• HOME
  • »
  • NEWS
  • »
  • crime
  • »
  • മൂന്നു തവണ കടിച്ച നായയെ സ്റ്റേഷനില്‍ എത്തിച്ച് അന്വേഷണം; ഒടുവിൽ നായ കുറ്റക്കാരനെന്ന് പൊലീസ്

മൂന്നു തവണ കടിച്ച നായയെ സ്റ്റേഷനില്‍ എത്തിച്ച് അന്വേഷണം; ഒടുവിൽ നായ കുറ്റക്കാരനെന്ന് പൊലീസ്

വളര്‍ത്താമെന്ന് ഉടമയെ കൊണ്ട് എഴുതി വാങ്ങിയ ശേഷം പിഴയടപ്പിക്കാതെ നായെയും യജമാനനെയും സ്റ്റേഷനില്‍ നിന്നും വിട്ടയ്ക്കുകയായിരുന്നു.

  • Share this:

    കൊല്ലം: മൂന്നു തവണ കടിച്ച നായയെ സ്റ്റേഷനില്‍ എത്തിച്ച് അന്വേഷണം നടത്തി കൊല്ലം കുണ്ടറ പോലീസ് സ്റ്റേഷൻ. അന്വേഷണത്തിനു ഒടുവില്‍ നായ കുറ്റക്കാരനെന്ന് പോലീസ് തെളിയിച്ചു. പേരയം ഗ്രാമപഞ്ചായത്ത് അംഗം സില്‍വി സെബാസ്റ്റ്യനെയാണ് അയല്‍വാസിയായ വിജയന്റെ വളര്‍ത്തുനായ മൂന്ന് തവണ കടിച്ചത്. തുടര്‍ന്ന് പഞ്ചായത്തംഗം പോലീസില്‍ പരാതി നല്‍കി. പരാതി അന്വേഷിക്കാനായി നായയുടെ ഉടമസ്ഥനായ കാഞ്ഞിരകോട് സ്വദേശി വിജയനെ സ്റ്റേഷനില്‍ വിളിപ്പിച്ചു. പോലീസ് കാര്യങ്ങള്‍ തിരക്കി. തന്റെ നായ അക്രമകാരി അല്ല എന്ന ഉടമയുടെ വാദത്തെ തുടര്‍ന്ന് നായയെ സ്റ്റേഷനില്‍ ഹാജരാക്കാന്‍ കുണ്ടറ പോലീസ് എസ് എച്ച് ഒ ഉത്തരവിട്ടു.

    കേസിന് തുമ്പ് ഉണ്ടാക്കുന്നതിന്റെ ഭാഗമായി സ്റ്റേഷനില്‍ ഹാജരാക്കിയ നായയെ നിരീക്ഷണത്തിലാക്കാന്‍ എസ്.എച്ച്.ഒ ഉത്തരവിട്ടു. അങ്ങനെ ഒരു മണിക്കൂറോളം പോലീസ് പ്രതിയായ നായയെ നിരീക്ഷിച്ചു. നിരീക്ഷണത്തിനൊടുവില്‍ നായ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. പരാതിയില്‍ പറയുന്ന നായ ആക്രമകാരിയാണെന്ന് പോലീസ് വിധി വന്നു.

    Also read-നടക്കാൻ ഇറങ്ങിയപ്പോൾ കടിച്ച നായയെ കീഴടക്കി യുവാവ്

    തുടര്‍ന്ന്, നായയെ കൂട്ടിലിട്ട് വളര്‍ത്താന്‍ പോലീസ് ഉത്തരവിട്ടു. വളര്‍ത്താമെന്ന് ഉടമയെ കൊണ്ട് എഴുതി വാങ്ങിയ ശേഷം പിഴയടപ്പിക്കാതെ നായെയും യജമാനനെയും സ്റ്റേഷനില്‍ നിന്നും വിട്ടയച്ചു. നിരവധി ആളുകളെ ഈ നായ ആക്രമിച്ചിട്ടുണ്ടെന്നും, താന്‍ പ്രദേശവാസികള്‍ക്ക് വേണ്ടി കൂടിയാണ് പോലീസില്‍ പരാതി നല്‍കിയെന്നും ഗ്രാമപഞ്ചായത്ത് അംഗം സില്‍വി സെബാസ്റ്റ്യന്‍ പറഞ്ഞു. കടിച്ച നായയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അന്വേഷണം നടത്തിയ കുണ്ടറ പോലീസ്, കേരള പോലീസിന്റെ അന്വേഷണ ചരിത്രത്തില്‍ മറ്റൊരു കൗതുക അധ്യായം കൂടി എഴുതിച്ചേര്‍ത്തിരിക്കുകയാണ്.

    Published by:Sarika KP
    First published: