• HOME
  • »
  • NEWS
  • »
  • crime
  • »
  • വിവാഹവേദിയില്‍ താലിമാല തട്ടിപ്പറിച്ച് വധുവിന്റെ കാമുകൻ; താലികെട്ടാനുള്ള ശ്രമം പാളി; പിന്നാലെ അടിപിടി

വിവാഹവേദിയില്‍ താലിമാല തട്ടിപ്പറിച്ച് വധുവിന്റെ കാമുകൻ; താലികെട്ടാനുള്ള ശ്രമം പാളി; പിന്നാലെ അടിപിടി

യുവതിയുടെ കഴുത്തില്‍ താലി കെട്ടാന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ യുവാവിനെ തടയുകയും വേദിയ്ക്ക് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മര്‍ദിക്കുകയുമായിരുന്നു. ഇതോടെ വിവാഹവും മുടങ്ങി.

  • Share this:
    ചെന്നൈ: വിവാഹവേദിയിൽ കയറി താലിമാല തട്ടിപ്പറിച്ച് വധുവിന്റെ കഴുത്തില്‍ കെട്ടാന്‍ ശ്രമിച്ച കാമുകനെ വീട്ടുകാര്‍ കൈകാര്യം ചെയ്തു. ചെന്നൈ സ്വദേശിയായ 24 കാരനാണ് കാമുകിയുടെ വിവാഹവേദിയിലെത്തി നാടകീയരംഗങ്ങള്‍ സൃഷ്ടിച്ചത്. വിവാഹത്തിന് കാര്‍മികത്വം വഹിച്ച പൂജാരി, താലിമാല വരന് കൈമാറുന്നതിന് തൊട്ടുമുമ്പാണ് വധുവിന്റെ കാമുകന്‍ ഇത് തട്ടിപ്പറിച്ചത്. യുവതിയുടെ കഴുത്തില്‍ താലി കെട്ടാന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ യുവാവിനെ തടയുകയും വേദിയ്ക്ക് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മര്‍ദിക്കുകയുമായിരുന്നു. ഇതോടെ വിവാഹവും മുടങ്ങി.

    ചെന്നൈ തൊണ്ടിയാര്‍പേട്ട് നേതാജി നഗറിലെ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞദിവസം നടന്ന വിവാഹത്തിനിടെയാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. ഹോട്ടല്‍ ജീവനക്കാരിയായ 20 കാരിയും മറൈന്‍ എഞ്ചിനീയറായ 21 കാരനും തമ്മിലായിരുന്നു വിവാഹം. രാവിലെ ഏഴുമണിയോടെയാണ് വിവാഹചടങ്ങുകള്‍ ആരംഭിച്ചത്.

    ‌Also Read- പത്തുമാസം മുന്‍പ് വിവാഹിതയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു ; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

    ചടങ്ങുകള്‍ ആരംഭിച്ചതിന് പിന്നാലെ അതുവരെ വേദിയ്ക്കരികെ നില്‍ക്കുകയായിരുന്ന 24 കാരന്‍ താലിമാല തട്ടിപ്പറിക്കുകയായിരുന്നു. പൂജാരി വരന് താലിമാല കൈമാറാന്‍ ഒരുങ്ങുന്നതിനിടെയാണ് യുവാവ് ഇത് കൈക്കലാക്കി വധുവിന്റെ കഴുത്തില്‍ കെട്ടാന്‍ ശ്രമിച്ചത്. എന്നാല്‍ താലി കെട്ടാനുള്ള ശ്രമം വിജയിച്ചില്ല. അതിനുമുമ്പേ വധുവിന്റെ വീട്ടുകാര്‍ ഇയാളെ തടയുകയും പിന്നീട് വേദിയില്‍നിന്ന് പുറത്തിറക്കി മര്‍ദിക്കുകയും ചെയ്തു. ഇതോടെ പോലീസ് വിവരമറിഞ്ഞ് സ്ഥലത്ത് എത്തുകയും യുവാവിനെ കസ്റ്റഡിയിലെടുത്തു.

    താലി തട്ടിപ്പറിച്ച യുവാവ് വധുവിന്റെ കാമുകനാണെന്ന് പൊലീസ് പറഞ്ഞു. ഇയാളും യുവതിയും പ്രണയത്തിലായിരുന്നു. ഇരുവരും രണ്ടുവര്‍ഷത്തോളം ചെന്നൈയിലെ ഒരു സ്ഥാപനത്തില്‍ ഒരുമിച്ച് ജോലിചെയ്തിരുന്നു. എന്നാല്‍ ഇവരുടെ മാതാപിതാക്കള്‍ ഈ ബന്ധത്തെ അംഗീകരിച്ചില്ലെന്നും പോലീസ് പറഞ്ഞു.

    Also Read- മകളുടെ സഹപാഠിയെ വിഷംകൊടുത്ത് കൊന്ന യുവതിയുടെ വീട് അടിച്ചുതകര്‍ത്തു

    അതേസമയം, നാടകീയസംഭവങ്ങള്‍ക്ക് പിന്നാലെ യുവതിയും മറൈന്‍ എഞ്ചിനീയറായ 21 കാരനുമായുള്ള വിവാഹം മുടങ്ങിയതായും പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഇരുവീട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുവീട്ടുകാരും തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും സംഭവത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

    വിവാഹവേദിയിൽ വന്ന് തന്നെ രക്ഷപ്പെടുത്തി കൊണ്ടുപോകാൻ യുവതി കാമുകന് ടെക്സ്റ്റ് മെസേജ് അയച്ചതായും പൊലീസ് കണ്ടെത്തി.

    English Summary: To stop his lover from marrying another man, a 24-year-old Tamil Nadu man snatched the ‘Thali’ (mangalsutra) from the prospective groom and tried to tie it around the woman’s neck. The intruder and the bride were in a relationship and according to police, the girl had sent a text message asking him to take her. The youth and the woman were working in a luxury hotel in Chennai.
    Published by:Rajesh V
    First published: