കോഴിക്കോട് : പഠനയാത്രക്കിടെ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. ബാലുശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ആറ്റിങ്ങൽ സ്വദേശി സൂദാ മൻസിൽ സിയാദിനെയാണ് (45) ബാലുശ്ശേരി പോലീസ് പോക്സോ കേസ് പ്രകാരം അറസ്റ്റുചെയ്തത്.
പ്രതിയായ സഹഅധ്യാപകൻ ബാലുശ്ശേരി സ്വദേശി പ്രബീഷ് ഒളിവിലാണ്. വിവരം പോലീസിനെ അറിയിക്കാൻ വൈകിയതിന് സ്കൂൾ പ്രിൻസിപ്പാളിനെയും കേസിൽ പ്രതിചേർത്തതായി പൊലീസ് പറഞ്ഞു. ബാലുശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫെബ്രുവരിയിൽ ഊട്ടിയിൽ പഠനയാത്രയ്ക്ക് പോയപ്പോൾ അധ്യാപകനായ സിയാദും പ്രബീഷും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്.
പഠനയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെ പെൺകുട്ടി പറഞ്ഞതിനെത്തുടർന്ന് വീട്ടുകാർ പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. പരാതി പോലീസിന് കൈമാറാതെ പ്രിൻസിപ്പൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു.
സംഭവത്തിൽ നടപടി വൈകിയതോടെ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളും അധ്യാപകരും തമ്മിൽ സ്കൂളിൽവെച്ച് വാക്കേറ്റം നടന്നിരുന്നു. സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്ന് നീതിലഭിക്കാതായതോടെ പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകി. തുടർന്നാണ് സിയാദ് അറസ്റ്റിലാകുന്നത്.
സംഭവം നടന്ന് പ്രതികൾ മാസങ്ങളോളം സ്ഥലത്തുണ്ടായിരുന്നു. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പലിനെ പലതവണ ബന്ധപ്പെട്ടെങ്കിൽ നടപടിയുണ്ടായില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയതെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Child rape, Minor rape case, Pocso, Pocso case