ആലപ്പുഴ : ജയിൽ വാർഡൻ ചമഞ്ഞ് അമ്പലപ്പുഴയിൽ തട്ടിപ്പ് നടത്തിയയാളെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. 2020ൽ നടത്തിയ തട്ടിപ്പിലാണ് അറസ്റ്റ്. ജയിലിലെ പരിപാടിക്ക് എന്നു പറഞ്ഞ് വൊളന്റിയർമാർക്കുള്ള 7,500 ബാഡ്ജുകൾ നിർമിക്കാൻ ഓർഡർ നൽകിയാണ് പുന്നപ്രയിലെ എസ്എ ഗാർമെന്റ്‌സ് ആൻഡ് സ്റ്റിച്ചിങ് എന്ന സ്ഥാപനത്തിന്റെ ഉടമയായ വനിതയെ കബളിപ്പിച്ചത്. 13 ലക്ഷത്തിലേറെ രൂപയുടെ ഓർഡറാണ് ഇയാൾ നൽകിയത്.
ജയിൽ വകുപ്പും പിന്നാലെ പൊലീസും നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായതും പ്രതി പിടിയിലായതും. ഒന്നും അച്ചടിക്കാത്ത ബാഡ്ജുകളാണ് തയാറാക്കാൻ ആവശ്യപ്പെട്ടത്. ഇവ മറ്റാർക്കെങ്കിലും വിൽക്കാനാണോ പ്രതി ഉദ്ദേശിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നു. ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് ശങ്കരശേരി വെളിവീട്ടിൽ ബൈജു ഹാറൂണിനെയാണ് (52) എസ്‌ഐ കെ.എസ്. സന്തോഷ്‌കുമാറും സംഘവും ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്.
Also read : ട്രാൻസ്‌ഫോമർ പൊളിച്ച് അലുമിനിയം മോഷ്ടിച്ചു; പ്രതികളെ കുരുക്കിയത് കപ്പി
പൂജപ്പുര ജയിലിലെ വാർഡനാണെന്നു പറഞ്ഞാണ് ബാഡ്ജുകൾക്ക് ഓർഡർ നൽകിയത്. ഇയാൾ മുൻപ് കൊട്ടാരക്കര ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നു പൊലീസ് കണ്ടെത്തി. ചിത്രകാരനായ ഇയാൾക്ക് ജയിലിലെ ചടങ്ങിൽ വച്ച് മുഖ്യമന്ത്രി സമ്മാനം നൽകുന്ന ചിത്രം കാട്ടിയാണ് തയ്യൽ സ്ഥാപന ഉടമയുടെ വിശ്വാസം നേടിയത്. ബാഡ്ജുകൾ ജയിലിലേക്കു കൊടുത്തെന്നും പണം ട്രഷറി വഴി ലഭിക്കുമെന്നും വനിതയോടു പറഞ്ഞു.
പണം കിട്ടാത്തതിനെത്തുടർന്ന് ഇവർ പൂജപ്പുര ജയിൽ അധികൃതർക്കു പരാതി നൽകി. ഇങ്ങനെയൊരു ജയിൽ ഉദ്യോഗസ്ഥൻ ഇല്ലെന്ന് അധികൃതരുടെ അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് സ്ത്രീ ഡിജിപിക്കു പരാതി നൽകുകയായിരുന്നു. അന്വേഷണം തുടങ്ങിയതോടെ പ്രതി ഒളിവിൽ പോയി. കഴിഞ്ഞ ദിവസം, പ്രതി ആര്യാട്ടെ വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരം കിട്ടിയ പൊലീസ് എത്തി പിടികൂടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.