HOME » NEWS » Crime » TEN YEAR OLD GIRL COMMITS SUICIDE AFTER BEATING HER FIVE YEAR OLD BROTHER

അഞ്ചു വയസുകാരനായ സഹോദരനെ തല്ലിയതിൽ മനംനൊന്ത് പത്തുവയസുകാരി ആത്മഹത്യ ചെയ്തു

അച്ഛനും അമ്മയും ഇല്ലാത്ത പെൺകുട്ടി മൂത്ത സഹോദരിക്കും രണ്ട് ഇളയ സഹോദരന്‍മാര്‍ക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നത്

News18 Malayalam | news18-malayalam
Updated: March 15, 2021, 9:08 PM IST
അഞ്ചു വയസുകാരനായ സഹോദരനെ തല്ലിയതിൽ മനംനൊന്ത് പത്തുവയസുകാരി ആത്മഹത്യ ചെയ്തു
representative image
  • Share this:
കാൺപൂർ: വഴക്കു കൂടുന്നതിനിടെ അഞ്ചു വയസുകാരനായ സഹോദരനെ തല്ലിയതിന് പിന്നാലെ പത്തു വയസുകാരിയായ സഹോദരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ആഗ്ര ജില്ലയിലെ പ്രതാപ് പുരയില്‍ കഴിഞ്ഞദിവസമാണ് നാടിനെ ദുഖത്തിലാഴ്ത്തിയ സംഭവം നടന്നത്.

അച്ഛനും അമ്മയും ഇല്ലാത്ത പെൺകുട്ടി മൂത്ത സഹോദരിക്കും രണ്ട് ഇളയ സഹോദരന്‍മാര്‍ക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛൻ ഇവരെ ഉപേക്ഷിച്ച്‌ പോയിരുന്നു. അടുത്തിടെ അമ്മയും ഇവരെ ഉപേക്ഷിച്ചു പോയി. ഇതോടെയാണ് മൂത്ത സഹോദരിക്കൊപ്പം മൂന്നു സഹോദരങ്ങൾ താമസം തുടങ്ങിയത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയും അഞ്ചു വയസ്സുള്ള ഇളയ സഹോദരനും തമ്മില്‍ ചെറിയ വഴക്കുണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു.

രൂക്ഷമായ വാക്കുതർക്കത്തിനൊടുവിൽ പെണ്‍കുട്ടി സഹോദരനെ അടിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇളയ സഹോദരനെ അടിച്ചതിന്‍റെ മനോവിഷമത്തിലായിരുന്ന പെൺകുട്ടി പിന്നീട് ആഹാരം കഴിക്കാൻ പോലും കൂട്ടാക്കിയില്ല. താന്‍ ഏറെ ഇഷ്ടപ്പെടുന്ന അനിയനെ അടിച്ചതിൽ പെണ്‍കുട്ടി ദുഖിതയായിരുന്നു. ആരും കാണാതെ വീട്ടിനുള്ളിൽ കയറി പെൺകുട്ടി തൂങ്ങി മരിക്കുകയായിരുന്നു. തുണിക്കടയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ മൂത്ത സഹോദരി ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല.

തൂങ്ങി മരിച്ച പെൺകുട്ടിയുടെ ഇളയ സഹോദരൻമാരാണ് മൃതദേഹം കണ്ടെത്തുന്നത്. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് ഫത്തേബാദ് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ഇന്നു റിപ്പോർട്ട് ചെയ്ത മറ്റൊരു സംഭവത്തിൽ വിവാഹം കഴിഞ്ഞ് വരന്‍റെ വീട്ടിലെത്തിയ വധു മണിക്കൂറുകൾക്കകം സ്വർണാഭരണങ്ങളും പണവുമായി കടന്നു കളഞ്ഞു. ഉത്തർപ്രദേശിലെ ഷാജഹാൻപുർ ജില്ലയിലെ പൊവയാനിലാണ് വിവാഹം കഴിഞ്ഞ് എത്തിയ വധു സ്വർണാഭരങ്ങളുമായി മുങ്ങിയത്. ക്ഷേത്രത്തിലെ വിവാഹചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം വരന്റെ വീട്ടിലെത്തി മണിക്കൂറുകൾക്കകമാണ് വധുവിനെ കാണാതായത്. വീടിനു സമീപപ്രദേശങ്ങളിലെല്ലാം തെരഞ്ഞെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതേത്തുടർന്ന് വധുവിന്‍റെ വീട്ടുകാരെ വിവരം അറിയിച്ചു. അതിനിടെയാണ് സ്വർണാഭരണങ്ങളും പണവും എടുത്താണ് യുവതി പോയതെന്ന് മനസിലായത്. തുടർന്ന് വരനും ബന്ധുക്കളും ചേർന്ന് പൊലീസിൽ പരാതി നൽകി.

Also Read- വിദ്യാര്‍ഥിനികളുടെ വസ്ത്രത്തിനുള്ളിൽ പരിശോധന; നഴ്‌സിങ് കോളേജ് ഡയറക്ടര്‍ അറസ്റ്റില്‍

ഷാജഹാൻപുരിലെ പൊവയാൻ സ്വദേശിയായ 34കാരനാണ് ഫാറൂഖാബാദ് സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചത്. ഏറെനാളായി വിവാഹ ആലോചനകൾ നടത്തിയിരുന്നെങ്കിലും യുവാവിന്‍റെ വിവാഹം നടന്നിരുന്നില്ല. അതിനിടെയാണ് യുവാവിന്‍റെ സഹോദര ഭാര്യ കൊണ്ടുവന്ന ആലോചനയാണ് വിവാഹത്തിലേക്ക് എത്തിയത്. ദരിദ്ര കുടുംബത്തിൽ വളർന്ന യുവതിയുമായാണ് വിവാഹം ഉറപ്പിച്ചത്.

വിവാഹം നടത്താനുള്ള സാമ്പത്തികം ഇല്ലാത്തതിനാൽ അണിയാനുള്ള സ്വർണാഭരണങ്ങളും ചെലവിനുള്ള പണവും വരന്‍റെ വീട്ടുകാരാണ് നൽകിയത്. വിവാഹ ചെലവിനായി 32000 രൂപ വരന്‍റെ വീട്ടുകാർ യുവതിയുടെ വീട്ടുകാർക്ക് നൽകിയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഫാറൂഖാബാദിലെ ഒരു ക്ഷേത്രത്തിൽ വെച്ചാണ് വിവാഹചടങ്ങുകൾ നടന്നത്. ചടങ്ങുകൾക്ക് ശേഷം വധു വരന്‍റെ വീട്ടിലെത്തി.

അവിടെ വിവാഹ സത്കാരത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു. വധുവിന്‍റെ ബന്ധുക്കളെന്ന് പരിചയപ്പെടുത്തിയ രണ്ടുപേരും വരന്റെ വീട്ടിലെത്തി. എന്നാൽ അൽപ്പസമയത്തിനകം വധുവിനെയും ബന്ധുക്കളെന്ന് പരിചയപ്പെടുത്തിയ രണ്ടുപേരെയും വീട്ടിൽനിന്ന് കാണാതായി. വിവാഹ സത്കാരത്തിന്‍റെ തിരക്കിലായിരുന്ന വരനും ബന്ധുക്കളും ആദ്യം ഇത് ശ്രദ്ധിച്ചിരുന്നില്ല. കുളിച്ച് വസ്ത്രം മാറി വരാമെന്ന് പറഞ്ഞു പോയ യുവതിയെയാണ് കാണാതായത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by: Anuraj GR
First published: March 15, 2021, 9:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories