നാട്ടിലെ ദിവസക്കൂലിക്കാരന്‍ ഗള്‍ഫില്‍ വന്‍ വ്യവസായി; സി.സി തമ്പിയുടെ വളര്‍ച്ചയ്ക്കു പിന്നില്‍ ആര്?

ഗൾഫിൽ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ സി.സി തമ്പിയുടെ അറസ്റ്റോടെ കേരളത്തിലും പലരുടെയും ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. ശരിക്കും ആരൊക്കെയാണ് സി.സി തമ്പിക്ക് പിന്നിലുള്ളത്?

News18 Malayalam | news18-malayalam
Updated: January 21, 2020, 1:37 PM IST
നാട്ടിലെ ദിവസക്കൂലിക്കാരന്‍ ഗള്‍ഫില്‍ വന്‍ വ്യവസായി; സി.സി തമ്പിയുടെ വളര്‍ച്ചയ്ക്കു പിന്നില്‍ ആര്?
CC Thampi
  • Share this:
ഇരുമ്പ് കടയിലും ഇലക്ട്രിക് കടയിലും ദിവസക്കൂലിക്ക് ജോലി ആരംഭിച്ച തമ്പിയുടെ ജീവിതം മാറ്റി മറിച്ചത് ഗള്‍ഫാണ്. സുഹൃത്തുക്കള്‍ നല്‍കിയ സഹായത്താല്‍ ഗള്‍ഫിലെത്തിയതോടെ തമ്പിയുടെ ജീവിതം മാറി മറിയുകയായിരുന്നു.

തുരുമ്പ് പിടിച്ച ജീവിതത്തില്‍ കച്ചിത്തുരുമ്പായ ഗള്‍ഫ്

തൃശൂര്‍ ജില്ലയിലെ കുന്നംകുളം പഴഞ്ഞിക്കടുത്ത് കോട്ടോലില്‍ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളിയായ ചെറുവത്തൂര്‍വീട്ടില്‍ ചാക്കുട്ടിയുടെ മകനാണ് തമ്പി. ഇല്ലായ്മകളുടെ നടുവില്‍ ജനിച്ചു വീണ തമ്പി ചങ്ങരംകുളത്തും കുന്നംകുളത്തുമായി ദിവസക്കൂലിയുള്ള ജോലിക്കാരനായി. ഇരുമ്പ് കടയിലും ഇലക്ട്രിക് കടയിലും ദിവസക്കൂലിക്ക് ജോലി ആരംഭിച്ച തമ്പിയുടെ ജീവിതം മാറ്റി മറിച്ചത് ഗള്‍ഫാണ്. ആ പ്രദേശത്തെ പലരെയും പോലെ ജീവിക്കാനായി തമ്പിയും ഗള്‍ഫിലേക്ക് പറന്നു. എണ്‍പതുകളുടെ തുടക്കത്തിലാണ് യു എ യില്‍ ഹോട്ടല്‍ ജീവനക്കാരനായി എത്തിയത്. ഗള്‍ഫിലെത്തി അധികം വൈകാതെ തമ്പിയുടെ തലവര മാറി.

ഹറാമായ മദ്യം എങ്ങനെ തമ്പിയുടെ രക്ഷയായി

ഏഴു എമിറേറ്റുകള്‍ ചേര്‍ന്ന യു എ എയില്‍ മദ്യം സംബന്ധിച്ച് വ്യത്യസ്ത നിയമങ്ങള്‍ ആണ് വിവിധ എമിറേറ്റുകളില്‍ നിലവില്‍ ഉള്ളത്. ഷാര്‍ജയില്‍ സമ്പൂര്‍ണ മദ്യ നിരോധനം നിലനില്‍ക്കുമ്പോള്‍ തൊട്ടടുത്ത അജ്മാനില്‍ മദ്യവ്യാപാരമുണ്ട്, ഇതിന് സര്‍ക്കാരിന്റെ ലൈസന്‍സ് ആവശ്യമാണ്. ഇത്തരത്തില്‍ അജ്മാനിലെ കടല്‍ത്തീരത്ത് ഒരു ഔട്ട്‌ലെറ്റ് ആരംഭിച്ചതാണ് തമ്പിയുടെ തുടക്കം. പിന്നീട് ദുബായിലടക്കം റസ്റ്റോറന്റുകള്‍ തുറന്നു. ആഢംബര ഹോട്ടലുകളുടെ ബാറുകള്‍ ഏറ്റെടുത്തും നടത്തി. അവിടങ്ങളില്‍ ഡാന്‍സ് ബാറുകളും തുടങ്ങി.

നാലുകെട്ടിലെ തമ്പി

അജ്മാന്‍ കേന്ദ്രീകരിച്ച് ബിസിനസ് തുടങ്ങി വളര്‍ന്ന തമ്പി യുഎഇയിലെ ഹോളിഡേ ഗ്രൂപ്പ് എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ചെയര്‍മാനായി. ഒപ്പം തന്നെ ഗൃഹാതുരമായ ഓര്‍മകളുമായി ജീവിക്കുന്നവരുടെ മുന്നിലേക്ക് കേരളീയ ഭക്ഷ്യ വിഭവങ്ങളുമായി വന്ന നാലുകെട്ട് റെസ്റ്റോറന്റ് എന്ന ശൃംഖലയും. അവിടെ പരമ്പരാഗത കേരളീയ വേഷമായ സെറ്റ് സാരിയുടുത്ത് മുല്ലപ്പൂ ചൂടിയ സുന്ദരിമാര്‍ മദ്യവും ഭക്ഷണവും വിളമ്പുന്നത് ദുബായ് സംസാരത്തില്‍ നിറഞ്ഞു. ഇപ്പോള്‍ ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ്, ടയര്‍, ട്രേഡിംഗ് മേഖലകളാണ് പ്രവര്‍ത്തനമേഖല. അജ്മാനിലും ഹത്തയിലും ഫുജൈറയിലും റിസോര്‍ട്ടുകളുമുണ്ട്.

ആരാണ് ഗോഡ് ഫാദര്‍?

ഒരു ഹോട്ടലിലെ സാധാരണ ജീവനക്കാരന്‍ ആയി ജീവിതം തുടങ്ങിയ തമ്പി ഹൈ ടെക്കും ബ്ലൂ ചിപ്പും കൊണ്ട് അമ്മാനമാടുന്ന ഡല്‍ഹിയിലെ ഏറ്റവും ശക്തമായ കുടുംബത്തില്‍ സ്വാധീനം ഉള്ള വ്യവസായി ആയത് ഒരു ദശകത്തിനുള്ളിലാണ്. വന്‍ തുക ആവശ്യമുള്ള മദ്യ വ്യവസായ ലൈസന്‍സ് തമ്പിക്ക് ലഭിച്ചത് എങ്ങിനെ എന്നത് അജ്ഞാതം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഉറ്റ ബന്ധം ഉണ്ടായിരുന്ന ഒരു മലയാളിയുമായി ഉണ്ടായ ഒരു സൗഹൃദമാണ് തമ്പിക്ക് കരുത്തായത് എന്നാണ് അടുപ്പക്കാര്‍ പറയുന്നത്.

Read Also- റോബർട്ട് വാദ്രയുടെ ബിസിനസ് പങ്കാളിയായ മലയാളി അറസ്റ്റിൽ

ഇത് പിന്നീട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുടെ കുടുംബവും ആയുള്ള അടുപ്പത്തിനും കാരണമായി. അവരുടെ അവധി ദിനങ്ങള്‍ക്ക് തമ്പി ആതിഥേയനായതിന് സാക്ഷികള്‍ ഏറെ. സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയ വ്യക്തി വഴിയാണ് വാദ്രയെ പരിചയപ്പെട്ടത് എന്ന് തമ്പി മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ തമ്പിയുടെ സ്വാധീനം ഇന്ദ്രപ്രസ്ഥത്തിലേക്ക് വളര്‍ന്നു. തമ്പിയുടെ ഹോട്ടലിനു മുമ്പിലെ കൊടികളുടെ നിറങ്ങള്‍ പോലെ പലതരം രാഷ്ട്രീയക്കാര്‍ ഇഷ്ടക്കാരായതോടെ വ്യാപാരം കോടികളുടെതായി.

ചിന്ന തമ്പി പെരിയ തമ്പി

പണവും പ്രതാപവും തമ്പിയെ തേടിയെത്തിയതോടെ പ്രവാസി സംഘടനാ രംഗത്തും തമ്പി സജീവ സാന്നിധ്യമായി. സ്വരലയ യുഎഇ രക്ഷാധികാരി ചുമതല ഏറ്റെടുത്തു. കേരള സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ലോക കേരള സഭയില്‍ 2018ല്‍ പ്രത്യേക ക്ഷണിതാവായിരുന്നു. സ്വന്തം നാടായ കേരളത്തില്‍ തമ്പി ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കിയത് റിയല്‍ എസ്റ്റേറ്റ് രംഗത്താണ്. പണത്തിന് പാര്‍ട്ടി-സംഘടനാ വ്യത്യാസമില്ല എന്ന് മനസിലാക്കിയ തമ്പി തേടിയെത്തിയ ആരെയും നിരാശരാക്കിയില്ല.

കാലം മാറി കളം മാറി



മകന്റെ പേരില്‍ കുന്നംകുളത്ത് ആരംഭിച്ച തേജസ് എഞ്ചിനിയറിംഗ് കോളജിന്റെ പേരില്‍ 2009ല്‍ സിബിഐ തമ്പിയെ തേടിയെത്തിയിരുന്നു. കോളജിന് എഐസിടിഇ അനുമതി നേടിയത് വഴിവിട്ടാണെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ഇത്. തമ്പി ചെയര്‍മാനായ ഫൗണ്ടേഷന്റെ കീഴിലുള്ള മറ്റൊരു കോളജിനെതിരെയും ആരോപണങ്ങളുയര്‍ന്നിരുന്നു. സ്ഥല, കെട്ടിട സൗകര്യങ്ങള്‍ ഇല്ലാതിരുന്നിട്ടും വ്യാജ സത്യവാങ്മൂലം നല്‍കി അനുമതി തരപ്പെടുത്തിയെന്നായിരുന്നു പരാതി.

എഐസിടിഇ സൗത്ത് വെസ്റ്റ് റീജന്‍ ഡയറക്ടര്‍ മഞ്ജു സിങ് അടക്കമുള്ളവര്‍ ഇതില്‍ പ്രതികളായി. തമ്പിയുടെ ഓഫീസ് റെയ്ഡ് ചെയ്ത പൊലീസ് മഞ്ജുവിന് വന്‍ തുക കോഴ കൊടുത്തതിന്റെ രേഖകള്‍ കിട്ടിയതായും അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് തെളിവുകളില്ലെന്ന കാരണത്താല്‍ ഈ അന്വേഷണം സിബിഐ അവസാനിപ്പിച്ചു. സുപ്രധാനമായ ചില കാര്യങ്ങള്‍ വിട്ടു പോയെന്നറിയിച്ച് 2017 ല്‍ സിബിഐ ഈ കേസ് വീണ്ടും അന്വേഷിച്ചു. ഇതിനിടെ കേന്ദ്രത്തില്‍ ഭരണം മാറിയിരുന്നു എന്നത് ശ്രദ്ധേയം.

റോബര്‍ട്ട് വാദ്രയുടെ ബിനാമിയോ?



വിദേശ നാണ്യവിനിമയ ചട്ടങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് തമ്പിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. റോബര്‍ട്ട് വാദ്രയുടെ ബിനാമിയാണ് തമ്പിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ആരോപണം. ആയുധ ഇടപാടുകാരനായ സഞ്ജയ് ഭണ്ഡാരി വാദ്രയ്ക്കായി ദുബായില്‍ വില്ല വാങ്ങാന്‍ ശ്രമിച്ചത് തമ്പിയുടെ ഉടമസ്ഥതയിലുള്ള കടലാസ് കമ്പനിയുടെ പേരിലായിരുന്നുവെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. എന്‍ജിസിയുടെ പ്രത്യേക സാമ്പത്തിക കരാര്‍ സാംസംഗ് കമ്പനിക്ക് നല്‍കാന്‍ വാധ്ര ഇടനിലക്കാരനായിരുന്നുവെന്നും ഇതിന്റെ പ്രത്യുപകാരമായാണ് വില്ല വാങ്ങി നല്‍കാനുള്ള നീക്കമുണ്ടായതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നു. ലണ്ടനില്‍ 26 കോടി രൂപയുടെ കെട്ടിടം ഭണ്ഡാരി വാങ്ങി നല്‍കിയതും തമ്പിയുടെ പേരിലായിരുന്നു. തമ്പിയെ ബിനാമിയാക്കി വാധ്രയാണ് ഈ കെട്ടിടം ഉപയോഗിച്ചതെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരുമായുള്ള തമ്പിയുടെ ബന്ധങ്ങളെക്കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്. വാദ്രയുടെ വിദേശ ഇടപാടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തമ്പിയുടെ അറസ്റ്റോടെ ലഭ്യമാകുമെന്നാണ് ഇ.ഡിയുടെ പ്രതീക്ഷ. കൂടാതെ വാദ്രയുമായി ബന്ധമുള്ളവരുടെ പേരില്‍ സ്വത്തുക്കള്‍ വാങ്ങാന്‍ തമ്പി കുഴല്‍പ്പണ ഇടപാട് നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

തമ്പിയുടെയും വാദ്രയുടെയും മൊഴികള്‍ കുരുക്കായി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് റോബര്‍ട്ട് വാദ്ര നല്‍കിയ മൊഴിയാണ് തമ്പിയെ കൂടുതല്‍ വെട്ടിലാക്കിയത്. വിമാനയാത്രയ്ക്കിടെയാണ് തമ്പിയെ പരിചയപ്പെട്ടതെന്നായിരുന്നു വാദ്ര മൊഴി നല്‍കിയത്. എന്നാല്‍ സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയ മലയാളി മുഖേനയാണ് വാദ്രയെ പരിചയപ്പെട്ടതെന്നായിരുന്നു തമ്പിയുടെ മൊഴി. ഇതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ പരിശോധിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തയ്യാറായത്. ഒടുവില്‍ ഇത് തമ്പിയുടെ അറസ്റ്റില്‍ കലാശിക്കുകയായിരുന്നു. ഇതുകൂടാതെ ലണ്ടനിലെ 12 ബ്രൈന്‍സ്റ്റണ്‍ സ്‌ക്വയര്‍ വീട് സംബന്ധിച്ചും പരസ്പരവിരുദ്ധമായ മൊഴിയാണ് ഇരുവരും നല്‍കിയത്. താന്‍ അവിടെ താമസിച്ചിട്ടില്ലെന്നായിരുന്നു വാദ്രയുടെ മൊഴി. എന്നാല്‍ വാദ്ര അവിടെ താമസിച്ചതിന്റെ വിശദാംശങ്ങള്‍ തമ്പി എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കി.

കേന്ദ്രത്തിലെ മാറ്റം രാശി മാറ്റിയോ

റോബര്‍ട്ട് വാദ്രയുടെ സ്വത്തിനു പിന്നിലെ അന്വേഷണമാണ് തമ്പിയിലേക്ക് നീണ്ടത്. ഡല്‍ഹിയിലെ സ്വാധീനം കേരളത്തിലെ പല നേതാക്കളെയും തമ്പിയുമായി അടുപ്പിച്ചിരുന്നു. ഒരു പക്ഷെ കേരളത്തിലെ ചില നേതാക്കള്‍ക്ക് ഉള്ളതിനേക്കാള്‍ സ്വാധീനം തമ്പിക്കുണ്ടായിരുന്നു എന്നതും ഇതിനു കാരണമായി. കേരളത്തില്‍ തമ്പിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഇത് പലരുടെയും ഉറക്കം കെടുത്തുന്നുമുണ്ട്.
First published: January 21, 2020, 1:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading