യുവാവ് വീട്ടില്‍ നിന്നും ചോരയൊലിപ്പിച്ച് പുറത്തേക്കോടി; നാട്ടുകാര്‍ എത്തിയതോടെ അധ്യാപിക ജീവനൊടുക്കി

News18 Malayalam
Updated: July 4, 2018, 4:11 PM IST
യുവാവ് വീട്ടില്‍ നിന്നും ചോരയൊലിപ്പിച്ച് പുറത്തേക്കോടി; നാട്ടുകാര്‍ എത്തിയതോടെ അധ്യാപിക ജീവനൊടുക്കി
  • Share this:
കൊല്ലം: ഇരവിപുരത്ത് സ്‌കൂള്‍ അധ്യാപികയുടെ മരണത്തില്‍ കലാശിച്ചത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവായ സോഫ്ട് വെയര്‍ എന്‍ജിനീയറുമായുള്ള ബന്ധം.

കൊല്ലത്തെ ഒരു സര്‍ക്കാര്‍ ഹൈസ്‌കൂളിലെ അധ്യാപികയും അയത്തില്‍ സ്വദേശിയുമായ സിനിയെ(46) ആണ് വീട്ടിനുള്ളില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പരപ്പനങ്ങാടി സ്വദേശി വിഷ്ണു മോഹന്‍ എന്ന യുവാവിനെ യുവതിയുടെ വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഫേസ്ബുക്ക് സൗഹൃദത്തിനൊടുവില്‍ ശനിയാഴ്ചയാണ് യുവാവ് വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് യുവതിയുടെ വീട്ടിലെത്തിയത്. മൂന്നു ദിവസം ഇരുവരും അവിടെ കഴിഞ്ഞു. തിങ്കളാഴ്ച രാവിലെയോടെ യുവതിയുടെ വീട്ടില്‍ നിന്ന് ശരീരമാസകലം മുറിവേറ്റനിലയില്‍ യുവാവ് പുറത്തേക്കോടുന്നത് നാട്ടുകാര്‍ കണ്ടു. സംഭവത്തില്‍ പന്തികേടു തോന്നിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച് പൊലീസില്‍ വിവരമറിയിച്ചു.

ഇതിനിടെ നാട്ടുകാരുടെ ചോദ്യം ചെയ്യലില്‍, യുവതി വിളിച്ചിട്ടാണ് താന്‍ ഇവിടെ എത്തിയതെന്നും തന്നെ വീട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നില്ലെന്നും ഇയാള്‍ വെളിപ്പെടുത്തി. നാട്ടുകാരെ കണ്ടതോടെ സിനി വീടിന്റെ വാതിലടച്ചു. നാട്ടുകാരോട് യുവാവ് കാര്യങ്ങള്‍ വിശദീകരിച്ചതിനു പിന്നാലെ പൊലീസുമെത്തി.

പൊലീസ് സ്ഥലത്തെത്തി അധ്യാപികയോട് പുറത്തേക്ക് വരാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. ഇതോടെ സംശയം തോന്നി വാതില്‍ പൊളിച്ച് അകത്തെത്തിയപ്പോഴേയ്ക്കും യുവതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യുവതി വിളിച്ചിട്ടാണ് താന്‍ കൊല്ലത്തെത്തിയതെന്ന വാദം പൊലീസിനു മുന്നിലും യുവാവ് ആവര്‍ത്തിച്ചു. ശനിയാഴ്ച സിനിയുടെ വീട്ടിലെത്തിയ താന്‍ തിങ്കളാഴ്ച പോകണമെന്നും പറഞ്ഞെങ്കിലും അവര്‍ വിടാന്‍ തയാറായില്ലെന്നാണ് ഇയാള്‍ പറയുന്നത്. ഇതിനിടെ യുവതി അക്രമാസക്തയാകുകയും യുവാവിനെ ഉപദ്രവിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഇയാള്‍ നിലവിളിച്ചുകൊണ്ട് പുറത്തേയ്ക്ക് ഓടിയത്.

യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. ഏകമകള്‍ ബിരുദ വിദ്യാര്‍ഥിനിയും. മകളെ തന്ത്രപരമായി ബന്ധുവീട്ടിലേക്കയച്ചാണ് യുവാവിനെ വീട്ടിലേക്കു ക്ഷണിച്ചത്.

മയ്യനാട് താമസിച്ചിരുന്ന ഇവര്‍ അടുത്തിടെയാണ് ഇരവിപുരത്തെത്തിയത്. അതുകൊണ്ടുതന്നെ ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നാട്ടുകാര്‍ക്കും അറിയില്ല. ഏതായാലും അസാധാരണമായ ഒരു മരണത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.
First published: July 4, 2018, 4:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading