HOME /NEWS /Crime / വ്യാജരേഖകൾ ഉപയോഗിച്ച് കെഎസ്എഫ്ഇയിൽനിന്ന് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിലായി

വ്യാജരേഖകൾ ഉപയോഗിച്ച് കെഎസ്എഫ്ഇയിൽനിന്ന് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിലായി

Crime

Crime

വില്ലേജ് ഓഫീസുകളുടെ സീല്‍ നിര്‍മ്മിച്ച് വ്യാജ ഒപ്പിട്ട് സ്ഥലത്തിന്റെ സ്‌കെച്ച്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്ലാന്‍ എന്നിവ നിര്‍മിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Kozhikode [Calicut]
  • Share this:

    സിദ്ദിഖ് പന്നൂർ

    കോഴിക്കോട്: വ്യാജ രേഖകള്‍ ഉപയോഗിച്ച് കെ എസ് എഫ് ഇ യില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത സംഭവത്തിലെ മുഖ്യ പ്രതിയെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശി നിയാസ് അലിയേയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട് കബസ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 19 കേസുകളിലും താമരശ്ശേരിയില്‍ രജിസ്റ്റര്‍ ചെയ്ത 14 കേസുകളിലും നിയാസ് അലി പ്രതിയാണ്. റിട്ടയേഡ് തഹസില്‍ദാര്‍ ഉള്‍പ്പെടെ നാലുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

    കെ എസ് എഫ് ഇ ഈങ്ങാപ്പുഴ ബ്രാഞ്ചില്‍ ചിട്ടിയില്‍ ചേര്‍ന്ന ശേഷം വ്യാജ രേഖകള്‍ സമര്‍പ്പിച്ച് കോടികള്‍ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി മലപ്പുറം മഞ്ചേരി നറുകര നാലകത്ത് നിയാസ് അലിയെ മാസങ്ങളായുള്ള നിരീക്ഷണത്തിനൊടുവിലാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വില്ലേജ് ഓഫീസുകളുടെ സീല്‍ നിര്‍മ്മിച്ച് വ്യാജ ഒപ്പിട്ട് സ്ഥലത്തിന്റെ സ്‌കെച്ച്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്ലാന്‍ എന്നിവ നിര്‍മിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. കട്ടിപ്പാറ വില്ലേജ് ഓഫീസറുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനായി അയച്ചപ്പോഴാണ് വ്യാജ രേഖകളാണ് സമര്‍പ്പിച്ചതെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ നല്‍കിയ പരാതിയിലാണ് ആദ്യം രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കെ എസ് എഫ് ഇ അധികൃതര്‍ നടത്തിയ പരിശോധനിയിലാണ് കൂടുതല്‍ തട്ടിപ്പുകള്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് കെ എസ് എഫ് ഇ നല്‍കിയ പരാതിയില്‍ 12 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.

    ചിട്ടികളില്‍ ചേര്‍ന്ന ശേഷം വ്യാജമായി നിര്‍മിച്ച ആധാരങ്ങളും മറ്റു രേഖകളും സമര്‍പ്പിച്ച് ലോണ്‍ കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. സംഭവത്തില്‍ റിട്ടയേഡ് തഹസില്‍ദാര്‍ പയ്യോളി അഭയം വീട്ടില്‍ കെ പ്രദീപ് കുമാര്‍, മലപ്പുറം കാളികാവ് ഉദിരംപൊയില്‍ കിഴക്കേതില്‍ ഷാജഹാന്‍, മൊറയൂര്‍ അരിമ്പ്ര കറുത്തേടത്ത് നാദിര്‍, വയനാട് സുല്‍ത്താന്‍ബത്തേരി പട്ടരുതൊടി മാട്ടാംതൊടുകയില്‍ ഹാരിസ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

    കെ എസ് എഫ് ഇ യുടെ വാല്യൂവര്‍ ഓഫീസറായ പ്രദീപ് കുമാറിന്റെ സഹായത്തോടെയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സബ് രജിസ്ട്രാര്‍ ഓഫീസിലെ മുദ്ര സീല്‍ ഉള്‍പ്പെടെ വ്യാജമായി നിര്‍മിച്ചാണ് ആധാരങ്ങള്‍ തയ്യാറാക്കിയിരുന്നത്. നിയാസ് അലിയാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയിരുന്നതെന്നും മറ്റുള്ളവര്‍ സഹായികളാണെന്നും പോലീസ് പറഞ്ഞു. ആഡംബര ജീവിതം നയിക്കുന്നതിനാണ് തട്ടിപ്പ് നടത്തിയിരുന്നത്. നിയാസ് അലിയുടെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ കാലാവധി കഴിഞ്ഞെങ്കിലും പ്രതി വിവിധ സ്ഥലങ്ങളില്‍ മാറി മാറി ഒളിവില്‍ കഴിയുകയായിരുന്നു. സിം കാര്‍ഡ് മാറ്റി ഉപയോഗിച്ചതിനാല്‍ അന്വേഷണ സംഘത്തിന് പ്രതിയെ കണ്ടെത്താനായില്ല.

    മാസങ്ങളായുള്ള നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ മഞ്ചേരിയിലെത്തി പിടികൂടിയത്. എസ് ഐ അബ്ദുല്‍ റസാഖ്, സീനിയര്‍ സി പി ഒ. എ കെ ലതീഷ്, സി പി ഒ മാരായ നിനീഷ്, ഹനീഷ്, റഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടി താമരശ്ശേരിയിലെത്തിച്ചത്. കോടതിയില്‍ ഹാജറാക്കി റിമാണ്ട് ചെയ്ത പ്രതിയെ തുടരന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. കോഴിക്കോട് കസബ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 19 കേസുകളിലേക്കും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും.

    First published:

    Tags: Crime news, Fraud, Kerala police, Kozhikode, Ksfe