കോട്ടയം: ഇളംകാട് കൊടുങ്ങാ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്ന് ഓട്ടുരുളിയും നിലവിളക്കും മോഷണം പോയ കേസിൽ പൂജാരിയടക്കമുള്ളവർ അറസ്റ്റിൽ. ക്ഷേത്രം ശാന്തി ചേര്‍ത്തല പടിഞ്ഞാറ്റതുമ്പയില്‍ പ്രസാദ് (45), മുന്‍ ശാന്തി ഇളംകാട് കൊടുങ്ങ വെട്ടത്ത് സബിന്‍ (കുക്കു-30) എന്നിവരാണ് മുണ്ടക്കയം പോലീസിന്റെ പിടിയിലായത്. മൂന്ന് ലക്ഷത്തോളം വിലവരുന്ന സാധനങ്ങളാണ് മോഷണം പോയത്.
ക്ഷേത്രഭരണസമിതി പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഒരാഴ്ചയായി നടത്തുന്ന അന്വേഷണത്തിലാണ് ഇവരെ പിടികൂയാനായത്. നിര്‍മാണം നടക്കുന്ന ക്ഷേത്രമായതിനാല്‍ തുറന്നമുറിക്കുള്ളില്‍ ആയിരുന്നു നിലവിളക്ക് അടക്കമുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. മാസപൂജ മാത്രം നടത്താറുള്ള ക്ഷേത്രത്തില്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ പലപ്പോഴായി മോഷണം നടന്നതായി കണ്ടെത്തി.
പ്രതികളുടെ മൊബൈല്‍ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കള്‍ പിടിയിലാകുന്നത്. ഇപ്പോഴത്തെ ശാന്തി പലദിവസങ്ങളിലായി ക്ഷേത്രത്തില്‍നിന്ന് നിലവിളക്കുകള്‍ എടുത്ത് മുന്‍ ശാന്തി സബിന്റെ കാറില്‍ എത്തിക്കുകയും ഇയാള്‍ ഇവ മാന്നാറില്‍ എത്തിക്കുകയുമായിരുന്നു.
മൂന്നുലക്ഷത്തോളം രൂപ വിലമതിക്കുന്ന ചെറുതും വലുതുമായ 106 ഓട്ടുവിളക്കുകള്‍ 75,000 രൂപയ്ക് മാന്നാറില്‍ വില്‍ക്കുകയായിരുന്നു. ഇരുവരും മറ്റു ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതായി ഇന്‍സ്‌പെക്ടര്‍ ഷൈന്‍കുമാര്‍ പറഞ്ഞു. എസ്.ഐ.മാരായ പി.എസ്. അനീഷ്, അനൂപ് കുമാര്‍, എ.എസ്.ഐ.മാരായ ആര്‍. രാജേഷ്, കെ.ജി. മനോജ്, സി.പി.ഒ.മാരായ ജോഷി തോമസ്, ജോണ്‍സന്‍, ഷെഫീഖ്, റോബിന്‍, ജയശ്രീ, ബിജി, നൂര്‍ദീന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡുചെയ്തു.
പള്ളി ഖബർസ്ഥാനിൽ നിന്നും ചന്ദനം മുറിച്ച് കടത്തി; മഹല്ല് മുതവല്ലി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
കോഴിക്കോട്: പള്ളി ഖബര്‍സ്ഥാനില്‍ നിന്നും ചന്ദനം മുറിച്ചുകടത്തിയ മഹല്ല് മുതവല്ലി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. കോഴിക്കോട് എലത്തൂര്‍ മഹല്ല് മുതവല്ലി മുഹമ്മദ് നിസാര്‍, ചന്ദനം വാങ്ങാനെത്തിയ മുസ്തഫ, അബദുല്‍ നാസര്‍ എന്നിവരാണ് പിടിയിലായത്. ചന്ദന മുട്ടികളും കാറും കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് എലത്തൂര്‍ മഹല്ല് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനിലെ രണ്ട് ചന്ദന മരങ്ങള്‍ മുറിച്ചു കടത്തുന്നതിനിടെയാണ് മൂന്നുപേര്‍ പിടിയിലായത്.മഹല്ല് കമ്മിറ്റി മുതവല്ലി നാസിദാസ് മന്‍സിലില്‍ മുഹമ്മദ് നിസാര്‍ (64), ബാലുശ്ശേരി കണ്ണാടി പൊയില്‍ കരിമാന്‍കണ്ടി മുസ്തഫ(48), ഉണ്ണിക്കുളം വള്ളിയോത്ത് കിഴക്കോട്ടുമ്മല്‍ അബദുല്‍ നാസര്‍(48) എന്നിവരെയാണ് പൊലീസ് പിടികൂടി വനപാലകര്‍ക്ക് കൈമാറിയത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എലത്തൂര്‍ എസ് ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് എത്തിയാണ് ഇവരെ പിടികൂടിയത്. മുപ്പത് കിലോയോളം ചന്ദന മുട്ടികളും ചന്ദനം കടത്താന്‍ ഉപയോഗിച്ച കെ എല്‍ 11 എ ജെ 1020 നമ്പര്‍ കാറും കസ്റ്റഡിയിലെടുത്തു.
പോലീസ് പിടികൂടിയ പ്രതികളെ പിന്നീട് വനം വകുപ്പിന് കൈമാറി. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെത്തിച്ച പ്രതികളെ വനപാലകര്‍ ചോദ്യം ചെയ്ത് വരികയാണ്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.ചന്ദന മരം മുറിക്കുന്നതും കൈവശം വെക്കുന്നതും ജാമ്യമില്ലാത്ത കുറ്റമാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം കെ രാജീവ് കുമാര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Robbery, Temple robbery