കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയ സമയം കളക്ഷൻ തുക മോഷണം പോയി. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ആമീസ് ബസിലെ പണമാണ് യാത്രക്കാരൻ മോഷ്ടിച്ചത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ ജീവനക്കാർ കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച്ച ഉച്ചക്ക് 12.30ന് ഈരാറ്റുപേട്ടയിൽ നിന്നും കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെത്തിയ ആമീസ് ബസിലെ ജീവനക്കാർ ഭക്ഷണം കഴിക്കാൻ ഹോട്ടലിലേക്ക് പോയ സമയത്താണ് സംഭവം. ഡ്രൈവറുടെ സീറ്റിന് അരികിൽ സൂക്ഷിച്ച പണവും രേഖകളും അടങ്ങുന്ന ബാഗാണ് മോഷ്ടിച്ചത്. കളക്ഷൻ തുകയായ 3300 രൂപ ബാഗിൽ ഉണ്ടായിരുന്നു. തിരിച്ച് ബസിലെത്തിയ ജീവനക്കാർ ബാഗ് തിരഞ്ഞപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.
പണത്തിന്റെ കൂടെ ബാഗിൽ ഉണ്ടായിരുന്ന രേഖകൾ മോഷണം പോയിട്ടില്ല. കംഫർട്ട് സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ ബസിൽ നിന്നും മോഷ്ടാവ് ഇറങ്ങുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ജീവനക്കാർ കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.