കൊച്ചി: വിചാരണ തുടങ്ങും മുൻപേ കുറ്റസമ്മതം നടത്തി കളമശേരി ബസ് കത്തിക്കൽ കേസിലെ പ്രതികൾ. ഒന്നാം പ്രതി കണ്ണൂർ നീർച്ചാൽ ബെയ്‌തുൽ ഹിലാലിൽ തടിയന്റവിട നസീർ (46) അടക്കം 3 പ്രതികളാണ് കുറ്റസമ്മതം നടത്തിയത്. ഇവർ 3 പേർ അടക്കം കേസിലെ പല പ്രതികളും ബെംഗളൂരു സ്ഫോടന കേസിലും പ്രതികളാണ്. ബെംഗളൂരു കേസിൽ വിചാരണ നടക്കുന്നതിനാലാണു കളമശേരി കേസിൽ ഇതുവരെ വിചാരണ തുടങ്ങാൻ കഴിയാതിരുന്നത്. അഞ്ചാം പ്രതി പെരുമ്പാവൂർ പുതുക്കാടൻ സാബിർ ബുഹാരി (42), ഏഴാം പ്രതി വടക്കൻ പറവൂർ ചിറ്റാറ്റുകര കിഴക്കേതോപ്പിൽ താജുദീൻ (41) എന്നിവരാണു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതി മുൻപാകെ കുറ്റസമ്മതം നടത്തിയത്.
രാജ്യദ്രോഹകുറ്റത്തിനു പുറമേ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ), ഗൂഢാലോചന, ആയുധ നിരോധന നിയമം തുടങ്ങിയ ഗൗരവമുള്ള വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവർക്കുള്ള ശിക്ഷ വിചാരണക്കോടതി തിങ്കളാഴ്ച വിധിക്കും. കോയമ്പത്തൂർ ജയിലിലായിരുന്ന പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിയുടെ മോചനം ആവശ്യപ്പെട്ടാണു 2005 സെപ്‌റ്റംബർ ഒൻപതിനു രാത്രി 8.30നു കളമശേരിൽ തമിഴ്‌നാട് ബസ് തട്ടിയെടുത്തു കത്തിച്ചത്. ഇതിനുള്ള പ്രേരണയും ആഹ്വാനവും നൽകിയതു മഅദനിയുടെ ഭാര്യ സൂഫിയാ മഅദനിയും സുഹൃത്ത് മജീദ് പറമ്പായിയുമാണെന്നാണ് എൻഐഎ കുറ്റപത്രം പറയുന്നത്.
ഇവരടക്കം വിചാരണ നേരിടേണ്ടിയിരുന്ന 13 പ്രതികളിൽ 3 പേരാണു വിചാരണ തുടങ്ങാൻ കാത്തുനിൽക്കാതെ കുറ്റസമ്മതം നടത്തിയത്. ശേഷിക്കുന്ന 10 പ്രതികളുടെ വിസ്താരം നടക്കും. മറ്റൊരു പ്രതിയായ പറവൂർ വെടിമറ സ്വദേശി കെ.എ.അനൂബ് നേരത്തെ കുറ്റം സമ്മതിച്ച് ശിക്ഷ ഏറ്റുവാങ്ങിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.