ഛത്തീസ്ഗഢ് : കുട്ടികളില്ലാത്തതിന്റെ പേരില്‍ നിരന്തരം പരിഹസിച്ച അച്ഛനെ മകന് കമ്പിപ്പാര ഉപയോഗിച്ച് തല്ലി കൊലപ്പെടുത്തി. ഛത്തീസ്ഗഢിലെ ധംതാരി ജില്ലയിൽ ബുധനാഴ്ച വൈകുന്നേരം ആണ് സംഭവം നടന്നത്. നാഗ്രി ഡെവലപ്മെന്റ് ബ്ലോക്കിന് കീഴിലുള്ള ദേവ്പൂർ ഗ്രാമത്തിലെ ശിവനാരായണ സത്നാമി (55) എന്നയാളെയാണ് കൊല്ലപ്പെട്ടത്. മകൻ ഖേലൻദാസിന്റെ കമ്പിപ്പാര കൊണ്ടുള്ള അടിയാണ് മരണകാരണം.
മര്‍ദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ ശിവനാരായണ സത്നാമിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബുധനാഴ്ചയാണ് ധംതാരിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് സത്നാമി മരിച്ചത്. 11 വർഷം മുമ്പാണ് ശിവനാരായണയുടെ മകന്റെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് ഇത്രനാളായിട്ടും കുട്ടിയുണ്ടാകാത്തതിന്റെ പേരിൽ പിതാവ് മകനെയും മരുമകൾ സംഗീതയെയും നിരന്തരം ആക്ഷേപിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
"ബുധനാഴ്ച ശിവനാരായണ സത്നാമി കുട്ടികളില്ലാത്തതിന്റെ പേരില്‍ മകന്റെ ഭാര്യ സംഗീതയുമായി വഴക്കുണ്ടാക്കി. മക്കളില്ലാത്ത പേരു പറഞ്ഞ് മരുമകളെ പരിഹസിച്ചു. വഴക്കിട്ട് കയ്യേറ്റം ചെയ്യാനും തുടങ്ങി. ഉപദ്രവം സഹിക്കാതെ സംഗീത വീടുവിട്ട് പുറത്തേയ്ക്ക് പോയി. എ്നനാല് സത്നാമി പിന്നാലെ ചെന്ന് വീണ്ടും സംഗീതയെ ഉപദ്രവിച്ചു. ഇത് കണ്ട് പ്രകോപിതനായ മകന് വീട്ടിലുണ്ടായിരുന്ന കമ്പിപ്പാര എടുത്ത് പിതാവിനെ മര്‍ദ്ദിക്കുകയായിരുന്നു' - പൊലീസ് വ്യക്തമാക്കി.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ശിവനാരായണയെ സംഗീതയും മറ്റ് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് നാഗ്രി ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് അവിടെ നിന്ന് ധംതാരിയിലേക്ക് റഫർ ചെയ്ത. എന്നാല്‍ ചികിത്സയ്ക്കിടെ ശിവനാരായണ മരണപ്പെട്ടു. വിവരമറിഞ്ഞ് ഉടൻ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി മകനെ പിടികൂടി. അച്ഛന്റെ നിരന്തരമായ പരിഹാസത്തില്‍ സഹികെട്ടാണ് മകന് മര്‍ദ്ദിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ബന്ധുക്കളെയും പരിസരവാസികളെയും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.