ജീവനക്കാരിയെ തടിച്ചിയെന്നും വേശ്യയെന്നും വിളിച്ച് അപമാനിച്ച മേലുദ്യോഗസ്ഥൻ 19,000 പൗണ്ട് (ഏകദേശം 19 ലക്ഷം ഇന്ത്യൻ രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി. സ്കോട്ട്ലൻഡിലെ ഈസ്റ്റ് കിൽബ്രൈഡിൽ ടെക്സ്റ്റൈൽസ് ബിസിനസ് ചെയ്യുന്ന ഷഹ്സാദ് യൂനാസിനെതിരെയാണ് അവിടത്തെ തൊഴിലാളിയായ ഐഷ സമൻ പരാതിയുമായി രംഗത്തെത്തിയത്. തൊഴിൽ സ്ഥലത്ത് വച്ച് തന്നെ നിരവധി തവണ ലൈംഗികമായി തനിക്കെതിരെ ഇത്തരം സെക്സിസ്റ്റ് പരാമർശങ്ങൾ നടത്തിയെന്നും അസഭ്യം വിളിച്ചെന്നും, അപമാനിച്ചെന്നും ഐഷ പറയുന്നു. ഐഷ സമന്റെ പരാതിയെ തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന ഹിയറിംഗിൽ തൊഴിൽ കോടതി ഐഷയ്ക്ക് അനുകൂലമായി വിധി പറഞ്ഞു. ഐഷ നേരിട്ട അപമാനത്തിന് നഷ്ടപരിഹാരമായി, 19000 യൂനസ് പൗണ്ട് നൽകണം എന്നായിരുന്നു വിധി.
എന്നാൽ ഇതിൽ നിന്നും കേസിൽ വീണ്ടും ട്വിസ്റ്റ് ഉണ്ടായി. ഐഷ നേരിട്ട അപമാനത്തിന് യൂനസും അയാളുടെ സ്ഥാപനവും ഒരുപോലെ ഉത്തവാദികളെന്ന തൊഴിൽ കോടതിയുടെ വിധി വന്ന് മൂന്ന് മാസത്തിനകം കമ്പനി പാപ്പരത്തത്തിലേക്ക് നീങ്ങുകയും യൂനസ് കമ്പനി അടച്ച് പൂട്ടുകയും ചെയ്തു. ഇയാളിപ്പോൾ പാകിസ്താനിലാണെന്നാണ് റിപ്പോർട്ട് അതു കൊണ്ടുതന്നെ കോടതി വിധിപ്രകാരമുള്ള നഷ്ടപരിഹാരം ഈടാക്കാൻ ഉദ്യോഗസ്ഥർക്ക് പരിമിതികൾ ഉണ്ടെന്ന് ഐഷ പറയുന്നു.
” താൻ രാപകൽ കഷ്ടപ്പെട്ട് സമ്പാദിച്ച 10000 പൗണ്ട് ഈ കേസ് നടത്താനായി ചിലവഴിച്ചിട്ടുണ്ട്. അതും ഇപ്പോൾ നഷ്ടമായി. അയാൾ സ്ഥാപനം അടച്ച് പൂട്ടിയത് കണ്ണിൽപൊടിയിടാനാണ്. എവിടെ ഇരുന്നായാലും അവന് ഇവിടെ കച്ചവടം നടത്താൻ കഴിയും. എനിക്കറിയാം അവനിപ്പോ ചിരിക്കുന്നുണ്ടാകും, അത്രയ്ക്ക് ക്രൂരനാണ് അവൻ. അവൻ ജയിച്ചു , ഞാൻ തോറ്റുപോയി ” ഐഷ കണ്ണീരോടെ പറഞ്ഞു.
യൂനസിന്റെ പെരുമാറ്റത്തെ അപമാനകരം എന്നാണ് വിചാരണക്കിടെ കോടതി വിശേഷിപ്പിച്ചത്. ഐഷ 17718 പൗണ്ട് മോഷ്ടിച്ചു എന്നും, തനിക്ക് നേരെയുള്ള കേസ് ഐഷ പിൻവലിച്ചാൽ മോഷണക്കേസും പിൻവലിക്കാം എന്നുമായിരുന്നു യൂനസ് കോടതിയെ അറിയിച്ചത്. എന്നാൽ ജഡ്ജി യൂനസിന്റെ ഈ ആരോപണത്തെ അടിസ്ഥാനമില്ലാത്തത് എന്ന് പറഞ്ഞ് കോടതി തള്ളിക്കളയുകയാണ് ചെയ്തത്.
”താൻ എന്തോ തെറ്റ് ചെയ്തത് കൊണ്ടാണ് അയാൾ തന്നോട് ഇങ്ങനെ പെരുമാറിയത് എന്നാണ് ആളുകളുടെ വിചാരം. അതാണ് സമൂഹത്തിന്റെ മാനസികാവസ്ഥ. അത് എപ്പോഴും സ്ത്രീകളെ പ്രതിക്കൂട്ടിൽ നിർത്തുന്നു”, ഐഷ പറഞ്ഞു.
“നമ്മുടെ നിയമ സംവിധാനത്തിന് വേണ്ടത്ര ശക്തിയില്ല എന്നതാണ് വസ്തുത. കോടതികൾക്ക് ഒരു വിധി പുറപ്പെടുവിക്കാൻ കഴിയും, പക്ഷേ അവർക്ക് അത് നടപ്പിലാക്കാൻ കഴിയില്ല. അയാൾക്ക് മറ്റേതെങ്കിലും രാജ്യത്ത് ഇരുന്നു തന്റെ കമ്പനികൾ പ്രവർത്തിപ്പിക്കാം, അവൻ എങ്ങനെയാണോ മുൻപ് പ്രവർത്തിച്ചത്, അത് പോലെ തന്നെ കച്ചവടം മുന്നോട്ട് കൊണ്ടുപോകും”, ഐഷ കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.