കണ്ണൂര്‍ : ഇരിട്ടി പയഞ്ചേരിയില്‍ നിന്ന് മോഷണം പോയ സ്കൂട്ടിയുമായി കടന്ന പേരാമ്പ്ര സ്വദേശിയായ പതിനഞ്ചുകാരന് മാനന്തവാടിയില്‍ പിടിയിലായി. പയഞ്ചേരിമുക്കിൽ വെൽനസ് ഹെൽത്ത് കെയറിന് മുന്നിൽ നിർത്തിയിട്ട സ്കൂട്ടിയാണ് മോഷണം പോയത്. സ്കൂട്ടി കൊണ്ടുപോകുന്ന ദൃശ്യം നിരീക്ഷണക്യാമറയിൽ പതിഞ്ഞിരുന്നു. വാഹന ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ. ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മാനന്തവാടിയിൽനിന്ന് വാഹനവുമായി കുട്ടി പിടിയിലായത്.
വീടുവിട്ടിറങ്ങിയ പതിനഞ്ചുകാരൻ സ്വകാര്യ ബസിൽ ഇരിട്ടിയിലെത്തി. റോഡരികിൽ നിർത്തിയിട്ട സ്കൂട്ടിയിൽ കുറേനേരം ഇരുന്നു. അത്യാവശ്യം മെക്കാനിക്കൽ ജോലി അറിയാവുന്ന കുട്ടി സ്കൂട്ടി സ്റ്റാർട്ടാക്കി വണ്ടിയുമായി കടന്നുകളയുകയായിരുന്നു . മലയോരത്തെ പല ഗ്രാമീണ റോഡുകളിലൂടെയും കറങ്ങി പാൽച്ചുരം വഴി മാനന്തവാടിയിലെത്തി. ഒന്നുരണ്ട് ദിവസത്തെ ചെലവിനുള്ള പണവും കൈയിലുണ്ടായിരുന്നു.
Also Read- തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ചു; 3 പേര് അറസ്റ്റില്‍
ഇരിട്ടി പോലീസ് മാനന്തവാടി പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കൗമാരക്കാരന് പിടിയിലാകുന്നത്. പയഞ്ചേരി സ്വദേശി കെ. മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്കൂട്ടി. സഹോദരൻ റാഷിദ് വെൽനസ് ഹെൽത്ത് കെയറിൽ ജോലിക്ക് വരുമ്പോൾ കൊണ്ടുവന്നതായിരുന്നു. 15-കാരനെ ജുവൈനൽ കോടതിയിൽ ഹാജരാക്കി.
പത്തനംതിട്ടയിൽ KSRTC ബസും ലോറിയും കൂട്ടിയിടിച്ച് അപകടം, 21 പേര്‍ക്ക് പരിക്ക്
പത്തനംതിട്ട : പത്തനംതിട്ട (Pathanamthitta) അടൂർ ഏനാത്തിന് സമീപം കെഎസ്ആർടിസി (KSRTC) ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം (Accident). ബസ് യാത്രക്കാരായ 21 പേര്‍ക്ക് പരിക്കേറ്റു. കോട്ടയത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സും എതിർ ദിശയിൽ നിന്നും വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. രാത്രി പന്ത്രണ്ടരയോടെ ഏനാത്ത് പുതുശ്ശേരിയിൽ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അഗ്നിശമന സേനയെത്തിയാണ് ബസിന്റെ ഡ്രൈവറെയും മുൻ സീറ്റിലുണ്ടായിരുന്നവരെയും പുറത്തെടുത്തത്. അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്. ബസ് ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് സംശയം.
മദ്യലഹരിയിൽ KSRTC ബസിന്റെ ചില്ല് എറിഞ്ഞു പൊട്ടിച്ച യുവാവ് അറസ്റ്റിൽ
കൊല്ലം: മദ്യലഹരിയിൽ KSRTC ബസിൻറെ ഗ്ലാസ് എറിഞ്ഞു പൊട്ടിക്കുകയും ബസ് സ്റ്റാൻഡിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിലായി. പുനലൂർ തിങ്കൾ കരിക്കം വില്ലേജിൽ ഭാരതിപുരം വെള്ളില പച്ചയിൽ വീട്ടിൽ സോമരാജന്റെ മകൻ മണികുട്ടനെയാണ് (25) പുനലൂർ പോലീസ് അറസ്റ്റു ചെയ്തത്.
മെയ് 11നാണ് കേസിനാസ്പദമായ സംഭവമുണ്ടായത് അടൂരിൽ നിന്നും പുനലൂർ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ പ്രതി മദ്യലഹരിയിൽ യാത്രക്കാരോട് മോശമായി പെരുമാറുകയും പാറക്കല്ല് എടുത്ത് ബസിന്റെ മുൻവശത്തെ ഗ്ലാസ് എറിഞ്ഞു പൊട്ടിക്കുകയുമായിരുന്നു. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.