• HOME
 • »
 • NEWS
 • »
 • crime
 • »
 • വർക്കലയിൽ കിടപ്പുരോഗിയായ സഹോദരനെ കൊന്ന പ്രതി വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴും അക്രമാസക്തനായി

വർക്കലയിൽ കിടപ്പുരോഗിയായ സഹോദരനെ കൊന്ന പ്രതി വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴും അക്രമാസക്തനായി

നെഞ്ചിൽ ആഴത്തിൽ അമർന്ന കത്തിയോടെയാണ് സന്ദീപിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നത്

 • Last Updated :
 • Share this:
  തിരുവനന്തപുരം: വർക്കല മേൽവെട്ടൂരിലിൽ കിടപ്പുരോഗിയായ യുവാവിനെ മദ്യലഹരിയിൽ സഹോദരൻ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പുലർച്ചെ ഒന്നര മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം വർക്കലയിൽ അരങ്ങേറിയത്. നാല് വർഷത്തോളമായി കിടപ്പ് രോഗിയായ സന്ദീപിനെ, വെറ്റിനറി ഡോക്ടർ കൂടിയായ സഹോദരൻ സന്തോഷ് (49) ആണ് കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഉർജിതപ്പെടുത്തി. റൂറൽ എസ്പി ശിൽപ ഡി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വിദഗ്ദ്ധ ഫോറൻസിക് സംഘവും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

  സ്ഥിരം മദ്യപാനിയായ സന്തോഷ് മദ്യലഹരിയിൽ, സന്ദീപ് താമസിക്കുന്ന വീടിനോട് ചേർന്നുള്ള ഔട്ട് ഹൗസിൽ അതിക്രമിച്ചു കടക്കുകയും ആഹാരം നൽകുന്നതിനായി സന്ദീപിന്റെ തൊണ്ടയിൽ ഇട്ടിരുന്ന ട്യൂബ് വലിച്ചെടുക്കുകയും ചെയ്തു. അക്രമാസക്തനായി കാണപ്പെട്ട സന്തോഷിനെ കണ്ട് ഭയന്ന് കിടപ്പ് രോഗിയായ സന്ദീപിന്റെ സഹായി സത്യദാസ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇതിനോടകം തന്നെ സന്തോഷ് സന്ദീപിന്റെ നെഞ്ചിൽ കത്തി പൂർണ്ണമായും കുത്തിയിറക്കിയിരുന്നു. സന്ദീപിനെ പോലീസ് ഉടൻതന്നെ ആംബുലൻസിൽ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

  നെഞ്ചിൽ ആഴത്തിൽ അമർന്ന കത്തിയോടെയാണ് സന്ദീപിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നത്. കത്തിയിലെ വിരലടയാളം ഉൾപ്പെടെയുള്ളവ ഇൻക്വസ്റ്റ് വേളയിൽ ഫോറൻസിക് വിദഗ്ദ്ധർ ശേഖരിച്ചിട്ടുണ്ട്. മദ്യലഹരിയിലായിരുന്ന പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. രാവിലെ 10 മണിയോടെ ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

  പ്രതിയായ സന്തോഷിനെ വർക്കല താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കി. വൈദ്യപരിശോധനയ്ക്ക് പോലീസ് കൊണ്ട് വരുന്ന സമയവും പ്രതി അക്രമസക്തനായി ആണ് കാണപ്പെട്ടത്. ഇയാൾ സന്ദീപിനെ കൊലപ്പെടുത്തിയ ശേഷം സഹോദരനെ ഞാൻ കൊന്നു എന്ന് പലവട്ടം പറഞ്ഞതായി സന്ദീപിനെ പരിചരിച്ചിരുന്ന സത്യദാസ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

  പേട്ട റയിൽവേ ഹോസ്പിറ്റലിൽ അറ്റൻഡർ ജോലിയിൽ ഇരിക്കവേ ഫിക്സ് വന്ന് നാല് വർഷത്തോളമായി സന്ദീപ് കിടപ്പ് രോഗിയായിരുന്നു. പ്രതിയായ സഹോദരൻ സന്തോഷ്, വെറ്റിനറി ഡോക്ടർ ആയി കട്ടപ്പനയിൽ ജോലി ചെയ്ത് വരികെ മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തുന്നത് സ്ഥിരമായതോടെ സസ്‌പെൻഷനിൽ ആണ് ഇപ്പോൾ.

  Also Read- കോഴിക്കോട് കൊലപാതകകേസില്‍ കോടതി വെറുതേവിട്ട 'കുപ്രസിദ്ധ പയ്യൻ' POCSO കേസില്‍ അറസ്റ്റില്‍

  വീടിനോട് ചേർന്നുള്ള ഔട്ട് ഹൗസിൽ ആണ് അവിവാഹിതനായ സന്ദീപ് താമസിച്ചു വന്നിരുന്നത്. പിതാവ് സുഗതൻ വർഷങ്ങൾക്ക് മുന്നേ മരണപ്പെട്ടിരുന്നു. തൊട്ടടുത്ത വീട്ടിൽ ആണ് വൃദ്ധമാതാവായ സോമലത (74) താമസിക്കുന്നത്. പകൽ മുഴുവനും ഇവർ സന്ദീപിനൊപ്പം ആണ്. രാത്രിയിൽ മാത്രമാണ് ഉറങ്ങാൻ നേരം വീട്ടിലേക്ക് പോകുന്നത്. സംഭവം നടക്കുമ്പോൾ മാതാവ് സോമലത ഉറക്കത്തിലായിരുന്നു. പോലീസ് മാതാവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

  പോസ്റ്റുമോർട്ടം നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി വൈകുന്നേരത്തോടെ റിമാൻഡ് ചെയ്യും എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസിന്റെ ഔദ്യോഗിക വിശദീകരണം വൈകുന്നേരത്തോടെ ഉണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം വൈകുന്നേരത്തോടെ വിട്ട് കിട്ടുന്നതനുസരിച്ചു വൈകിയാലും ഇന്ന് തന്നെ വീട്ടുവളപ്പിൽ സംസ്‌കരിക്കും എന്ന് ബന്ധുക്കൾ അറിയിച്ചു.

  Summary- The police have registered the arrest of the accused in the case of brother killing a bed-ridden youth in Melvettur, Varkala. Sandeep, who has been bedridden for nearly four years, was stabbed to death by his brother Santosh, who is also a veterinary doctor.
  Published by:Anuraj GR
  First published: