ക്രൂരപീഡനത്തിന് 75 വയസ്സുകാരിയും; വേട്ടക്കാരുടെ മാനസികാവസ്ഥ എന്ത് ? 

ഓരോ വാർഡിലും ഇതു പോലെ പ്രായമായവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, ചുറ്റിത്തിരിയുന്നവർ, ദുരുപയോഗിക്കപ്പെടുന്നവർ ഒക്കെ ഉണ്ടാകാം. അവർക്കെതിരെയുള്ള അതിക്രമം തടയേണ്ടതും സാമൂഹ്യ സേവനത്തിന്റെ ഭാഗമാണ്

News18 Malayalam | news18-malayalam
Updated: August 5, 2020, 10:10 PM IST
ക്രൂരപീഡനത്തിന് 75 വയസ്സുകാരിയും; വേട്ടക്കാരുടെ മാനസികാവസ്ഥ എന്ത് ? 
News18
  • Share this:


'പൊകേലയും കഞ്ഞീം തരാമെന്ന് പറഞ്ഞാ അവർ എന്നെ കൊണ്ട് പോയെ..... എന്നെ വേഗം ആശൂത്രീലെത്തിലേക്ക് എത്തിക്ക്.... ഞാൻ മരിച്ചു പോകും മോനെ...'  എറണാകുളം കോലഞ്ചേരിയിൽ   ഒരമ്മ മകനോട് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച ഇത് പറയുമ്പോൾ അവരുടെ തുടയിലൂടെ ചോര ഒഴുകുന്നുണ്ടായിരുന്നു. ആ ചോരയുടെ കാരണം അറിയുമ്പോൾ സമൂഹം ലജ്ജിക്കണം. 75 വയസ്സുള്ള ആ സ്ത്രീ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു.  66 വയസുള്ള മറ്റൊരു സ്ത്രീയുടെ സഹായത്തോടെയായിരുന്നു ഈ ക്രൂരകൃത്യം. ഗുരുതരമായ പരുക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് 75 വയസ്സുള്ള ആ സ്ത്രീ.

തുടർന്ന് ലോറി ഡ്രൈവർ മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ഷാഫി (50 ) കോലഞ്ചേരി പാങ്കോട് സ്വദേശി ഓമന (66 ) മകൻ മനോജ് (43 ) എന്നിവരെ ബലാത്സംഗം പോലീസ് അറസ്റ്റ് ചെയ്തു. പട്ടികജാതി പീഡനത്തിനും ഇവർക്ക് എതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

Also Read: കോലഞ്ചേരി പീഡനം: പ്രതികളായ അമ്മയും മകനും റിമാൻഡിൽ, ഒന്നാം പ്രതിയെ കീഴടക്കിയ പൊലീസുകാർ കോവിഡ് നിരീക്ഷണത്തിൽ
കൃത്യമായ ഗൂഢാലോചന നടത്തിയാണ് ഓഗസ്റ്റ് രണ്ടിന് ഉച്ചകഴിഞ്ഞ് ഈ വയോധികയെ അതി ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. ഡൽഹിയിൽ നിർഭയയ്ക്ക് നേരെ ഉണ്ടായതിനു സമാനമായ പീഡനമാണ് വയോധികക്ക് നേരെയും നടന്നതെന്ന് പോലീസിന്റെയും ഡോക്ടർമാരുടെയും റിപ്പോർട്ടുകൾ. അവരുടെ സ്വകാര്യ ഭാഗത്ത് ആഴമേറിയ മുറിവുകൾ ഉണ്ട്.കത്തി പോലുള്ള മൂർച്ചയേറിയ ആയുധം കൊണ്ടുള്ളതാണ് മുറിവുകൾ എന്നാണ് ഡോക്ടർമാർ പറയുന്നത് .ശരീരത്തിന്റെ പല ഭാഗങ്ങളിലും കത്തികൊണ്ട് മുറിപ്പെടുത്തിട്ടുണ്ട്. മൂത്രസഞ്ചിക്കും കുടലിന്റെയും ഭാഗത്തും സാരമായി പരിക്കേറ്റിരുന്നു.നെഞ്ചിലും വയറ്റിലും ചതവുകളും മുറിവുകളുണ്ട്.സ്കാനിംഗിൽ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതായും കണ്ടെത്തി.

' കാമവികാരം 75 വയസായ ഒരു സ്ത്രീയിൽ എങ്കിലും തീർക്കാം എന്ന മനസികനില വളരെ ഗുരുതരമായ വ്യക്തിത്വ വൈകല്യം ഉണ്ടെങ്കിലേ വരൂ. അതിനു പുറമെ ലഹരിപദാർത്ഥങ്ങളും കൂടി ചേരുമ്പോഴേക്കും ഈ കാമപൂർത്തിക്ക് അപ്പുറത്തുള്ള അതിക്രമണങ്ങളിലേക്ക് അവർ പോകും. നിർഭയയിലും റേപ്പിന് അപ്പുറത്ത് പോയത് അതുകൊണ്ടാണ്,' പ്രശസ്ത മനോരോഗവിദഗ്ദൻ ഡോക്ടർ സിജെ ജോൺ പറഞ്ഞു.

ഞായറാഴ്ച ഉച്ചതിരിഞ്ഞ് അയൽവാസിയായ ഓമനയാണ് ചോരയിൽ കുതിർന്ന അമ്മയെയും കൂട്ടി ഓട്ടോയിൽ വന്നിറങ്ങിയതെന്ന് മകൻ പറഞ്ഞു." അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകണം വീട്ടുപടിക്കൽ വീണു കമ്പികൊണ്ടു മുറിവേറ്റുവെന്നാണ് അവർ പറഞ്ഞത്. അമ്മയുടെ മുണ്ടിലും ദേഹത്തുമെല്ലാം ചോരയായിരുന്നു. അവർ അവരുടെ വീട്ടിലേക്ക് തിരിച്ചു നടന്നുപോയി. അമ്മയുടെ തുടയിലാണ് മുറിവേറ്റെന്നാ അവർ പറഞ്ഞത്. പക്ഷേ, ആശുപത്രിക്ക് പോകും വഴി നെഞ്ചിലും വയറിലുമൊക്കെ മുറിഞ്ഞിട്ടുണ്ടെന്ന് കണ്ടു. നരച്ചതാടിയും മുടിയുമുള്ള ആളാണ് ഉപദ്രവിച്ചതെന്ന് അമ്മ ആശുപത്രിയിലേക്കുള്ള വഴിയിൽ പറഞ്ഞു' മകൻ പറഞ്ഞതിങ്ങനെ.

ഇത്ര പ്രായമുള്ള ഒരു സ്ത്രീയെ മറ്റൊരു സ്ത്രീയുടെ സഹായത്തോടെ ബലാൽസംഗം ചെയ്ത ശേഷം ഇത്തരത്തിൽ പീഡനത്തിന് ഇരയാക്കിയത് കേരളത്തിൽ തന്നെ ഒരു പക്ഷെ ആദ്യ സംഭവം ആയിരിക്കും. "ഞങ്ങളെയൊക്കെ ഇന്ന് ഈ നിലയിലെത്തിച്ചത് അമ്മയാണ്. പാടത്ത് പണിയെടുത്തും വീട്ടുജോലി എടുത്തുമാണ് അമ്മ മക്കളെ നോക്കിയിരുന്നത്. അമ്മയ്ക്ക് ഒരു വർഷമായി പ്രായത്തിന്റേതായ ചെറിയ ഓർമക്കുറവുണ്ട്. പക്ഷേ, കാര്യങ്ങളൊക്കെ അറിയാം. നാട്ടിലെല്ലാവർക്കും അമ്മയെ അറിയുന്നതാണ്. പല വീടുകളിലും വീട്ടുജോലിക്കൊക്കെ പോകുമായിരുന്നു. വയസ്സായതിൽപ്പിന്നെ ജോലിക്കൊന്നും പോകുന്നില്ല. എന്നാലും എല്ലാവരോടും വർത്തമാനം പറഞ്ഞ് നാട്ടിലിറങ്ങി നടക്കും. ആളുകൾ ചായ കുടിക്കാനൊക്കെ എന്തെങ്കിലും കൊടുക്കും, ' മകൻ പറഞ്ഞു.

വയോധികയുടെ വീടിനടുത്തുള്ള സ്വകാര്യ കമ്പനിയില്‍ ചരക്കുമായെത്തിയ വാഹനത്തിന്റെ ഡ്രൈവറാണ് മുഹമ്മദ് ഷാഫി.ഓമന ഇയാള്‍ക്ക് തന്റെ വീട്ടില്‍ അനാശാസ്യത്തിന് സൗകര്യം കൊടുക്കാറുണ്ട് എന്ന് പോലീസ് പറയുന്നു. ഒരു സ്ത്രീയെ വേണമെന്ന് ഞായറാഴ്ചയും ഇയാൾ ഓമനയോട് ആവശ്യപ്പെട്ടു. തൊട്ടടുത്തു താമസിക്കുന്ന നാട്ടുകാരോടൊക്കെ സഹായം ചോദിക്കുന്ന സ്വഭാവം ഉള്ള വയോധികയെ ഇതിന് ഉപയോഗിക്കാം എന്ന് ഓമന തീരുമാനിച്ചു. വയോധിക വീട്ടിൽ ഒറ്റയ്ക്കായിരുന്നു.

' ആരുടെയെങ്കിലും ലൈംഗിക സുഖത്തിന് ആരെയെങ്കിലും കൂട്ടിക്കൊടുക്കുന്ന ഒരു സ്ത്രീക്ക് മറ്റേയാളുടെ പ്രായമൊന്നും ബാധകമല്ല. ആ മാനസിക നിലയിൽ പിന്നെ എല്ലാം ഒരുപോലെയാണ് . ചെറിയ പ്രായത്തിൽ ഉള്ളവരെ മറ്റുള്ളവർക്ക് എത്തിക്കുന്നതും ഇതേ പ്രായത്തിൽ ഉള്ളവരൊക്കെ ഉണ്ട്. പല തരത്തിൽ പ്രശ്നങ്ങൾ ഉള്ളവരെ സഹായിച്ച് പ്രലോഭിച്ച് പല തരത്തിൽ ദുരുപയോഗം ചെയ്യുന്നവരും ഉണ്ട്.കഷ്ടപ്പെടുന്നവരെ സഹായം ചെയ്യൽ മറ്റൊന്നിലേക്ക് നയിച്ച് കാശുണ്ടാക്കാം എന്നത് മാത്രമേ ഉള്ളു. അപ്പൊ പിന്നെ മനുഷ്യത്വവും സഹാനുഭൂതിയും ഒന്നുമില്ല.ചെറിയ സഹായം ചെയ്ത് വിധേയത്തം ഉണ്ടാക്കി ചൂഷണം ചെയ്യുന്നു.എങ്കിലും ഇത് അപൂർവങ്ങളിൽ അപൂർവമാണ് എന്ന് പറയുന്നത് ആ പ്രായം കൊണ്ടുതന്നെയാണ് , ' ഡോക്ടർ ജോൺ പറഞ്ഞു.

തുടർന്ന് ഓമന പുകയിലയും കഞ്ഞിയും തരാമെന്നു പറഞ്ഞ് അവരെ വീട്ടിലേക്ക് കൊണ്ടു വന്നു. വയോധിക എതിർത്തെങ്കിലും ഓമനയുടെ വീട്ടിൽ വെച്ച് മുഹമ്മദ് ഷാഫി അവരെ ക്രൂരമായി ബലാത്സംഗം ചെയ്തു എന്നാണ് കേസ്. തുടർന്ന് ബഹളം വെച്ച സ്ത്രീയെ മനോജ് ക്രൂരമായി ആക്രമിച്ചു.ശരീരം മുഴുവന്‍ മുറിവേറ്റ് അവശനിലയിലായ വയോധികയെ ഓമന വൈകിട്ട് നാലോടെ ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിച്ചു. ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ചതിനെ വീട്ടുകാര്‍ പഴങ്ങനാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഞായറാഴ്ച രാത്രി വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ശസ്ത്രക്രിയക്ക് ശേഷം വയോധിക തീവ്ര പരിചരണ വിഭാഗത്തിലായി.

' ജുവനൈൽ ജസ്റ്റിസ് ആക്ടിൽ പ്രത്യേക കരുതലും സംരക്ഷണവും വേണ്ട കുട്ടികൾ എന്ന വിഭാഗം ഉള്ളതു പോലെ ഓരോ വാർഡിലും പ്രത്യേക കരുതലും സംരക്ഷണവും വേണ്ട മുതിർന്നവരുമുണ്ട്.അവരുടെ സംരക്ഷണം ഉറപ്പാക്കുന്നതും സാമൂഹ്യപ്രവർത്തനമാണ്. അത് വാർഡ് ജനപ്രതിധികളുടെ ഉത്തരവാദിത്തവുമാണ് .നമ്മൾ ആ രീതിയിൽ ഇതിനെ കണ്ടിട്ടില്ല.ഇതു പോലെ പ്രായമായവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, ചുറ്റിത്തിരിയുന്നവർ, ദുരുപയോഗിക്കപ്പെടുന്നവർ ഒക്കെ ഉണ്ടാകാം. അവർക്കെതിരെയുള്ള അതിക്രമം തടയേണ്ടതും സാമൂഹ്യ സേവനത്തിന്റെ ഭാഗമാണ്' , ഡോ. ജോൺ പറയുന്നു.

ഇങ്ങനെ ക്രൂരതകാണിക്കാൻ അമ്മ എന്തു തെറ്റാണ് ചെയ്തതെന്ന് മകൻ ചോദിക്കുന്നു.'കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിയപ്പോഴാണ് കാര്യത്തിന്റെ തീവ്രത ഇത്രയും മനസ്സിലായത്. ആരായാലും കുറ്റവാളികൾ ശിക്ഷിക്കപ്പെടണം,'.അയാൾ പറഞ്ഞു.

Published by: Chandrakanth viswanath
First published: August 5, 2020, 8:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading