തിരുവനന്തപുരം: ഗുണ്ടാ ബന്ധത്തിന്റെ പേരിൽ സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥൻ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ വധഭീഷണിമുഴക്കി. കഴിഞ്ഞ ദിവസം നടപടി നേരിട്ട മംഗലപുരം എഎസ്ഐ ജയനാണ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സാജിദിന് നേരെ ഭീഷണി മുഴക്കിയത്.
സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തന്നെ സസ്പെൻഡ് ചെയ്തതെന്നാരോപിച്ചായിരുന്നു ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയത്. വീട്ടിൽ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി.
ഗുണ്ടാ ബന്ധത്തിൻറെ പേരിൽ തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിൽ സ്വീപ്പർ ഒഴികെ ബാക്കി 31 പൊലീസുകാർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഗുണ്ടാ ബന്ധത്തിന്റെ പേരിൽ എസ്എച്ച് ഒ സജേഷിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെ അഞ്ച് പൊലീസുകാരെ കൂടി സസ്പെൻഡ് ചെയ്തു. ബാക്കിയുള്ളവരെ സ്ഥലമാറ്റി. ഇന്നലെ രാത്രിയാണ് കൂട്ട നടപടിയുണ്ടായത്.
സ്റ്റേഷനിൽ ആകെയുണ്ടായിരുന്ന 32 പേരിൽ മാറ്റമില്ലാത്തത് ഒരു സ്വീപ്പർക്ക് മാത്രമാണ്. ഗുണ്ടകളായ ഷെമീറും ഷെഫീഖും ഒരു ദിവസം തന്നെ രണ്ട് തവണ സ്റ്റേഷൻ പരിധിയിൽ വെച്ച് പൊലീസിന് നേരെ ബോംബെറിഞ്ഞിരുന്നു.
രക്ഷപ്പെട്ട ഷെഫീഖ് മുങ്ങുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ കല്ല് കൊണ്ട് തലക്കടിച്ച് കിണറ്റിലിട്ടത്. ഇതോടെയാണ് സർക്കാർ നടപടി വേഗത്തിലായത്. പീഡനകേസ്, ഗുണ്ടകളുമായുള്ള ബന്ധം, ഗുണ്ടകളുടെ ആഘോഷ പാർട്ടികളിലെ സന്ദർശനം, വിവരങ്ങൾ ക്രിമിനലുകൾക്ക് ചോർത്തിക്കൊടുക്കൽ അടക്കം പൊലീസിന്റെ അവിശുദ്ധ ബന്ധങ്ങളുടെ ഒട്ടനവധി വിവരങ്ങളാണ് സ്പെഷ്യൽ ബ്രാഞ്ച്- ഇന്റലിജെൻസ് റിപ്പോർട്ടുകളിലുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.