരീടവും മാലയും പണവും മോഷണം പോയി
രാമചന്ദ്രൻ നായരുടെയും മരുമകൻ എസ്ബിഐ ചെങ്കൽച്ചൂള ബ്രാഞ്ച് മാനേജർ രൂപേഷ് കുമാറിന്റെയും കാറുകളുടെ ആർ.സി ബുക്കുകളാണ് കവർന്നത്. രാത്രിയിൽ പൂട്ടി ഇട്ടിരുന്ന മതിൽ ചാടി കടന്നാണ് അക്രമികൾ ഇത് ചെയ്തിരിക്കുന്നത്. ഇതിനു പുറമെ അലയത്താഴ റോഡിൽ ഇരപ്പിൻമുകൾ വീട്ടിൽ സുരേഷ് കുമാറിന്റെ ഓട്ടോയും കുത്തിപ്പൊളിച്ച് ആർ.സി ബുക്ക് എടുത്ത് രാമചന്ദ്രൻ നായരുടെ വീടിന് മുന്നിൽ ഉപേക്ഷിച്ചാണ് അക്രമികൾ പോയത്. സംഭവത്തെ തുടർന്ന് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കുറെ കാലമായി ഈ റോഡ് ഭാഗത്ത് രാത്രിയിൽ ലഹരി മാഫിയകൾ തമ്പടിക്കാറുണ്ടത്രേ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.