ചെന്നൈ: അപൂർവയിനം കടൽപശുവിനെ (Dugong) കശാപ്പ് ചെയ്ത് വിൽപന നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തമിഴ്നാട് വനംവകുപ്പാണ് നമ്പുതലൈ സ്വദേശിയായ രാകപ്പൻ എന്നയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹോദരനും സഹായിയുമായ പളനി എന്നയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
കടൽപശുവിനെ കൊന്ന് വിറ്റുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ രാമനാഥപുരം ജില്ലയിലെ തൊണ്ടിയെന്ന സ്ഥലത്തുളള കശാപ്പുശാലയിൽ എത്തിയത്. ഇവിടെ നിന്നും വിൽപനയ്ക്ക് വെച്ച കടൽപശുവിന്റെ മാംസവും ഉദ്യോഗസ്ഥർ കണ്ടെടുത്തു. 200 കിലോയോളം ഭാരമുള്ള പെൺ കടൽപശുവിനെയാണ് സഹോദരങ്ങൾ മാംസത്തിനായി കൊന്നത്.
അപൂർവയിനം കടൽപശുവായ ദുഗോംങ്ങിനെയാണ് കൊലപ്പെടുത്തിയത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് റെഡ് ലിസ്റ്റിന്റെ വംശനാശ ഭീഷണി നേരിടുന്ന ജന്തുക്കളുടെ പട്ടികയിൽ ഉൾപ്പെട്ട ജീവിയാണിത്. അടുത്തിടെ തമിഴ്നാട് സർക്കാർ 500 ചതുരശ്ര കിലോമീറ്റർ പാക്ക് ബേ പ്രദേശം ദുഗോംഗുകളുടെ യാഥാസ്ഥിതിക പാർക്കായി പ്രഖ്യാപിച്ചിരുന്നു. ഈ പ്രദേശത്ത് അധിവസിക്കുന്ന 150 ഓളം ദുഗോംഗുകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.
സിറേനിയ എന്ന വിഭാഗത്തിൽപെട്ട നാല് ജീവജാലങ്ങളിൽ ഒന്നാണ് ദുഗോങ് എന്ന സമുദ്ര സസ്തനി. രുകാലത്ത് വൈവിധ്യമാർന്ന കുടുംബമായ ഡുഗോങ്കിഡേയുടെ ജീവിച്ചിരിക്കുന്ന ഏക അംഗമാണിത്.
ഇന്തോ-പടിഞ്ഞാറൻ പസഫിക്കിലുടനീളം ഏകദേശം 40 രാജ്യങ്ങളിലാണ് ഈ ജീവി കാണപ്പെടുന്നത്. സവിശേഷമായ തലയോട്ടിയും പല്ലുകളുമാണ് ദുഗോങ്ങുകളുടെ പ്രത്യേകത. മുൻകാലുകൾ ഉപയോഗിച്ചാണ് ഇവ സമുദ്രത്തിലൂടെ സഞ്ചരിക്കുന്നത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.