തിരുവനന്തപുരം : പ്രണയിച്ച് വിവാഹം (Love Marriage) കഴിച്ച യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ ക്രൂരമായി മർദ്ദിച്ചതായി പരാതി. മതം മാറാൻ വിസമ്മതിച്ചതിനായിരുന്നു തിരുവനന്തപുരം (Thiruvananthapuram) ചിറയിന്‍കീഴ് ആനത്തലവട്ടം മിഥുന്‍ കൃഷ്ണന് മര്‍ദ്ദനമേറ്റത്. ഭാര്യ ദീപ്തിയുടെ സഹോദരന്‍ ഡാനിഷിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന് മിഥുന്‍ പൊലീസിന് (Kerala Police) നൽകിയ പരാതിയിൽ പറയുന്നു. മിഥുനെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ (CCTV Visuals) പുറത്തു വന്നിട്ടുണ്ട്. ആക്രമണത്തിൽ യുവാവിന്റെ തലയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റു. മിഥുനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മിഥുനും ദീപ്തിയും തമ്മിലുള്ള രജിസ്റ്റർ വിവാഹം നടന്ന ശേഷമായിരുന്നു സംഭവം. പള്ളിയിൽവെച്ച് വിവാഹം നടത്തിത്തരാമെന്ന് പറഞ്ഞാണ് മിഥുനെയും ദീപ്തിയെയും സഹോദരനും സുഹൃത്തുക്കളും ചേർന്ന് കൂട്ടിക്കൊണ്ടുപോയത്. വിവാഹം നടത്താനായി മതം മാറണമെന്ന ആവശ്യം മുന്നോട്ടുവെച്ചതോടെ മിഥുൻ അത് നിരസിച്ചു. ഇതോടെ ബന്ധത്തിൽ നിന്ന് പിൻമാറാമെങ്കിൽ എത്ര പണം വേണമെങ്കിലും മിഥുന് നൽകാമെന്നായി ദീപ്തിയുടെ സഹോദരൻ. ഈ ആവശ്യവും നിരാകരിച്ചതോടെയാണ് ഡാനിഷിന്‍റെ നേതൃത്വത്തിൽ മിഥുന് ക്രൂരമായ മർദ്ദനമേറ്റത്.
മിഥുനെ റോഡിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഭാര്യ ദീപ്തി പറഞ്ഞു. തങ്ങള്‍ വീട്ടിൽനിന്ന് ഇറങ്ങിപ്പോയി വിവാഹം കഴിക്കുകയായിരുന്നു എന്നും, വീട്ടുകാര്‍ മിസ്സിങ് കേസ് നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി എല്ലാം ഒത്തുതീര്‍പ്പാക്കിയതാണെന്നും ദീപ്തി പറയുന്നു. ഒക്ടോബര്‍ 29 നാണ് ബോണക്കാട്ടു വെച്ച് ഇരുവരും വിവാഹിതരായത്.
വിവാഹ ശേഷം മിഥുന്‍റെ ബന്ധുക്കൾ തങ്ങളെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തു. എന്നാൽ തന്‍റെ വീട്ടുകാർ ഇതുവരെ വിളിച്ചിട്ടില്ല. അതിനിടെയാണ് സഹോദരൻ വന്ന് പള്ളിയിൽ വെച്ച് വിവാഹം നടത്താമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടുപോയത്. ദീപ്തി ലാറ്റിന്‍ ക്രിസ്ത്യന്‍ വിഭാഗത്തിലും മിഥുന്‍ ഹിന്ദു മതത്തിലുംപ്പെട്ടയാളുമാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പാത്രം കഴുകുന്നതിനിടെ കാൽ വഴുതി പുഴയിൽ വീണ് അധ്യാപിക മരിച്ചു
ആലപ്പുഴ: പാത്രം കഴുകുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി പുഴയിൽ വീണ് അധ്യാപിക മരിച്ചു. തലവടിയിൽ ചെത്തിപ്പുരയ്ക്കല്‍ കൊടുംതറയില്‍ കെ എ സുനു(53)ആണ് മരിച്ചത്. ചെത്തിപ്പുരയ്ക്കല്‍ ഗവ. എല്‍പി സ്‌കൂളിലെ അധ്യാപികയാണ് സുനു. വീടിന് പിൻവശത്തെ കടവിൽ നിന്ന് പാത്രം കഴുകുന്നതിനിടെയാണ് സുനു അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. മൃതദേഹം നാലു കിലോമീറ്ററോളം ഒഴുകി ചങ്ങങ്കരി വരെ എത്തി. ബോട്ടിലെ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കരയ്ക്കടുപ്പിക്കുകയായിരുന്നു.
Also Read- Alappuzha | ആലപ്പുഴയില്‍ സ്‌കൂളില്‍നിന്നു മടങ്ങിയ വിദ്യാര്‍ഥിനിയെ കൂട്ടംചേര്‍ന്നു പീഡിപ്പിച്ചു
തുടർന്ന് ഇൻക്വസ്റ്റ് തയ്യാറാക്കി, മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
ബൈക്കുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷയുടെ ചില്ല് ആറുവയസുകാരന്‍റെ കണ്ണിൽ തുളഞ്ഞുകയറി
പത്തനംതിട്ട: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിനിടെ ഓട്ടോയുടെ ചില്ല് കണ്ണിൽ തറഞ്ഞുകയറി ആറു വയസുകാരന് ഗുരുതര പരിക്ക്. തിരുവല്ല മഴുവങ്ങാടിന് സമീപം എംസി റോഡിലാണ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു അപകടം ഉണ്ടായത്. അപകടത്തിൽ ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് തിരുവല്ല എസ്.എന്‍.ഡി.പി യൂണിയന്‍ ഓഫീസിന് സമീപം അപകടം ഉണ്ടായത്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന തിരുമൂലപുരം മാടപ്പുറത്ത് വീട്ടില്‍ രാജു ( 68 ), ഭാര്യ ഗോമതി (63), ചെറുമക്കളായ അനീറ്റ (10), ആരതി (11), അതുല്‍ (8), അലന്‍ (6), ബൈക്ക് യാത്രികനായിരുന്ന കുരമ്ബാല തെങ്ങും പുറത്ത് വീട്ടില്‍ അനൂപ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതിൽ അലന്‍റെ കണ്ണിലാണ് ഓട്ടോറിക്ഷയുടെ മുൻവശത്തെ ചില്ല് തറഞ്ഞുകയറി പരിക്കേറ്റത്. രാജുവിനും അതുലിനും ഇരു കാലുകള്‍ക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് നിസാര പരിക്കാണ് സംഭവിച്ചത്. ഏഴു പേരെയും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Conversion, Crime news, Marriage, Thiruvananthapuram news