മുംബൈ: ഐക്യരാഷ്ട്രസഭാ ഉച്ചകോടിയിൽ പ്രസംഗിക്കാൻ അവസരം വാഗ്ദാനം ചെയ്ത് കാർഡിയോളജിസ്റ്റിൽനിന്ന് 23 ലക്ഷം രൂപ തട്ടി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 2022 മുതൽ ഫേസ്ബുക്ക് വഴി സുഹൃത്തായ യുവതിയാണ് തട്ടിപ്പ് നടത്തിയതെന്ന് താനെയിലെ പ്രമുഖ കാർഡിയോളജിസ്റ്റായ 41കാരൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. താനെ വർത്തക് നഗർ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു കേന്ദ്രമന്ത്രിയുടെ മരുമകളാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യുന്നയാളാണെന്നും പറഞ്ഞാണ് യുവതി ഡോക്ടറെ കബളിപ്പിച്ചതെന്ന് വർത്തക് നഗർ പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് ഗെയ്‌കർ പറഞ്ഞു. തന്റെ സഹോദരന് പിഎംഒയിൽ ജോലി നൽകാമെന്ന് യുവതി വാഗ്ദാനം ചെയ്തതായും പരാതിക്കാരനായ ഡോക്ടർ പറഞ്ഞു.
ഇന്ത്യയിൽ നടക്കുന്ന ഒരു അന്താരാഷ്ട്ര ബിസിനസ് യോഗത്തിലും യുണൈറ്റഡ് നേഷൻസ് ഉച്ചകോടിയിലും സംസാരിക്കാനുള്ള അവസരം വാഗ്ദാനം നൽകിയാണ് യുവതി ഡോക്ടറിൽനിന്ന് പണം തട്ടിയത്. യുഎൻ പരിപാടിയിൽ “ആരോഗ്യകരമായ മാനസികാവസ്ഥ” എന്ന വിഷയത്തിൽ സംസാരിക്കാൻ അവസരം നൽകാമെന്നാണ് യുവതി ഡോക്ടറെ വിശ്വസിപ്പിച്ചത്.
കാർഡിയോളജി മേഖലയിലെ മികവിന് ഡോക്ടർക്ക് അവാർഡ് നൽകുമെന്നും ഒരു പ്രമുഖ ബിസിനസ് മാഗസിനിൽ അദ്ദേഹത്തിന്റെ പേര് പരാമർശിക്കുമെന്നും യുവതി ഡോക്ടർക്ക് വാഗ്ദാനം നൽകി. ഇക്കാര്യങ്ങൾ പറഞ്ഞ് പലതവണയാണ് യുവതി ഡോക്ടറിൽനിന്ന് പണം വാങ്ങിയത്. എന്നാൽ അടുത്തിടെയായി ഫോൺ വിളിച്ചിട്ട് യുവതി എടുക്കാതായതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടതാണെന്ന് ഡോക്ടർക്ക് മനസിലായത്.
ഇന്ത്യൻ പീനൽ കോഡ് (ഐപിസി) സെക്ഷൻ 420 (വഞ്ചന) പ്രകാരം യുവതിക്കെതിരെ വർത്തക് നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ യുവതിയെ അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇവരെ കണ്ടെത്തുന്നതിനായി സൈബർ സെല്ലിന്‍റെ സഹായത്തോടെ പൊലീസ് അന്വേഷണം തുടരുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Fraud, Maharashtra, Scam