തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പുകളെക്കുറിച്ച് ചര്‍ച്ച ചെയ്തതിന്റെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയുടേതെന്ന് കരുതപ്പെടുന്ന ശബ്ദരേഖ പുറത്ത്. 2018 ഡിസംബര്‍ എട്ടിന് മാടായിക്കോണം ബ്രാഞ്ച് കമ്മിറ്റി വായ്പാ തട്ടിപ്പ് ചര്‍ച്ച ചെയ്യുന്നതിന്റെ ശബ്ദരേഖ പുറത്ത് വന്നത്. ബാങ്കിലെ ക്രമക്കേടുകളെക്കുറിച്ച് പാര്‍ട്ടിക്ക് പൂര്ണബോധ്യമുണ്ടായിരുന്നെന്ന് ശബ്ദരേഖയില്‍ വ്യക്തമാക്കുന്നു.
ബാങ്കിന്റെ കീഴിലുള്ള സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഗുണനിലവാരമില്ലായ്മയും വസ്തുവിന്മേലുള്ള പരിശോധന നടത്താതെ ലോണ്‍ നല്‍കുന്നതുമടക്കം ബാങ്ക് പ്രസിഡന്റ് കെ കെ ദിവാകരനോട് വിശദീകരണം ആവശ്യപ്പെടുന്നതും ശബ്ദരേഖയില്‍ ആവശ്യപ്പെടുന്നുണ്ട്.
പലിശക്കൂട്ടി പുതുക്കരുതെന്ന് തീരുമാനമുണ്ടായിട്ടും ലക്ഷങ്ങള്‍ കുടിശ്ശികയുടെ വായ്പകള്‍ പുതുക്കി നല്‍കിയെന്നും മതിപ്പുവിലയുടെ പകുതി മാത്രം വായ്പ അനുവദിക്കേണ്ട സ്ഥലത്ത് ഇക്കാര്യം പരിശോധിച്ചില്ലെന്നും ശബ്ദരേഖയില്‍ പറയുന്നു. വായ്പാ കുടിശിക പിരിക്കാന്‍ പോയ വനിതാ ഡയറക്ടര്‍ ബോര്‍ഡ് അംഗത്തെയും മാനേജരെയും മുറിയില്‍ പൂട്ടിയിട്ടതടക്കമുള്ള സംഭവങ്ങളുണ്ടായിട്ടും പ്രസിഡന്റ് ഇടപെട്ടില്ലെന്നും പ്രസിഡന്റിനെ മറിടകന്നു സെക്രട്ടറിയടക്കമുള്ളവര്‍ നടത്തുന്ന ഇടപെടല്‍ നിയന്ത്രിക്കണമെന്നും ശബ്ദരേഖയില്‍ ആവശ്യപ്പെടുന്നുണ്ട്.
വലിയ കുടിശികയുള്ള വായ്പകളുടെ രേഖകള്‍ ഡയറക്ടര്‍ ബോര്‍ഡ് പരിശോധിച്ചു നേരിട്ട് കണ്ട് പണമടയ്ക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും ബാങ്ക് പരിധിക്ക് പുറത്ത് വായ്പ നല്‍കിയതിനും വിമര്‍ശിക്കുന്നതും ശബ്ദരേഖയില്‍ കേള്‍ക്കാം.
Also Read-തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്: പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്നൂറു കോടിയുടെ തട്ടിപ്പ് ബാങ്കില്‍ നടന്നുവെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തല്‍. 46 പേരുടെ ആധാരത്തില്‍ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതടക്കം വന്‍ തട്ടിപ്പുകളാണ് ബാങ്കില്‍ നടന്നിരിയ്ക്കുന്നത്. ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കിയാണ് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തത്.
ഇടപാടുകളില്‍ സുതാര്യത ഇല്ലെന്ന് പരാതികളെ തുടര്‍ന്ന് 2019ല്‍ ബാങ്കിനെതിരെ തട്ടിപ്പ് പരാതിയുമായി നാട്ടുകാര്‍ രംഗത്ത് എത്തിയിരുന്നു .ഇതേ തുടര്‍ന്നാണ് രജിസ്ട്രാര്‍ അന്വേഷണം നടത്തിയതും വന്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്തു വന്നതും. വായ്പ നല്കിയ വസ്തുക്കളില്‍ തന്നെ വീണ്ടും വായ്പ നല്‍കിയും ക്രമം തെറ്റിച്ചു പല അക്കൗണ്ടുകളിലേക്കു പണം മാറ്റിയുമാണ് കരുവന്നൂര്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നത്.
സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കിനെ മറയാക്കി നടത്തിയ കള്ളപ്പണ വെളുപ്പിയ്ക്കലാണ് ഇ.ഡി അന്വേഷിയ്ക്കുക. അന്വേഷണം ആരംഭിയ്ക്കുന്നതിന് മുന്നോടിയായി പോലീസില്‍ നിന്നും കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ ഇ.ഡി തേടി. വിദേശ രാജ്യങ്ങളില്‍ നിന്നുമടക്കം കൃത്യമായ കണക്കുകളില്ലാതെ വന്‍ തോതില്‍ കള്ളപ്പണം ബാങ്കിലൂടെ വെളുപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇ.ഡി.അന്വേഷണമാരംഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.