തിരുവനന്തപുരം: പതിനാറു വർശം മുൻപ് അധ്യാപിക എറിഞ്ഞ പേന കൃഷ്ണമണിയിൽ തറച്ച് കാഴ്ച നഷ്ടപ്പെട്ട സംഭവത്തിൽ മുൻ അധ്യാപികയ്ക്ക് ഒരു വർഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും. മലയിൻകീഴ് കണ്ടല ഗവ. സ്കൂളിലെ മുൻ അധ്യാപിക തൂങ്ങാംപാറ സ്വദേശിനി ഷെരീഫ ഷാജഹാനാണ് തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി കെ വി രജനീഷ് കഠിന തടവിന് വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ മൂന്നു മാസം അധിക തടവും അനുഭവിക്കണം. മാറനല്ലൂർ കണ്ടല ചിറയ്ക്കോട് പുത്തൻവീട്ടിൽ എസ് അൽ അമീന്റെ കണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്.
കണ്ടല ഗവ. ഹൈസ്കൂളിൽ 2005 ജനുവരി 18 ന് ഉച്ചയ്‍ക്കായിരുന്നു സംഭവം. മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു അന്ന് അൽ അമീൻ. പേരു വിളിച്ചിട്ടും ശ്രദ്ധിക്കാത്തതിനാൽ മേശപ്പുറത്തിരുന്ന പേന എടുത്ത് എറിയുകയായിരുന്നു.
‘ക്ലാസിനിടെ പിൻബഞ്ചിലിരുന്ന ആഷിഖ് എന്നെ വിളിച്ചപ്പോൾ തിരിഞ്ഞു നോക്കി എന്താ എന്നു ചോദിച്ചു. രോഷാകുലയായ അധ്യാപിക, ഇങ്ങോട്ടു നോക്കെടാ എന്നു പറഞ്ഞ് പേന എറിയുകയായിരുന്നു.. ഇടതു കണ്ണിൽ പേനയുടെ മുന തറച്ചു. ചോര വന്നില്ല. പോയി മുഖം കഴുകി വാടാ എന്ന് അധ്യാപിക ആക്രോശിച്ചു. മുഖം കഴുകുന്നതിനിടെ, ഷെരീഫ ടീച്ചർ എന്റെ പിന്നാലെ എത്തി, നീ എന്തിനാ കരഞ്ഞത് എന്നു ചോദിച്ച് എന്റെ തലയിൽ അടിച്ചു. അധ്യാപകരുടെ സഹായത്തോടെ ആശുപത്രിയിലെത്തി. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഗവ.കണ്ണാശുപത്രിയിലേക്ക് റഫർ ചെയ്തു. രാത്രി 11 ന് ശസ്ത്രക്രിയ നടത്തി. 14 ദിവസം ആശുപത്രിയിൽ കിടന്നു. കാഴ്ചശേഷി പൂർണമായി നഷ്ടപ്പെട്ടു. രണ്ടു ശസ്ത്രക്രിയ കൂടി നടത്തിയെങ്കിലും ഫലമുണ്ടായില്ല. 10 വർഷം ചികിത്സിച്ചു. മൂന്നു ലക്ഷം ചെലവായി. പണമില്ലാത്തതിനാൽ അഞ്ചു വർഷമായി ചികിത്സ മുടങ്ങി’- അൽ അമീനെ ഉദ്ധരിച്ച് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.
കോടതി വിധിയെ കുറിച്ച് അൽ അമീൻ പറയുന്നത് ഇങ്ങനെ- ‘നഷ്ടപ്പെട്ടതു നഷ്ടപ്പെട്ടു. കോടതി വിധിയിൽ ആഹ്ളാദിക്കുന്നില്ല. ആശ്വാസമുണ്ട്. കാഴ്ചശക്തി പൂർണമായി നഷ്ടപ്പെട്ട എന്റെ ഇടതുകണ്ണിന്,. മറ്റൊരാൾക്കു നൽകുന്ന ശിക്ഷ എങ്ങനെ പകരമാകും...?’ എന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. 24 വയസ്സായി. ലൈസൻസും പാസ്പോർട്ടും എടുക്കാനായി അധികൃതരെ സമീപിച്ചപ്പോൾ തിരിച്ചയച്ചു. കൂലിപ്പണിക്ക് പോലും ആരും വിളിക്കുന്നില്ല...കണ്ണുള്ളവരെങ്കിലും ഇതു കാണണം..എനിക്കും ജീവിക്കണ്ടേ...പൊലീസിൽ ചേരണമെന്നായിരുന്നു സ്വപ്നം...’.
മാറനല്ലൂർ കണ്ടല ചിറയ്ക്കോട് പുത്തൻവീട്ടിൽ കൂലിപ്പണിക്കാരനായ പി.സയ്യദ് അലി- എ.സുമയ്യ ബീവി ദമ്പതികളുടെ മൂത്ത മകനാണ് അൽ അമീൻ. ബികോം വിദ്യാർഥി അഫ്സൽ സഹോദരനാണ്.
അൽ അമീന്റെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് മലയിൻകീഴ് പൊലീസ് അധ്യാപികയ്ക്കെതിരെ അന്നു കേസെടുത്തിരുന്നു. ആറു മാസത്തേക്ക് സസ്പെൻഡു ചെയ്തെങ്കിലും ഒരു മാസം കഴിഞ്ഞ് അധ്യാപിക സർവീസിൽ തിരികെ പ്രവേശിച്ചു. പിന്നീട് നെയ്യാറ്റിൻകരയിലെ സ്കൂളിലേക്കു മാറിയ ഇവർ 4 വർഷം മുൻപ് വിരമിച്ചു. ചികിത്സ കഴിഞ്ഞ് 4 മാസത്തിനു ശേഷം ഇതേ സ്കൂളിൽ തിരിച്ചെത്തിയ അൽ അമീൻ പത്താം ക്ലാസ് പഠനം പൂർത്തിയാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.