കൊല്ലം: നൂറിലേറെ മാല കവർച്ച കേസുകളിലെ പ്രധാനിയായ കുപ്രസിദ്ധ മോഷ്ടാവ് കാവനാട് ശശി അറസ്റ്റിലായി. കൊല്ലം കൊട്ടാരക്കര വാളകത്തുവെച്ചാണ് ഇയാൾ പിടിയിലായത്. പട്ടാപ്പകല്‍ ബൈക്കില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ മാല പൊട്ടിച്ചെടുക്കുന്നതാണ് ഇയാലുടെ രീതി.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ നൂറിലധികം മാല കവര്‍ച്ചാക്കേസുകളിലെ പ്രതിയാണ് കാവനാട് ശശി. ഇതുവരെ ഇരുനൂറ് പവനിലേറെ സ്വർണം ഇയാൾ മോഷ്ടിച്ചതായാണ് പൊലീസ് പറയുന്നത്.
കൊല്ലം അഞ്ചാലുംമൂട് കൊച്ചഴികത്ത് പണയില്‍ വീട്ടില്‍ ശശി ഏറെ കാലമായി പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മുങ്ങി നടക്കുകയായിരുന്നു. കഴിഞ്ഞദിവസം വാളകം അണ്ടൂര്‍ ഭാഗത്തു വച്ച് പൊലീസിന് സംശയം തോന്നി പിടികൂടിയപ്പോഴാണ് സംസ്ഥാനത്തെ പ്രധാന മാല മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞത്. മലപ്പുറം മഞ്ചേരിയില്‍ നിന്ന് മോഷ്ടിച്ച ബൈക്കിലായിരുന്നു ഇയാൾ യാത്ര ചെയ്തിരുന്നത്. പിടികൂടുമ്പോള്‍ പ്രതിയുടെ കൈവശം 23500 രൂപയും ഉണ്ടായിരുന്നു.
ഓരോ തവണ കവർച്ച കേസിൽ ജയിലിലാകുമ്പോഴും അവിടെവെച്ച് മിടുക്കനായ മോഷ്ടാവിനെ പരിചയപ്പെടുകയും പിന്നീട് പുറത്തിറങ്ങുമ്പോൾ മോഷണത്തിന് അയാളെ കൂടി ഒപ്പം കൂട്ടുന്നതാണ് കാവനാട് ശശിയുടെ രീതി. അവസാനമായി ജയിലിൽവെച്ച് പരിചയപ്പെട്ട ആലപ്പുഴ സ്വദേശി ഉണ്ണിയുമായി ചേർന്ന് ശശി ആറു മോഷണങ്ങളാണ് നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.